ലോക ജനതയെ നടുക്കിയ അണുബോംബ് ആക്രമണത്തിന്റെ 75ാം വര്‍ഷം

ഇന്ന് ഹിരോഷിമ ദിനം. 75 വര്‍ഷം മുമ്പ് രണ്ടാം ലോകയുദ്ധത്തില്‍ ജപ്പാനെ നശിപ്പിച്ച് അമേരിക്ക അണുബോംബ് വര്‍ഷിച്ചതിന്റെ ഓര്‍മദിനമാണ് ഇന്ന്. അണുവായുധമുണ്ടാക്കുന്ന വിപത്ത് എത്രമാത്രം വിനാശകരമാണെന്നതിന്റെ സാക്ഷ്യമാണ് ഹിരോഷിമ ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 1945 ഓഗസ്റ്റ് ആറിന് രാവിലെ എട്ടേകാലിന് ജപ്പാനിലെ ഹിരോഷിമ നഗരത്തില്‍ അമേരിക്ക ലിറ്റില്‍ ബോയ് എന്ന അണുബോംബ് വര്‍ഷിച്ചപ്പോള്‍ ഛിന്നഭിന്നമായത് ഒന്നരലക്ഷത്തോളം മനുഷ്യജീവനുകളാണ്. അണുവികിരണം ഏല്‍പ്പിച്ച ആഘാതം പിന്നെയും തലമുറകളിലേക്ക് നീണ്ടു.
ലിറ്റില്‍ ബോയിയുടെ പ്രഹരത്തില്‍ ഹിരോഷിമ ഏതാണ്ട് പൂര്‍ണമായും തകര്‍ന്നടിഞ്ഞു. സ്ഫോടനത്തിനുശേഷം ബാക്കിയായ നഗരത്തിലെ ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന് ഹാള്‍ ഇന്ന് ലോക പൈതൃക കേന്ദ്രമാണ്. ഹിരോഷിമാ പീസ് മെമ്മോറിയല്‍ എന്ന പേരില്‍ സംരക്ഷിക്കപ്പെടുന്ന ആ ഇരുമ്പ് മകുടത്തിന് കീഴില്‍ എല്ലാ വര്‍ഷവും ആഗസ്ത് ആറിന് ജപ്പാന്റെ മനസ് ഒന്നിച്ചു കൂടും. ലോക രാഷ്ട്രങ്ങളില്‍ നിന്നുള്ള വിശിഷ്ടാതിഥികളും അവര്‍ക്കൊപ്പം പങ്കു ചേരും. ഇനിയൊരു ലോകയുദ്ധം ഉണ്ടാകരുതെന്ന പ്രാര്‍ത്ഥനയോടെ അവര്‍ പീസ് മെമ്മോറിയലില്‍ തല കുനിച്ചു നില്ക്കും. ഹിരോഷിമ ജപ്പാന്റെ മാത്രം ഓര്‍മയല്ല, ലോകത്തിന്റെ മുഴുവന്‍ ഓര്‍മയാണ്. പരസ്പരം യുദ്ധം ചെയ്യുന്ന രാജ്യങ്ങള്‍, നിരന്തരം അരങ്ങേറുന്ന ഭീകരാക്രമണങ്ങള്‍.. നിശബ്ദമായ ലോകയുദ്ധത്തിന്റെ പശ്ചത്തലത്തിലാണ് പുതിയൊരു ഹിരോഷിമ ദിനവും കടന്നുപോവുന്നത്.