Election 2021Top NewsTrending

വടക്കുംനാഥന്റെ പടച്ചോർ കഴിച്ചു വളർന്ന കമ്മ്യൂണിസ്റ്റ് പാർട്ടി; ഇത് ആചാര സംരക്ഷണം പറഞ്ഞ് ആക്രമിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ചരിത്രം

രൺദീപ്

തൃശ്ശൂർ: ശബരിമല ആചാര സംരക്ഷണം പ്രചരണ വിഷയമാക്കി ബിജെപിയും കോൺ​ഗ്രസും ഇടത് മുന്നണിയെ കടന്നാക്രമിക്കുമ്പോൾ തൃശ്ശൂർ വടക്കുംനാഥന്റെ പടച്ചോർ കഴിച്ച് വളർ‌ന്ന കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് എങ്ങനെ തോൽക്കാനാകും എന്ന ചോദ്യമാണ് തൃശ്ശൂരിലെ പഴമക്കാർ ചോദിക്കുന്നത്. ചോദ്യത്തിൽ കുറച്ച് അതിശയോക്തി തോന്നുമെങ്കിലും സം​ഗതി സത്യമെന്ന് ചരിത്രം പറയുന്നു. തൃശ്ശൂർ വടക്കുംനാഥന്റെ നിവേദ്യമായ പടച്ചോർ കഴിച്ചാണ് തൃശ്ശൂർ ജില്ലയിലെ കമ്മ്യൂണിസ്റ്റുകാർ ജില്ലയിൽ പാർട്ടി കെട്ടിപ്പടുത്തത്. ക്ഷേത്രത്തിൽ നിന്നും അടുത്തുള്ള നമ്പൂതിരിമാർ ആരെങ്കിലും കമ്മ്യൂണിസ്റ്റുകാർക്ക് അവകാശപ്പെട്ട പടച്ചോർ പാർട്ടിയാപ്പീസിൽ എത്തിച്ച് കൊടുക്കുമായിരുന്നത്രെ.

തൊള്ളായിരത്തി നാൽപ്പതുകളുടെ തുടക്കത്തോടെയാണ് വടക്കുംനാഥന്റെ പടച്ചോർ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫീസിൽ എത്തിത്തുടങ്ങിയത്. കേരളത്തിൽ അന്ന് സിപിഐ പ്രവർത്തനം ആരംഭിച്ചിട്ടേയുള്ളൂ. പാർട്ടി പ്രവർത്തനം വളരെ ദുഷ്കരവും സാമ്പത്തിക വെല്ലുവിളി നിറഞ്ഞതുമായ ആ കാലഘട്ടത്തിലാണ് ചെമ്പോട്ടിൽ തറവാടിന്റെ അവകാശമായിരുന്ന ഇടങ്ങഴി പടച്ചോറ് കമ്മ്യൂണിസ്റ്റുകാർക്ക് പശിയടക്കാൻ എത്തിതുടങ്ങിയത്. വറുതിയുടെ ആ കാലത്ത് വടക്കുംനാഥ ക്ഷേത്രത്തിലെ പടച്ചോറിന്റെ അവകാശികൾ സ്ഥലത്തെ പ്രമാണി കുടുംബങ്ങൾക്കായിരുന്നു. അതിൽ ഇടങ്ങഴി ചോറ് കിട്ടേണ്ടിയിരുന്നത് ചെമ്പോട്ടിൽ തറവാടിനും. എന്നാൽ ചെമ്പോട്ടിൽ തറവാട്ടിലെ ഇളമുറക്കാരനായിരുന്ന സി ജനാർദ്ദനൻ കമ്മ്യൂണിസ്റ്റുകാരനായോതടെ പാർട്ടി സഖാക്കളുടെ വിശപ്പടക്കാൻ പടച്ചോറ് പാർട്ടി ഓഫീസിലേക്കെത്തിക്കാൻ ഏർപ്പാട് ചെയ്യുകയായിരുന്നു.

പടച്ചോറ് പാർട്ടിയാപ്പിസിൽ എത്താൻ മറ്റൊരു പ്രധാന തടസ്സം അപ്പോൾ ഉയർന്ന് വന്നു. പടച്ചോറ്‍ ക്ഷേത്രത്തിൽ നിന്നും വാങ്ങണമെങ്കിൽ ബ്രാഹ്മണൻ വേണം. അതിന് സമീപത്തുള്ള ബ്രാഹ്മണരെ ഏർപ്പാടാക്കും. പത്ത് പേർക്ക് കഴിക്കാനുള്ള ചോറുണ്ടാകും എന്ന് പഴയകാല പ്രവർത്തകർ ഓർമ്മിക്കുന്നു. ചിലപ്പോൾ അത് കഴിക്കാൻ ഇരുപത് പേർ വരെ കാണും. പലപ്പോഴും ഒരുരുള ചോറ് കഴിച്ച് വിശപ്പടക്കിയിരുന്ന കാര്യം അന്നത്തെ പല കമ്മ്യൂണിസ്റ്റ് നേതാക്കളും തങ്ങളുടെ ആത്മകഥകളിൽ വിവരിച്ചിട്ടുണ്ട്.

പടച്ചോർ കഴിച്ചുള്ള ജീവിതനാളുകളെ കുറിച്ചും പടച്ചോർ മുടങ്ങാതെ സിപിഐ ഓഫീസുകളിൽ1940-50കാലങ്ങൾക്കിടയിൽ എത്താൻ ഉണ്ടായ ചരിത്രത്തെ കുറിച്ചും ഹൃദയസ്പർശിയായും, വളരെ വിശദമായും തന്റെ ആത്മകഥയിൽ എഴുതിയിരിക്കുന്നത് ഇന്ത്യയിൽ പ്രായപൂർത്തി വോട്ടവകാശം കിട്ടിയതിനു ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിലെ രാജ്യത്തെ ആദ്യത്തെ സിപിഐ എംഎൽഎയായ ഇ ഗോപാലകൃഷ്ണ മേനോനാണ്.

അദ്ദേഹത്തിന്റെ ഓർമ്മകൾ ചുവടെ ചേർക്കുന്നു.

വടക്കുംനാഥനിലെ നിവേദ്യച്ചോറ്

അക്കാലത്തെ പാർട്ടി ജീവിതത്തിൽ സി. ജനാർദ്ദനന്റെ കുടുംബത്തിന് വടക്കുംനാഥനിൽ നിന്ന് കിട്ടുന്ന പടച്ചോറ് വലിയ സഹായമായതിനെ കുറിച്ച് പല കമ്മ്യൂണിസ്റ്റ്‌ നേതാക്കളും എഴുതിയിട്ടുണ്ട്. സ: ഇ. ഗോപാലകൃഷ്ണമേനോന്റെ ആത്മകഥയിൽ ഇതിനെക്കുറിച്ച് ഹൃദയസ്പൃക്കായി എഴുതിയിട്ടുണ്ട്.

‘മാസത്തിലൊരിക്കൽ തൃശ്ശൂർക്ക് ഒരു യാത്രയുണ്ട്. പ്രവർത്തനവിവരങ്ങൾ കേന്ദ്രത്തിൽ റിപ്പോർട്ട്‌ ചെയ്യാൻ. അന്ന് തൃശൂർ പടിഞ്ഞാറെ നടക്കാവിൽ പാർട്ടിക്കൊരു ലോഡ്ജ് ഉണ്ട്. ബ്രഹ്മസ്വം മഠത്തിൽ നിന്ന് സൗജന്യമായി രണ്ടു നേരവും ലഭിക്കുന്ന ഭക്ഷണം കഴിച്ച് തൃശൂർ പട്ടണത്തിൽ സ്കൂളിലും കോളേജിലും പഠിക്കുന്ന പാർട്ടി അനുഭാവികളായ ഏതാനും നമ്പൂതിരി വിദ്യാർത്ഥികളും ആ ലോഡ്ജിൽ തമാശക്കാരാണ്. പാർട്ടി ആഫീസിൽ മിക്കപ്പോഴും കാശുണ്ടാവില്ല. അതു കൊണ്ട് കേന്ദ്രത്തിൽ താമസിച്ചു പ്രവർത്തിക്കുന്ന സഖാക്കൾ പലപ്പോഴും പട്ടിണിയിലാണ്.ആ വിഷമവസ്ഥയിൽ അല്പം ആശ്വാസമായിത്തീർന്നത് സ :ജനാർദ്ദനന്റെ വീട്ടുകാർക്ക് നിത്യവും വടക്കുംനാഥക്ഷേത്രത്തിൽ അവകാശമുണ്ടായിരുന്ന ഇടങ്ങഴി നിവേദ്യച്ചോറ് അവർ പാർട്ടിക്ക് ദയാ പൂർവ്വം സംഭവനയായി നൽകിയതാണ്. ഉച്ചക്ക് മുമ്പായി ഏതെങ്കിലും നമ്പൂതിരിക്കുട്ടി പോയി ആ ചോറു വാങ്ങി പാർട്ടി ലോഡ്ജിൽ കൊണ്ട് വരും. ദേവകി ഡയറിയിൽ നിന്ന് ഒരണക്കു മോര്, മൂന്ന് പൈസക്ക് പച്ചമുളകും ഉപ്പും ആരെങ്കിലും വാങ്ങി കൊണ്ടുവരും. ആ ചോറ് ആഫീസിൽ സ്ഥിരം ഉള്ളവരും മറ്റു പ്രദേശങ്ങളിൽ നിന്ന് അപ്പോൾ എത്തിച്ചേരുന്നവരും ചേർന്ന് പങ്കിട്ട് കഴിക്കും.ആളുകൾ കൂടുതൽ ഉള്ള ദിവസം ഓരോരുത്തർക്കും ഓരോ ചെറിയ ഉരുളയായിരിക്കും ലഭിക്കുക.’

ഇപ്രകാരം നിവേദ്യച്ചോറ് കിട്ടുന്നതിന് പുറകിലൊരു ചരിത്രമുണ്ട്.ഇക്കാലത്ത് വടക്കുംനാഥാനിൽ നിത്യനിവേദ്യം പതിനെട്ടര ഇടങ്ങഴി അരിയാണ്. എന്നാൽ 1970ൽ ഭൂപരിഷ്കരണ നിയമം വരുന്നതിന് മുമ്പ് വടക്കുംനാഥക്ഷേത്രത്തിൽ നിത്യനിവേദ്യം പതിനെട്ടര പറ ഉണക്കലരിച്ചോറാണ്. അക്കാലത്ത് ക്ഷേത്രത്തിൽ അത്രമാത്രം നെല്ല് പാട്ടമായി പിരിഞ്ഞുകിട്ടിയിരുന്നു.ക്ഷേത്രത്തിലെ തന്ത്രി, ഊരാളർ, ഒത്തന്മാർ,മേൽശാന്തി, കീഴ്‌ശാന്തിക്കാർ,കഴകക്കാർ, അടിയന്തിരക്കാർ,പാരമ്പര്യക്കാർ,ക്ഷേത്രം ജീവനക്കാർ, അടിച്ചുതളി തുടങ്ങി അനവധി ആളുകളും കുടുംബങ്ങളും ഈ ഭക്ഷണത്തെ ആശ്രയിച്ചാണ് ജീവിച്ചിരുന്നത്.ഇവർക്ക് പുറമെ ക്ഷേത്രത്തിന് ചുറ്റുമുള്ള, അമ്പലവുമായി ബന്ധപ്പെട്ട ഏതാനും പ്രമുഖ നായർ കുടുംബങ്ങൾക്കും ക്ഷേത്രത്തിൽ ചില അവകാശകങ്ങൾ ഉണ്ടായിരുന്നു.ഇപ്പോൾ എലൈറ്റ് ഹോട്ടൽ നിൽക്കുന്നിടത്താണ് സി ജനാർദ്ദനന്റെ അമ്മ വീടായ ചെമ്പോട്ടിൽ തറവാട് സ്ഥിതി ചെയ്യ്തിരുന്നത്. വടക്കുനാഥക്ഷേത്രത്തിലേക്കുള്ള നിത്യ നിദാനത്തിനാവശ്യമായ ചെമ്പ്, ഓട് എന്നീ പാത്രങ്ങൾ എത്തിച്ചുകൊടുക്കുന്നതിന്റെയും സൂക്ഷിപ്പിന്റെയും, ശ്രീകോവിൽ ചെമ്പോല പൊതിയുന്നതിന്റെയും ചുമതല ചെമ്പോട്ടിൽ വീട്ടുകാർ പൂർവികമായി ചെയ്തുവരുന്ന ജോലിയാണ്.ക്ഷേത്രത്തിലേക്കുള്ള ചെമ്പ്, ഓട് പാത്രങ്ങൾ,പൂപാലിക എന്നിവയുടെ സൂക്ഷിപ്പു ചുമതല ഉണ്ടായിരുന്നത് കൊണ്ടാണ് ആ വീട്ടുകാർക്ക് ‘ചെമ്പോട്ടിൽ ‘ എന്ന കുടുംബപ്പേരുണ്ടായത് എന്നാണ് പഴമക്കാർ പറയുന്നത്.അങ്ങിനെയാണ് ചെമ്പോട്ടിൽ വീട്ടുകാർക്ക് വടക്കുംനാഥക്ഷേത്രത്തിൽ നിന്ന് എന്നും ഉച്ചക്ക് ഇടങ്ങഴി നിവേദ്യച്ചോറിന്റെ അവകാശം ലഭിക്കുന്നത്. ചെമ്പോട്ടിൽ കുടുംബത്തിൽ അക്കാലത്ത് ആരും താമസക്കാരായി ഇല്ലാത്തതുകൊണ്ടും സി. ജനാർദ്ദനൻ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ മുഴുവൻ സമയ പ്രവർത്തകൻ ആയതുകൊണ്ടും ആ വീട്ടുകാർ നിവേദ്യച്ചോറിന്റെ അവകാശം കമ്മ്യൂണിസ്റ്റ്‌ പാർട്ടി പ്രവർത്തകർക്ക് വിശപ്പടക്കാനായി നൽകുകയാണ് ചെയ്തത്.

സി ജനാർദ്ദനൻ പാർട്ടിയുടെ ഏറ്റവും കരുത്തരായ നേതാക്കളിൽ ഒരാളായി പിന്നീട് വളർന്നു. സിപിഐ തൃശൂർ ജില്ലാ സെക്രട്ടറിയും പാർലിമെന്റ് അംഗവുമായും അദ്ദേഹം പിന്നീട് പ്രവർത്തിച്ചു. തൃശൂർ ജില്ലയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിൽ വിസ്മരിക്കാനാവാത്തൊരു സ്ഥാനം തന്നെ വടക്കും നാഥന്റെ ഈ പടച്ചോറിനുണ്ട്. പാർട്ടിയെ വളർത്താൻ ആ പ്രവർത്തനനാളുകളിൽ പൂർവികർക്ക് കായികപരമായി കരുത്തു നൽകിയത് ഒരു പരിധി വരെയെങ്കിലും ഒരുപക്ഷെ ഈ പടച്ചോറ് ആയിരുന്നിരിക്കണം.

തൃശ്ശൂരിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫീസിനും ഒരു ചരിത്രം പറയാനുണ്ട്.

1959ൽ തൃശൂർ നഗരത്തിലെ ഒരു പ്രമുഖ തറവാടിന്റെ സ്വത്ത് ഭാഗം വൈപ്പിലുണ്ടായ തർക്കത്തെ തുടർന്ന് സ്വത്ത് വകകൾ ലേലത്തിൽ വയ്ക്കുകയും ആ ലേലത്തിൽ പങ്കെടുത്ത കമ്മ്യൂണിസ്റ്റ് പാർട്ടി വടക്കുംനാഥ ദേവസ്വം വക വെറുമ്പാട്ട അവകാശമുള്ള ഏതാണ്ട് 28സെന്റ് ഭൂമിയോളം അന്ന് സിപിഐ തൃശ്ശിവപേരൂർ ജില്ലാ സെക്രട്ടറിയായിരുന്ന സി ജനാർദ്ദനന്റെ പേരിൽ പാർട്ടി ജില്ലാകമ്മറ്റിക്ക് വേണ്ടി പതിച്ചു വാങ്ങുകയും ചെയ്തു. സംസ്ഥാനത്ത് പാർട്ടിക്ക് ഒരുജില്ലയിലും സ്വന്തമായി ജില്ലാ കമ്മറ്റി ഓഫീസ് ഇല്ലാത്ത, എന്തിന് പാർട്ടി സംസ്ഥാന കമ്മറ്റി ഓഫീസു പോലും സ്വന്തമായുള്ള സ്ഥലത്ത് ഇല്ലാത്ത ആസമയത്താണ് സിപിഐ തൃശൂർ ജില്ലാ ഘടകം അന്നിങ്ങനെയൊരു മിടുക്ക് കാട്ടിയത്.
പാർട്ടി ജില്ലയിൽ പ്രവർത്തിച്ചു തുടങ്ങി ആ സമയം വരേയ്ക്കും തൃശൂർ നഗരത്തിൽ വിവിധയിടങ്ങളിലായി വാടകകളിലും, ലോഡ്ജ് മുറികളിലുമൊക്കെയായിരുന്നു സിപിഐ ഓഫീസ് പ്രവർത്തിച്ചിരുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close