INDIA

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം കനക്കുന്നു,പോലീസ് വെടിവെപ്പില്‍ രണ്ടു മരണം

പൗരത്വബില്ലിനെതിരായ പ്രക്ഷോഭം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കത്തിപ്പടരുകയാണ്. അസമില്‍ പ്രതിഷേധം രക്തരൂഷിതമായി. പ്രതിഷേധക്കാര്‍ക്കുനേരെ പോലീസ് നടത്തിയ വെടിവെപ്പില്‍ തലസ്ഥാനമായ ഗുവാഹാട്ടിയില്‍ രണ്ട് പേര്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. ഗുവാഹാട്ടിയില്‍ വ്യാഴാഴ്ച രാവിലെ കര്‍ഫ്യു ലംഘിച്ച് ആയിരക്കണക്കിനാളുകള്‍ തെരുവിലിറങ്ങി. ഇവരെ പിരിച്ചുവിടാന്‍ ലുവാങ് ഗാവോങ്ങില്‍ പോലീസ് നടത്തിയ വെടിവെപ്പില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. വെടിയേറ്റ് ഗുവാഹാട്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ടുപേരാണ് മരിച്ചത്.അനിശ്ചിതകാല കര്‍ഫ്യൂ നിലനില്‍ക്കുന്ന അസമിലെ 10 ജില്ലയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള വിലക്ക് 48 മണിക്കൂര്‍കൂടി നീട്ടി. അസമിലും അയല്‍സംസ്ഥാനമായ ത്രിപുരയിലും തീവണ്ടി-വിമാന ഗതാഗതം താത്കാലികമായി നിര്‍ത്തി. റോഡുഗതാഗതവും തടസ്സപ്പെട്ടു. ഡിബ്രുഗഢിലെ ചൗബയില്‍ ബി.ജെ.പി. എം.എല്‍.എ. ബിനോദ് ഹസാരികയുടെ വീടിന് പ്രതിഷേധക്കാര്‍ തീവെച്ചു. വണ്ടികളും കത്തിച്ചു. സമാധാനം പുലര്‍ത്തണമെന്ന മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ അഭ്യര്‍ഥന ആരും ചെവിക്കൊണ്ടില്ല. ഗുവാഹാട്ടി പോലീസ് കമ്മിഷണര്‍ ദീപക് ഗുപ്തയെ മാറ്റി മുന്നപ്രസാദ് ഗുപ്തയെ പുതിയ കമ്മിഷണറായി നിയമിച്ചു. എ.ഡി.ജി.പി. (ക്രമസമാധാനപാലനം) മുകേഷ് അഗര്‍വാളിനെ മാറ്റി ജി.പി. സിങ്ങിന് ചുമതല നല്‍കി. ഗുവാഹാട്ടി, തിന്‍സുകിയ, ഡിബ്രുഗഢ്, ജോര്‍ഹാട്ട് എന്നിവിടങ്ങളില്‍ സൈന്യം ഫ്ലാഗ് മാര്‍ച്ച് നടത്തി. സംസ്ഥാനത്തെ പാഠശാലകളൊന്നും തുറന്നില്ല. വിദ്യാര്‍ഥിസംഘടനയായ ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയന്റെയും (ആസു) കര്‍ഷകസംഘടനയായ കൃഷക് മുക്തി സംഗ്രാം സമിതിയുടെയും ആഹ്വാനപ്രകാരം ഗുവാഹാട്ടിയിലെ ലതാഷില്‍ മൈതാനത്ത് ആയിരങ്ങള്‍ ഒത്തുകൂടി.

എല്ലാവര്‍ഷവും ഡിസംബര്‍ 12 കരിദിനമായി ആചരിക്കാന്‍ ആസുവും വടക്കുകിഴക്കന്‍ വിദ്യാര്‍ഥിസംഘടനയും (നെസോ) ആഹ്വാനംചെയ്തു. ബി.ജെ.പി.യുടെയും അസം ഗണപരിഷത്തിന്റെയും നേതാക്കളുടെ വീടുകള്‍ പ്രതിഷേധക്കാര്‍ ആക്രമിച്ചു. ഡിബ്രുഗഢ്, സാദിയ, തേസ്പുര്‍ എന്നിവിടങ്ങളിലെ ആര്‍.എസ്.എസ്. ഓഫീസുകള്‍ക്കുനേരെ ആക്രമണമുണ്ടായെന്ന് സംഘടനാ ഭാരവാഹികള്‍ പറഞ്ഞു. തേസ്പുരിലെ ബി.ജെ.പി. ഓഫീസിനുനേരെയും ആക്രമണമുണ്ടായി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close