KERALANEWS

വധഭീഷണി:കെ എം ഷാജിയ്ക്ക് കനത്ത സുരക്ഷ

കണ്ണൂര്‍: കണ്ണൂരിലെത്തുന്ന വേളയില്‍ കെ എം ഷാജിക്ക് അതീവ സുരക്ഷയൊരുക്കാന്‍ പോലീസ്.അഴീക്കോട് എംഎല്‍എ കെ എം ഷാജിയ്‌ക്കെതിരെ വധഭീഷണിയുയര്‍ന്ന സാഹചര്യം നിലനില്‍ക്കുന്നുവെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. അതുകൊണ്ടു തന്നെ കനത്ത സുരക്ഷയാണ് എംഎല്‍എയ്ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഷാജി താമസിക്കുന്ന ചാലാട് മണലിലെ വീട്ടിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. എംഎല്‍എയെ വധിക്കാന്‍ അധോലോക സംഘം ഗൂഢാലോചന നടത്തിയെന്ന പരാതി ലഭിച്ചതിന് പിന്നാലെ തന്നെ അദ്ദേഹത്തിന്റെ സുരക്ഷ വര്‍ധിപ്പിച്ചത്. ഈ കേസ് തുടക്കം മുതല്‍ തന്നെ ഗൗരവത്തോടെയാണ് പോലീസ് കാണുന്നതെന്നും കണ്ണൂര്‍ ഡിവൈഎസ്പി സദാനദന്റെ നേതൃത്വത്തില്‍ കേസന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അന്വേഷണത്തിന്റെ പുരോഗതി എല്ലാ ദിവസവും താന്‍ നേരിട്ട് വിലയിരുത്തുന്നുണ്ടെന്നും കണ്ണൂര്‍ പോലീസ് മേധാവി യതീഷ് ചന്ദ്ര പറഞ്ഞു.

എംഎല്‍എയെ വധിക്കാനുള്ള പദ്ധതി ചര്‍ച്ച ചെയ്ത വിവാദ ഓഡിയോ ക്ലിപ്പ് ചോര്‍ന്ന് കിട്ടിയ ഇ- മെയിലിനെ സംബന്ധിച്ച് ഗൂഗിളില്‍ നിന്നും വിവരം തേടുമെന്നും എസ്പി വ്യക്തമാക്കി. സംഭവത്തില്‍ പ്രതിയെന്ന് ആരോപിക്കപ്പെടുന്നയാളെ ഇതുവരേയും കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ സാധിച്ചിട്ടില്ല. ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്. എംഎല്‍എയുടെ പരാതിയില്‍ പരമാവധി തെളിവുകള്‍ ശേഖരിച്ചു വരികയാണ് എന്നും യതീഷ് ചന്ദ്ര പറഞ്ഞു.

ഇന്റലിജന്‍സ് നിരീക്ഷണം നിലവില്‍ ശക്തമാക്കിയിട്ടുണ്ട്. വ്യക്തമാക്കാന്‍ പറ്റാത്ത പല കാര്യങ്ങളും ഈ ഘട്ടത്തില്‍ നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യത്തില്‍ എംഎല്‍എയില്‍ നിന്നും പ്രതിയെന്ന് സംശയിക്കുന്നയാളില്‍ നിന്നും വിവരങ്ങള്‍ തേടേണ്ടതുണ്ട്. പ്രതിയായ തേജസിന്റെ പേരില്‍ മറ്റു ക്രിമിനല്‍ കേസുകള്‍ ഉള്ളതായി കണ്ടെത്താനായിട്ടില്ലെന്നും യതീഷ് ചന്ദ്ര വ്യക്തമാക്കി. പാപ്പിനിശേരി വെസ്റ്റ് സ്വദേശിയായ തേജസ് തലശേരി കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയിട്ടുണ്ട്. ജാമ്യ ഹര്‍ജിപരിഗണിച്ചില്ലെങ്കില്‍ മുംബെയിലുള്ള ഇയാള്‍ വളപട്ടണം പോലീസില്‍ കീഴടങ്ങിയേക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close