
കാണ്‍പൂര്‍: ഉത്തര്‍ പ്രദേശ്സര്ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വനിതാ റെസിക്യൂ ഹോമില്‍ 57 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റിന്റെ ഭാഗമായുള്ള പരിശോധനയില്‍ അഞ്ചു പെണ്‍കുട്ടികളെ ഗര്‍ഭിണികളായി കണ്ടെത്തി. ഇതിനെത്തുടര്‍ന്ന് ഞായറാഴ്ച സിപിഎം പോളിറ്റ് ബ്യൂറോ അംഗമായ സുഭാഷിണി അലി കാണ്‍പൂര്‍ എസ്എസ്പി ദിനേഷ്കുമാറിന് പരാതി നല്കി. അന്തേവാസികളില്‍ ഒരാള്‍ക്ക് എച്ച്ഐവി പോസിറ്റീവും ഹെപ്പറ്റൈറ്റിസ് സിയും കണ്ടെത്തിയിരുന്നു എന്നും ശുചിത്വം അവിടുത്തെ ഒരു പ്രധാനപ്രശ്നമാണെന്നും സുഭാഷിണി അലി പറഞ്ഞു. പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ കാണ്‍പൂര്‍ എസ്.പി അനുപമ ഗുപ്തയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ റെസിക്യൂ ഹോമില്‍ കഴിയുമ്പോഴല്ല കുട്ടികള്‍ ഗര്ഭിണികളായതെന്നും പോക്സോ കേസുകളില്‍ പെട്ട കുട്ടികളില്‍ ഗര്‍ഭിണികള്‍ ഉണ്ടായിരുവെന്നുമാണ് സംസ്ഥാന വനിതാ കമ്മീഷന് അംഗമായ പൂനം കപൂറിന്റെ വാദം. രണ്ടു പെണ്‍കുട്ടികള്‍ രോഗബാധിതര്‍ ആയിരുന്നെന്നും ഒരുമിച്ചു കഴിയുന്നതുകൊണ്ട് മറ്റുള്ളവരിലേക്ക് പടര്‍ന്നതാകാമെന്നും പൂനം കൂട്ടിച്ചേര്‍ത്തു.ആദ്യഘട്ടത്തില്‍ 33 പേര്‍ക്കും പിന്നീട് 16പേര്‍ക്കും തുടര്‍ന്ന് ഏഴുപേര്‍ക്കും ടെസ്റ്റുകള്‍ നടത്തി. പോസിറിറീവ് ഫലം വന്നതിനെത്തുടര്‍ന്ന് റെസിക്യൂ ഹോം ശുചിയാക്കുകയും അവിടെ കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഗര്‍ഭിണികളായ രണ്ടു പേരെ എല്‍എല്‍ആര്‍ ആശുപത്രിയിലേക്കും മൂന്നുപേരെ കോവിഡ് ചികിത്സക്കായി രാമ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചുണ്ട്.