KERALANEWS

വയനാട്ടില്‍ പശുക്കളിലും വൈറസ് രോഗം വ്യാപകമാകുന്നു :പ്രതിരോധമരുന്നിന് ക്ഷാമം

കല്‍പ്പറ്റ : മനുഷ്യരില്‍ കൊറോണ വൈറസ് വ്യാപനം തുടരുന്നതിനിടെ വയനാട് ഉള്‍പ്പെടെ സംസ്ഥാനത്ത് പലയിടങ്ങളിലും പശുക്കളില്‍ വൈറസ് രോഗം പടരുന്നു.പാലക്കാട് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത ലംബി സ്‌കിന്‍ ഡിസീസ് അഥവാ എല്‍ .എസ്. ഡി. വൈറസ് രോഗബാധ ആണ് ഇപ്പോള്‍ വയനാട്ടിലും ഭീഷണിയായിരിക്കുന്നത്.

വാളാടുംഅമ്പലവയലിലും വരദൂരിലും ഈ രോഗം കണ്ടെത്തുകയും നിയന്ത്രണ വിധേയമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ കഴിഞ്ഞ ഒരാഴ്ചയായി വെള്ളമുണ്ട പഞ്ചായത്തിലാണ് വീണ്ടും രോഗം എത്തിയിട്ടുള്ളത്.
പ്രതിരോധ മരുന്നു വിതരണത്തിനുള്ള വാക്‌സിന്‍ ആയ ഗോട്ട് പോക്‌സ് കിട്ടാനില്ലാത്തതിനാല്‍ ക്ഷീര കര്‍ഷകര്‍ ആശങ്കയിലാണ്.

പുറത്തു നിന്നും കൊണ്ടുവരുന്ന കാലികളിലൂടെയാണ് രോഗം കേരളത്തില്‍ എത്തുന്നത്. ഈച്ചകളിലൂടെ ആണ് രോഗം കൂടുതലായി പകരുന്നത്.പാല്‍ ഉല്‍പാദനം കുറയുകയും കൈകാലുകള്‍ക്ക് ബലക്ഷയം ഉണ്ടാവുകയും ചിലപ്പോള്‍ അംഗ വൈകല്യം സംഭവിക്കുകയും ചെയ്യും.രോഗാവസ്ഥ രൂക്ഷമായാല്‍ ഗര്‍ഭം അലസി പോകാനും സാധ്യതയുണ്ട്. മരണം അപൂര്‍വ്വമായി മാത്രമേ സംഭവിക്കാറുള്ളൂ എങ്കിലും ക്ഷീര മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ് ഈ വൈറസ് ബാധ.

ചെറുകരയില്‍ ഇടിച്ചില്‍ ജാനകിയുടെ വീട്ടില്‍ 6 കാലികള്‍ക്കാണ് വൈറസ് ബാധ ഉണ്ടായിട്ടുള്ളത്.ഈ മാസം പതിനൊന്നാം തീയതിയാണ് ഒരു പശുവില്‍ ആദ്യമായി രോഗബാധ കണ്ടെത്തിയത്. തുടര്‍ന്നു മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും വെറ്ററിനറി ഡോക്ടര്‍മാര്‍ എത്തി സാമ്പിള്‍ പരിശോധനയ്ക്ക് എടുക്കുകയും തിരുവനന്തപുരത്തെ ലബോറട്ടറിയിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.
പലപ്പോഴും വിദഗ്ധ പരിശോധനയ്ക്കായി ലാബിലേക്ക് സാമ്പിളുകള്‍ അയക്കാറുണ്ട്.

2017 -18 വര്‍ഷത്തില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പാല്‍ ലഭിച്ച കര്‍ഷകക്കുള്ള പുരസ്‌കാരം നേടിയ ക്ഷീര കര്‍ഷകയാണ് ജാനകി . മകന്‍ സുരേഷും ഭാര്യയും രണ്ടു മക്കളും ജാനകിയുടെ അമ്മയും ഉള്‍പ്പെടുന്ന കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗ്ഗമായിരുന്നു ഈ പശുക്കള്‍ . 48 ലിറ്റര്‍ പാല്‍ പ്രതിദിനം വില്‍പ്പന നടത്തിക്കൊണ്ടിരിക്കെയാണ് വൈറസ് ബാധ ഉണ്ടായത്. ഒരാഴ്ചയായി പൂര്‍ണ്ണമായും വരുമാനം നിലച്ചതായി സുരേഷ് പറഞ്ഞു. അഖില്‍ ആണ് ആദ്യം കുരുക്കള്‍ പോലെ ചില മുഴകള്‍ പ്രത്യക്ഷപ്പെട്ടത്.പിന്നീട് പശുക്കളുടെ ശരീരം മുഴുവന്‍ മുഴകള്‍ പ്രത്യക്ഷപ്പെടുകയും ഇപ്പോഴത്തെ വ്രണമായി മാറുകയും ചെയ്തിട്ടുണ്ട്.

രോഗബാധ റിപ്പോര്‍ട്ട് ചെയ്ത പല ജില്ലകളിലും 40 ശതമാനം വരെ പാല്‍ ഉല്‍പാദനം കുറഞ്ഞിട്ടുണ്ട്.

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന മൃഗങ്ങളെ വാക്‌സിനേഷന് വിധേയമാക്കുകയും 15 ദിവസത്തേക്ക് എങ്കിലും നിരീക്ഷണത്തില്‍ പാര്‍പ്പിക്കുകയും ചെയ്യുക എന്നതാണ് ഇതിനുള്ള പോംവഴിയെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോക്ടര്‍ പ്രദീപ് കുമാര്‍ പറഞ്ഞു.

ഇതിനുമുമ്പ് വയനാട്ടില്‍ വൈറസ് ബാധ കണ്ടെത്തിയപ്പോള്‍ മറ്റുജില്ലകളില്‍ ആവശ്യം കഴിഞ്ഞ് ബാക്കിവന്ന മരുന്നുകള്‍ എത്തിച്ചാണ് പ്രതിരോധകുത്തിവെപ്പുകള്‍ എടുത്തത്. കേരളത്തിന് പുറത്തുനിന്നാണ് മരുന്ന് കൊണ്ടുവരേണ്ടത് .നിര്‍മ്മിച്ച വാക്‌സിന്‍ അധികകാലം സൂക്ഷിക്കാന്‍ കഴിയാത്തതിനാല്‍ ആവശ്യമനുസരിച്ച് മാത്രമേ നിര്‍മ്മാണം നടക്കുന്നുള്ളൂ.

സാധാരണയായി ഇത്തരം രോഗം ഉണ്ടായാല്‍ ഒരു കിലോമീറ്റര്‍ പരിധിക്കുള്ളില്‍ ഉള്ള മൃഗങ്ങള്‍ക്ക് വാക്‌സിനേഷന്‍ നല്‍കാറില്ല. ഒരു കിലോമീറ്ററിന് പുറത്ത് 5 കിലോമീറ്റര്‍ വരെ ചുറ്റളവിലുള്ള കന്നുകാലികള്‍ക്കാണ് പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യുന്നത്. അടിയന്തരമായി വയനാട്ടിലേക്ക് 5000 ഡോസ് മരുന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വയനാട് ജില്ല ജന്തുരോഗ നിവാരണ വിഭാഗം ചീഫ് വെറ്റിനറി ഓഫീസര്‍ ഡോക്ടര്‍ സുധീര്‍കുമാര്‍ പറഞ്ഞു. ഈച്ചകളിലൂടെ രോഗം പടരുന്നതിനാല്‍ ഈച്ചകളെ നിയന്ത്രിക്കാനുള്ള മരുന്നു പ്രയോഗവും പ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്തേണ്ടതുണ്ട് .മൃഗസംരക്ഷണ വകുപ്പ്, ജില്ലാ ജന്തുരോഗ നിവാരണ വിഭാഗം , തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ,ക്ഷീരകര്‍ഷകര്‍ എന്നിവരുടെ സഹകരണത്തോടെയാണ് ഇത് നടത്താന്‍ സാധിക്കുക.

ആന്ധ്രയില്‍ നിന്നും മറ്റും കാലികളെ കൊണ്ടുവരുന്നതാണ് രോഗവ്യാപനത്തിന് പ്രധാനകാരണമെന്നാണ് വിലയിരുത്തുന്നത്.
ഒരു സ്ഥലത്ത് രോഗബാധയുണ്ടായാല്‍ 30 കിലോമീറ്റര്‍ അകലെ വരെയുള്ള കാലികള്‍ക്ക് രോഗബാധ ഉണ്ടാവാന്‍ സാധ്യതയുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close