KERALANEWS

വയനാട് പോലീസ് ഇപ്പോള്‍ ഹീറോ; രണ്ടു വര്‍ഷം മുന്‍പ് കാണാതായ മകനെ ദമ്പതികള്‍ക്ക് തിരിച്ചുനല്‍കി

കല്‍പ്പറ്റ: തമിഴ്നാട്ടിലെ നീലഗിരിയില്‍ നിന്നും കാണാതായ യുവാവിനെ രണ്ട് വര്‍ഷത്തിന് ശേഷം കണ്ടെത്തി വീട്ടുകാരെയേല്‍പ്പിച്ച് വയനാട് പോലീസ് വീണ്ടും ഹീറോ ആയിരിക്കുകയാണ്. നീലഗിരി ജില്ലയിലെ മസിനഗുഡി പഞ്ചായത്ത്, ബൊക്കാപുരം കുറുമര്‍പള്ളം കോളനിയില്‍ നിന്നും രണ്ടു വര്‍ഷം മുമ്പ് കാണാതായ യുവാവിനെയാണ് വയനാട് പോലീസ് കണ്ടെത്തി വീട്ടുകാരെ ഏല്‍പ്പിച്ചത്.

വയനാട്ടിലെ മാനന്തവാടി, കമ്പളക്കാട് എന്നി ഭാഗങ്ങളില്‍ അല്‍പം മാനസികവൈകല്യമുള്ള ഒരു യുവാവ് രാത്രിയിലും പകലും സഞ്ചരിക്കുന്നത് നാട്ടുകാര്‍ കാണുകയും അവര്‍ പോലീസിനെ ഏല്‍പ്പിക്കുകയുമായിരുന്നു. എന്നാല്‍ യുവാവിനോട് പേരും നാടും ചോദിച്ചെങ്കിലും കൃത്യമായി ഉത്തരം ലഭിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് പൊലീസുകാര്‍ സ്വന്തം നാട് പേപ്പറില്‍ എഴുതാന്‍ യുവാവിനോട് ആവശ്യപ്പെടുകയായിരുന്നു. അങ്ങനെയാണ് യുവാവ് പേപ്പറില്‍ മസിനഗുഡി എന്നെഴുതുന്നത്. ഇതോടെ വയനാട് പോലീസ് ഊട്ടി ജില്ലാ പോലീസ് ഓഫീസിലേക്ക് യുവാവിനെപ്പറ്റിയുള്ള വിവരം കൈമാറുകയായിരുന്നു. തുടര്‍ന്ന് ഊട്ടി പോലീസ് നടത്തിയ അന്വേഷണത്തില്‍ മസിനഗുഡി ബൊക്കപുരത്ത് രണ്ടുവര്‍ഷം മുമ്പ് നടന്ന ഉത്സവത്തില്‍ ഒരു യുവാവിനെ കാണാതായതായി കണ്ടെത്തി.

മസിനഗുഡി കുറുമര്‍പ്പളളം സ്വദേശി മാധവന്‍-പൂട്ടി ദമ്പതികളുടെ മകന്‍, മുരുകനെയാണ് രണ്ടു വര്‍ഷം മുമ്പ് കാണാതായത്. നീലഗിരിയിലും മറ്റും മകനായി അന്വേഷണം നടത്തിയെങ്കിലും ആ ദമ്പതികള്‍ക്ക് അവനെ കണ്ടെത്താനായില്ല. ഇനി മകനെ കിട്ടില്ലെന്ന് കരുതിവിഷമിച്ചിരിക്കുന്ന ഘട്ടത്തിലാണ് വയനാട് പോലീസിന്റെ പക്കല്‍ മകന്‍ സുരക്ഷിതനായിരിക്കുന്നുവെന്ന വാര്‍ത്ത കുടുംബം അറിയുന്നത്. വിവരം അറിഞ്ഞതിന് പിന്നാലെ മാധവനും, ഭാര്യ പൂട്ടിയും വയനാട്ടിലെത്തി പോലീസില്‍ നിന്നും മകനെ ഏറ്റെടുത്തു.പോലീസ് ഉദ്യോഗസ്ഥര്‍ ഇവര്‍ക്ക് വേണ്ട ഭക്ഷണം, വസ്ത്രം, സഞ്ചരിക്കാനുള്ള വാഹനം എന്നീ സഹായങ്ങളും ചെയ്തുകൊടുത്തു. മാധവനും പൂട്ടിയും മുരുകനും ഏറെ സന്തോഷത്തിലാണ് തിരികെ മടങ്ങിയത് . വിവരമറിഞ്ഞ് വയനാട് പോലീസിനെ അഭിനന്ദിക്കുകയാണ് മറ്റുള്ളവര്‍.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close