
വയനാട്: മഴക്കെടുതിയില്‍ വിറങ്ങലിച്ച് മലയോര ജില്ലകള്‍. വയനാട്, ഇടുക്കി ജില്ലകളില്‍ അതിതീവ്ര മഴയും ഉരുള്‍പ്പൊട്ടല്‍ ഭീഷണിയും. രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് റിപ്പോര്‍ട്ട്. മലയോര മേഖലകളില്‍ അതീവ ജാഗ്രത വേണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കുന്നു.ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമാണ് വയനാട് മുണ്ടക്കൈ മേഖലയില്‍ സ്ഥിതി ഗുരുതരമാക്കിയത്. മുണ്ടക്കൈ മേഖലയില്‍ നിന്നു പുറത്തേക്ക് കടക്കാനുള്ള പാലം പൂര്‍ണമായും തകര്‍ന്നു. മുണ്ടക്കൈ പുഞ്ചിരിമട്ടം വനമേഖലയിലാണ് അതിതീവ്ര മഴ ലഭിച്ചത്. 24 മണിക്കൂറിനിടെ ഏകദേശം 1,500 മില്ലിമീറ്റര്‍ മഴ ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്. ഗുരുതര സാഹചര്യം കണക്കിലെടുത്ത് മുണ്ടക്കൈ മേഖലയില്‍ നിന്നുള്ളവരെ നേരത്തെ തന്നെ മാറ്റിപാര്‍പ്പിച്ചിരുന്നു. അതുകൊണ്ട് വന്‍ദുരന്തം ഒഴിവായി. ചില ഒറ്റപ്പെട്ട വീടുകളില്‍ നിന്നുള്ളവരെ മാറ്റിപാര്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ തീവ്രമായി നടക്കുന്നു. പാലം തകരുകയും ഉരുള്‍പൊട്ടലുണ്ടാകുകയും ചെയ്തെങ്കിലും ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്. ദേശീയ ദുരന്ത നിവാരണ അതോറിറ്റി സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
അതേസമയം, ഇടുക്കി രാജമലയിലെ പെട്ടിമുടി എസ്റ്റേറ്റ് ലയത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് നാലുപേര്‍ മരിച്ചു. എണ്‍പതിലധികം പേരാണ് ഇവിടെ താമസിക്കുന്നത്. നിരവധി പേര് കുടുങ്ങിയതായാണ് സൂചന. മരണസംഖ്യ ഉയരാനും സാധ്യതയുണ്ട്. വിവിധ ലയങ്ങളിലായി 83 പേരാണ് ഇവിടെ താമസിച്ചിരുന്നത്. ഇതില്‍ 67 പേര് മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നുവെന്നുമാണ് സൂചന. മണ്ണിനടിയില്‍നിന്ന് രക്ഷപ്പെടുത്തിയ മൂന്ന് സ്ത്രീകളെയും ഒരു പുരുഷനെയും മൂന്നാര്‍ കണ്ണന് ദേവന് ആശുപത്രിയില്‍ എത്തിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് രാജമല മേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായത്. ഇതിനെ തുടര്‍ന്ന് പെട്ടിമുടി തോട്ടംമേഖലയില്‍ വലിയ മണ്ണിടിച്ചിലുണ്ടാവുകയായിരുന്നു.