SPORTS

വരുണ്‍ വേട്ടയില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ കൊല്‍ക്കത്തക്ക് വിജയം

ദുബായ്‌:പോയിന്‍റ് പട്ടികയില്‍ രണ്ടാമതാണെങ്കിലും വിജയവഴിയില്‍ തിരിച്ചെത്താന്‍ കൊതിച്ച് കളത്തിലിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സിന് വീണ്ടും കണക്കുകൂട്ടലുകള്‍ പിഴച്ചു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഡല്‍ഹിക്ക് 59 റണ്‍സിന്‍റെ തോല്‍വി.

ടോസ് നേടിയിട്ടും ഡല്‍ഹി തിരഞ്ഞെടുത്തതു ഫീല്‍ഡിങ്. കൊല്‍ക്കത്തയുടെ മൂന്നു മുന്‍നിര വിക്കറ്റുകള്‍ അനായാസം എറിഞ്ഞിട്ടപ്പോള്‍ വരെ ഡല്‍ഹിയുടെ പ്രതീക്ഷകള്‍ കൃത്യമായിരുന്നു. 42 റണ്‍സ് സ്കോര്‍ ബോര്‍ഡില്‍ കുറിക്കുമ്പോഴേക്കും കൊല്‍ക്കത്തയുടെ ശുബ്മാന്‍ ഗില്‍, രാഹുല്‍ ത്രിപാഠി, ദിനേശ് കാര്‍ത്തിക് എന്നിവര്‍ കളംവിട്ടിരുന്നു. എന്നാല്‍ പിന്നീടങ്ങോട്ട് ഡല്‍ഹിയുടെ ബോളിങ് തന്ത്രങ്ങളൊന്നും ഏശാതെയായി. നിതീഷ് റാണയെ കൂട്ടുപിടിച്ച് സുനില്‍ നരെയ്ന്‍ ബാറ്റിങ് താണ്ഡവം തുടങ്ങിയതോടെ കൊല്‍ക്കത്തയുടെ സ്കോര്‍ ബോര്‍ഡിന്‍റെ വേഗത ടോപ് ഗിയറില്‍. ഒടുവില്‍ റബാദ ഇവരുടെ കൂട്ടുകെട്ട് പൊളിക്കുമ്പോഴേക്കും കൊല്‍ക്കത്തയുടെ സ്കോര്‍ 150 പിന്നിട്ടിരുന്നു. 32 പന്തില്‍ 64 റണ്‍സുമായി നരെയ്ന്‍ റബാദക്ക് കീഴടങ്ങിയെങ്കിലും റാണ ഡല്‍ഹിക്ക് മേല്‍ വീണ്ടും പ്രഹരമേല്‍പ്പിച്ചുകൊണ്ടിരുന്നു. അവസാന ഓവറിലെ അഞ്ചാമത്തെ പന്തില്‍ റാണ വിക്കറ്റ് നഷ്ടപ്പെടുത്തി ബൌണ്ടറി കടക്കുമ്പോള്‍ സ്കോര്‍ 194. 53 പന്തില്‍ നിന്ന് 13 ബൌണ്ടറികളുടെയും ഒരു സിക്സറിന്‍റെയും അകമ്പടിയോടെ റാണ അടിച്ചെടുത്തത് 81 റണ്‍സ്. ഒടുവില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത, ഡല്‍ഹിക്ക് മുന്നില്‍ ഉയര്‍ത്തിയത് 195 റണ്‍സിന്‍റെ വിജയലക്ഷ്യമായിരുന്നു.

മറുപടി ബാറ്റിങിനിറങ്ങിയ ഡല്‍ഹിക്ക് തുടക്കത്തില്‍ തന്നെ ഇരട്ട പ്രഹരമേല്‍പ്പിച്ച പാറ്റ് കമ്മിന്‍സ്, കൊല്‍ക്കത്തയുടെ നയം വ്യക്തമാക്കി. ഓപ്പണര്‍മാര്‍ രണ്ടക്കം കാണാതെ വിക്കറ്റ് അടിയറവെച്ചതോടെ കളിയുടെ കടിഞ്ഞാണ്‍ നായകന്‍ ശ്രേയസ് അയ്യര്‍ തന്നെ ഏറ്റെടുത്തു. കൂട്ടിന് റിഷഭ് പന്തും. പതിഞ്ഞ താളത്തില്‍ ക്രീസില്‍ നിലയുറപ്പിച്ച് അയ്യരും അമിതാവേശത്തിന് മുതിരാതെ പന്തും. സ്കോര്‍ ബോര്‍ഡില്‍ ചലനങ്ങള്‍ കണ്ടുതുടങ്ങി. പത്തോവര്‍ വരെ ഈ കൂട്ടുകെട്ട് കൊല്‍ക്കത്തക്ക് തലവേദനയായി. എന്നാല്‍ പന്ത്രണ്ടാം ഓവറില്‍ പന്തി(27)നെ എറിഞ്ഞു വീഴ്ത്തി വരുണ്‍ ചക്രവര്‍ത്തി വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടു. പിന്നാലെ വന്ന ഹെറ്റ്മയറെയും വരുണ്‍ വന്നതുപോലെ പറഞ്ഞയച്ചു. അധികം വൈകാതെ നായകന്‍ അയ്യരുടെ വിക്കറ്റും വരുണ്‍ കൊയ്തു. 38 പന്തില്‍ നിന്ന് 47 റണ്‍സായിരുന്നു അയ്യരുടെ സമ്പാദ്യം.

പിന്നീടങ്ങോട്ട് വിക്കറ്റ് മഴ. വാലറ്റത്ത് രണ്ടക്കം കണ്ടത് അശ്വിന്‍ മാത്രം. 14 റണ്‍സ്. അങ്ങനെ അവസാന ഓവറിലെ അഞ്ചാമത്തെ പന്തില്‍ വരെ വിക്കറ്റ്. ദേശ്പാണ്ഡ(1)യെ എറിഞ്ഞിട്ടത് ഫെര്‍ഗൂസന്‍. 135 റണ്‍സിന് ഡല്‍ഹി ആട്ടം മതിയാക്കുമ്പോള്‍ 9 വിക്കറ്റ് നഷ്ടം. ഓള്‍ഔട്ടായിലല്ലോ എന്ന ആശ്വാസം മാത്രം ഡല്‍ഹിക്ക് ബാക്കി. വരുണ്‍ ചക്രവര്‍ത്തിയുടെ കറങ്ങിത്തിരിഞ്ഞ് വന്ന പന്തുകള്‍ അക്ഷരാര്‍ത്ഥത്തില്‍ ഡല്‍ഹിയുടെ അടിവേര് ചൂഴ്ന്നെടുക്കുകയായിരുന്നു. നാലോവറില്‍ 20 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 5 വിക്കറ്റ് എറിഞ്ഞിട്ട വരുണ്‍ ഡല്‍ഹിയെ വരിഞ്ഞുകെട്ടിയപ്പോള്‍ ഫലം കൊല്‍ക്കത്തയുടെ തകര്‍പ്പന്‍ ജയം. വരുണാണ് കളിയിലെ കേമനും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close