KERALA

വരുമാനനഷ്ടത്തിന് ആളെക്കൂട്ടല്‍ പ്രതിവിധി, ശബരിമലയില്‍ ഇനി എന്തു നടക്കും?

പമ്പ: ഒരുപാട് പേരുടെ ജീവനകാലമായിരുന്നു ശബരിമലയിലെ മണ്ഡലകാലം, ഇത്തവണ കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതുകൊണ്ടുതന്നെ ഭക്തരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായിരുന്നു. അത് ഇപ്പോള്‍ താളപ്പിഴകള്‍ക്ക് വഴിവച്ചിരിക്കുകയാണ്.
തുലാമാസ പൂജയ്ക്ക് ദര്‍ശനം അനുവദിച്ചെങ്കിലും തീര്‍ഥാടകരുടെ എണ്ണത്തിലെ കുറവ് മൂലം ദേവസ്വം ബോര്‍ഡിന് ഭീമമായനഷ്ടം. പ്രതിദിനം 250 പേര്‍ക്ക് മാത്രം ദര്‍ശനത്തിന് അനുമതി നല്‍കിയ തീരുമാനം തെറ്റായിപ്പോയെന്നാണ് ഇപ്പോഴുള്ള വിലയിരുത്തല്‍. ആയിരം പേര്‍ക്കെങ്കിലും വെര്‍ച്വല്‍ ക്യൂവിലൂടെ ദര്‍ശനം അനുവദിച്ചിരുന്നെങ്കില്‍ നഷ്ടം പരിഹരിക്കാമായിരുന്നുവെന്നാണ് ദേവസ്വം ബോര്‍ഡ് അധികൃതര്‍ തന്നെ വ്യക്തമാക്കുന്നത്. കാണിക്ക ഇനത്തില്‍ നാമമാത്രമായ തുകയാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഉദയാസ്തമന പൂജ, പടിപൂജ എന്നിവ വഴി കിട്ടുന്ന വരുമാനം മാത്രമാണ് ദേവസ്വം ബോര്‍ഡിന് ലഭിക്കുന്നത്. അരവണ പ്രസാദവും വേണ്ടത്ര വില്‍പനയില്ല.

നൂറിലധികം ദേവസ്വം ജീവനക്കാര്‍ക്ക് പുറമേ 120 ആരോഗ്യ പ്രവര്‍ത്തകരും നൂറ്റി അന്‍പതോളം പോലീസുകാരും സ്പെഷ്യല്‍ ഡ്യൂട്ടിയിലുണ്ട്. ഇവര്‍ക്ക് മൂന്ന് നേരത്തെ ഭക്ഷണം നല്‍കുന്നതിനു തന്നെ ബോര്‍ഡിന് വലിയൊരു തുക ചെലവാകുന്നുണ്ട്. ഇപ്പോള്‍ ലഭിക്കുന്ന വരുമാനം ദൈനംദിന ചെലവിനുപോലും തികയുന്നില്ല. ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് പരീക്ഷണാടിസ്ഥാനത്തില്‍ തീര്‍ഥാടകരെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും തീരുമാനിച്ചത്. 250 പേര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ഇരുനൂറില്‍ താഴെയേ എത്തുന്നുള്ളു. ദര്‍ശനത്തിന് സോപാനത്ത് പലപ്പോഴും ആരുമില്ല.

കുറഞ്ഞത് ആയിരം തീര്‍ഥാടകര്‍ എത്തിയാലും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവേശനം നല്‍കാമായിരുന്നെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് തിങ്കള്‍ മുതല്‍ വെള്ളിവരെ ആയിരം പേരെ വീതവും ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ടായിരം പേരെയും പ്രവേശിപ്പിക്കാനാണ് ഇപ്പോഴത്തെ ആലോചന. മറ്റ് ദിവസങ്ങളില്‍ കുറഞ്ഞത് അയ്യായിരം പേരെ പ്രവേശിപ്പിക്കാന്‍ കഴിയും. ഏഴുമാസമായി മുടങ്ങിയ തീര്‍ഥാടനം പുനരാരംഭിക്കുന്നതിനുള്ള ട്രയലായാണ് തുലാമാസ പൂജാ വേളയില്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിച്ചത്.

ശബരിമലയിലെ വ്യാപാരികള്‍ക്ക് ലേല കാലാവധി നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് ശബരിമല വ്യാപാരി വ്യവസായി ഏകോപന സമിതി ബുധനാഴ്ച സെക്രട്ടറിയേറ്റ് പടിക്കല്‍ പ്രതിഷേധ സമരം നടത്തും. നിലയ്ക്കല്‍ മുതല്‍ ശബരിമല സന്നിധാനം വരെ 250 ല്‍ പരം വ്യാപാര സ്ഥാപനങ്ങളാണ് 2019-2020 തീര്‍ഥാടന വര്‍ഷത്ത സര്‍ക്കാര്‍ ലേല വ്യവസ്ഥ പാലിച്ചു കൊണ്ട് പ്രവര്‍ത്തിക്കുന്നത്. ദേവസ്വം കലണ്ടര്‍ പ്രകാരമുളള 142 പ്രവൃത്തി ദിവസങ്ങളില്‍ 70 ദിവസം മാത്രമാണ് കടകള്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ കഴിഞ്ഞത്. കൊവിഡ് മൂലം 72 പ്രവൃത്തി ദിവസങ്ങള്‍ നഷ്ടപ്പെട്ടു. 150 കോടി രൂപയാണ് കുത്തക ലേലത്തിലൂടെ ബോര്‍ഡിന് വ്യാപാരികള്‍ നല്‍കിയത്. കടകള്‍ അടച്ചിടേണ്ടി വന്നതു മൂലം വില്‍ക്കാന്‍ കഴിയാതെ വന്ന കാലാവധി കഴിഞ്ഞ സാധനങ്ങളുടെ നഷ്ടം, തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികളുടെ കുടുംബസംരക്ഷണ ചെലവ്, വന്യമൃഗങ്ങളുടെ ആക്രമണത്തിലും പ്രതികൂലകാലാവസ്ഥയിലും ഉണ്ടായ നഷ്ടം എന്നിവ പലരെയും ആത്മഹത്യയുടെ വക്കില്‍ എത്തിച്ചിരിക്കുകയാണ്.

വൃശ്ചികം ഒന്നിന് ആരംഭിക്കുന്ന മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന കാലത്തും കുറച്ചു പേര്‍ക്ക് മാത്രമേ പ്രവേശനാനുമതി നല്‍കൂ എന്നാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. ബോര്‍ഡ് നിശ്ചയിച്ചിട്ടുള്ള ഇ-ടെന്‍ഡര്‍ നടപടികളില്‍ നിന്നും പിന്മാറി നിലവിലുള്ള വ്യാപാരികള്‍ക്ക് ഒരു വര്‍ഷം കൂടി കരാര്‍ നീട്ടി നല്‍കണമെന്ന നിവേദനം സമര്‍പ്പിച്ചിട്ടും അനുകൂലമായ ഒരു നടപടിയും ഉണ്ടായിട്ടില്ല. വരുമാനക്കുറവുകൊമ്ട് ആളെകൂടുതല്‍ കയറ്റാന്‍ തീരുമാനിക്കുന്നതിനുമുമ്പ് 144 പ്രഖ്യാപിച്ചതും നിയന്ത്രണം പാലിക്കാന്‍ നാഴികയ്കക് 40 വട്ടം പറയുന്നതും. പാലിക്കാത്തവര്‍ക്ക് പിഴയിടുന്നതും ഇതേ സര്‍ക്കാര്‍ തന്നെയാണ് എന്നും ഓര്‍ക്കണം. 

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close