Breaking NewsKERALANEWSTrending

വര്‍ക്കല സബ് ഇന്‍സ്‌പെക്ടര്‍ ആനിശിവയ്ക്ക് സ്ഥലംമാറ്റം; കൊച്ചിയിലേക്കുള്ള മാറ്റം ആനി ചോദിച്ച് വാങ്ങിയതിന് പിന്നിലും കാരണമുണ്ട്

തിരുവനന്തപുരം: വാര്‍ത്തകളിലൂടെ താരമായ വര്‍ക്കല സബ് ഇന്‍സ്‌പെക്ടര്‍ ആനിശിവയ്ക്ക് സ്ഥലംമാറ്റം. കൊച്ചി സിറ്റിയിലേക്കാണ് ആനിയെ പോസ്റ്റ് ചെയ്തിട്ടുള്ളത്. ആനി കഷ്ടപ്പെട്ട് പഠിച്ചുവളര്‍ന്ന വര്‍ക്കലയിലായിരുന്നു അവര്‍ ജോലി ചെയ്തിരുന്നത്. ഭര്‍ത്താവ് ഉപേക്ഷിച്ചതും, മകനുമായി കഷ്ടപ്പെട്ട് പഠിക്കുകയും പരീക്ഷ എഴുതി എസ്‌ഐ പോസ്റ്റ് നേടിയെടുത്തതും വരെയുള്ള പരിശ്രമങ്ങളുടെ കഥ സമൂഹമാധ്യമങ്ങളിലും പത്രമാധ്യമങ്ങളിലും വാര്‍ത്തയായതോടെ ആനിശിവക്ക് താരപരിവേഷം കൈവന്നിരുന്നു.

പ്രതിസന്ധികളില്‍ പതറുന്ന പെണ്‍കുട്ടികള്‍ ആത്മഹത്യയിലേക്ക് വഴുതുന്ന പതിവ് വാര്‍ത്തകള്‍ക്ക് പകരം ആനിയുടെ അതിജീവനകഥ ഏറെ ചര്‍ച്ചയായി. സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ അടക്കം നിരവധിപേര്‍ ആനിയെ അഭിനന്ദിച്ച ഫേസ്ബുക്കിലും സമൂഹമാധ്യമങ്ങളിലും രംഗത്തുവന്നിരുന്നു. ആനിയുടെ സ്ഥലംമാറ്റം ശിക്ഷാനടപടിയാണോ എന്ന തരത്തില്‍ വ്യാപകമായി അന്വേഷണം നടക്കുന്നുണ്ട്. എന്നാല്‍ ആനിയുടെ അഭ്യര്‍ഥന പ്രകാരമാണ് അവരെ കൊച്ചിയിലേക്ക് മാറ്റിയതെന്നാണ് വിവരം.

കൊച്ചിയിൽ പഠിക്കുന്ന മകന്റെയൊപ്പം താമസിച്ച് ജോലി ചെയ്യാൻ സൗകര്യം ഒരുക്കണമെന്ന ആനിയുടെ അപേക്ഷ ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ പരിഗണിക്കുകയായിരുന്നു. തുടർന്ന് ഞായറാഴ്ച തന്നെ തിരുവനന്തപുരം റേഞ്ചിൽനിന്ന്‌ കൊച്ചി റേഞ്ചിലേക്ക് സ്ഥലംമാറ്റി അനുകൂലമായ ഉത്തരവ് ഡി.ഐ.ജി. ഹരിശങ്കർ ഇറക്കുകയായിരുന്നു. കഴിഞ്ഞ രണ്ടുവർഷമായി കൊച്ചി സെൻട്രൽ സ്റ്റേഷനിൽ ആയിരുന്നു ആനി ശിവ പരിശീലനം പൂർത്തിയാക്കിയത്. ഇക്കാലയളവിൽ ആനിയും മകനും തിരുവനന്തപുരത്തുനിന്ന്‌ കൊച്ചിയിലേക്ക് താമസം മാറുകയും ചെയ്തിരുന്നു.

മകൻ സൂര്യശിവ കൊച്ചിയിലെ സ്കൂളിൽ പഠനവും തുടങ്ങി. സൂര്യശിവയെ ഒറ്റയ്ക്ക് ആക്കിയായിരുന്നു വർക്കലയിൽ എസ്.ഐ.ആയി ചുമതലയേൽക്കാൻ കഴിഞ്ഞദിവസം ആനി എത്തിയത്. കോവിഡ് കാലത്ത് മകൻ ഒറ്റയ്ക്കാണെന്നും പഠനത്തിൽ സഹായിക്കുന്നതിനായി കൊച്ചിയിലേക്ക് മാറ്റം നൽകണമെന്നായിരുന്നു അപേക്ഷ. ജീവിതം ഒറ്റയ്ക്ക് പോരാടി വിജയിച്ച് നാടിന് പ്രചോദനമായി മാറിയ ആനിയുടെ സങ്കടത്തിന് ഒടുവിൽ പോലീസ് തന്നെ ഇടപെട്ട് പരിഹാരം കാണുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close