Breaking NewsSPORTSTop News

വറുതി, കായിക മേഖലയിലെ കുബേരന്‍മാര്‍ക്കും

വസന്ത് കമല്‍

2008 വരെ സമ്പന്നമായൊരു കായിക സംഘടന മാത്രമായിരുന്നു ബിസിസിഐ എന്ന ബോര്‍ഡ് ഓഫ് ക്രിക്കറ്റ് കണ്‍ട്രോള്‍ ഇന്‍ ഇന്ത്യ. 2008ല്‍, അതായത് ഐപിഎല്‍ തുടങ്ങിയതു മുതലാണ് എക്സ്പൊണെന്‍ഷ്യല്‍ ഗ്രോത്ത് എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഒരു വളര്‍ച്ച ബിസിസിഐ ആര്‍ജിച്ചു തുടങ്ങുന്നത്. അതിന്റെ തുടര്‍ച്ചയായി, ലോകത്തെ ഏറ്റവും സമ്പന്നമായ കായിക സംഘടന എന്നു തിരുത്തപ്പെടുകയായിരുന്നു അതിന്റെ മേല്‍വിലാസം. ആഗോളതലത്തില്‍ പണക്കൊഴുപ്പിന്റെ കരുത്തു കാണിക്കാന്‍ പാങ്ങുള്ള ഒരേയൊരു ഇന്ത്യന്‍ പ്രസ്ഥാനവും ബിസിസിഐ ആണെന്ന് അതിശയോക്തി പറയാം. ഓസ്ട്രേലിയയുടെയും ഇംഗ്ലണ്ടിന്റെയുമൊക്കെ ക്രിക്കറ്റ് ബോര്‍ഡുകള്‍ക്കും അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനു പോലും ബിസിസിഐ അവസാന വാക്കാവുന്നത് അതുകൊണ്ടാണ്. 2018 മാര്‍ച്ച് വരെയുള്ള കണക്കനുസരിച്ച് 2,992 കോടി രൂപയുടെ സ്ഥിര നിക്ഷേപങ്ങള്‍ സഹിതം, 5,526 കോടി രൂപയായിരുന്നു ബിസിസിഐയുടെ ബാങ്ക് ബാലന്‍സ്. അങ്ങനെയൊരു സംഘടന, കരാറുള്ള ക്രിക്കറ്റര്‍മാര്‍ക്ക് പത്തു മാസമായി പ്രതിഫലം കൊടുത്തിട്ടില്ലെന്നു കേട്ടാല്‍ ആരെങ്കിലും വിശ്വസിക്കുമോ? വിശ്വസിച്ചാലും ഇല്ലെങ്കിലും സത്യം അതാണെന്ന് എട്ടോളം മുതിര്‍ന്ന ക്രിക്കറ്റര്‍മാര്‍ രഹസ്യമായി സമ്മതിക്കുന്നു. മൂന്നു മാസം കൂടുമ്പോള്‍ നല്‍കേണ്ട തുക 2019 ഒക്റ്റോബര്‍ മുതല്‍ നല്‍കിയിട്ടില്ല.


ഗ്രേഡിങ് അനുസരിച്ചാണ് ബിസിസിഐ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് പ്രതിഫലം നിശ്ചയിച്ചിട്ടുള്ളത്. ഇതു പ്രകാരം എ പ്ലസ് വിഭാഗത്തില്‍ വരുന്നവര്‍ക്ക് വര്‍ഷം ഏഴു കോടി രൂപ നല്‍കണം. എ ഗ്രേഡില്‍ ഉള്ളവര്‍ക്ക് അഞ്ച് കോടി വീതവും, ബിയില്‍ ഉള്ളവര്‍ക്ക് മൂന്നു കോടി വീതവും സിക്കാര്‍ക്ക് ഓരോ കോടിയും നല്‍കണം. ഇങ്ങനെ ആകെ 99 കോടി രൂപയാണ് കുടിശ്ശികയായിരിക്കുന്നത്. ഇതിനു പുറമേ ഒരു ടെസ്റ്റ് മത്സരം കളിച്ചാല്‍ 15 ലക്ഷം രൂപയും ഏകദിന മത്സരത്തിന് ആറു ലക്ഷം രൂപയും ട്വന്റി20 മത്സരത്തിന് ആറ് ലക്ഷം രൂപയും കളിക്കാര്‍ക്കു മാച്ച് ഫീസ് നല്‍കണം. ഇതും ജനുവരിക്കു ശേഷം നല്‍കിയിട്ടില്ല. നേരത്തെ പറഞ്ഞ ബാങ്ക് ബാലന്‍സ് മാത്രമല്ല ബിസിസിഐയുടെ ധനകാര്യ ആസ്തി. സ്റ്റാര്‍ ടിവിക്ക് അഞ്ച് വര്‍ഷത്തേക്ക് സംപ്രേഷണാവകാശം നല്‍കിയ വകയില്‍ 6,138.1 കോടി രൂപ വേറെയുണ്ട്. ഐപിഎല്‍ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പ് മാത്രം വരും അഞ്ച് വര്‍ഷത്തേക്ക് 4,000 കോടി രൂപ. ഇത്രയും വരുമാനവും ആസ്തികളുമുള്ള ബിസിസിഐ പിന്നെ എന്തുകൊണ്ട് അതിന്റെ ഏറ്റവും വലിയ വിഭവശേഷിയായ കളിക്കാര്‍ക്ക് പ്രതിഫലം നല്‍കുന്നില്ല എന്നു ചോദിച്ചാല്‍ സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്നു കരുതാനാവില്ല.
ബിസിസിഐയുടെ തലപ്പത്ത് തുടരുന്ന അനിശ്ചിതാവസ്ഥയാണ് സാമ്പത്തിക ഇടപാടുകളിലെ കാലതാമസത്തിന് ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പ്രസിഡന്റ് സൗരവ് ഗാംഗുലിക്ക് സുപ്രീം കോടതി അനുവദിച്ചിരിക്കുന്ന കാലാവധി പത്തു മാസം മാത്രമാണ്. അതു നീട്ടുന്നതു സംബന്ധിച്ച വാദപ്രതിവാദങ്ങള്‍ കോടതിയില്‍ തുടരുന്നതേയുള്ളൂ. അതിലും വലിയ പ്രശ്നം സംഘടനയുടെ തലപ്പത്തെ നിര്‍ണായകമായ ചില പോസ്റ്റുകള്‍ മാസങ്ങളായി ഒഴിഞ്ഞു കിടക്കുന്നതാണ്. ഡിസംബര്‍ മുതല്‍ സംഘടനയ്ക്ക് ഒരു ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ഇല്ല. ഒരു മാസമായി ചീഫ് എക്സിക്യൂട്ടിവ് ഓഫീസറും ജനറല്‍ മാനേജറും (ക്രിക്കറ്റ് ഓപ്പറേഷന്‍സ്) ഇല്ല. മൂന്നു പോസ്റ്റുകളും കരാറുകള്‍ പൂര്‍ത്തിയായ ശേഷം പുതുക്കി നല്‍കാതിരിക്കുകയാണ്.
ഭരണപരമായ പ്രതിസന്ധികള്‍ മാത്രമാണ് ബിസിസിഐയെ വലയ്ക്കുന്നതെന്നു പറഞ്ഞാലും മുഴുവനാവില്ല. കോവിഡ്-19 വ്യാപനം കാരണം മാറ്റിവയ്ക്കപ്പെട്ട അന്താരാഷ്ട്ര മത്സരങ്ങള്‍ ബിസിസിഐക്കു വരുത്തിവച്ച നഷ്ടം ചില്ലറയല്ല. ഐപിഎല്‍ റദ്ദാക്കാതെ നടത്തിയെടുത്തതു വഴി നാലായിരം കോടിയോളം രൂപയാണ് ലാഭം. എന്നാല്‍, ഗേറ്റ് കളക്ഷന്‍ വഴി ലഭിക്കേണ്ട തുകയില്‍ വരുന്ന കുറവ് ബിസിസിഐ നികത്തിക്കൊടുക്കണമെന്ന ആവശ്യം പല ഫ്രാഞ്ചൈസികളും ഉയര്‍ത്തുന്നുണ്ട്. ഡെക്കാന്‍ ചാര്‍ജേഴ്സ്, കൊച്ചിന്‍ ടസ്‌കേഴ്സ് എന്നീ ടീമുകളെ നേരത്തെ ഐപിഎല്ലില്‍നിന്ന് ഒഴിവാക്കിയത് നിയമപരമല്ലെന്ന കോടതി വിധിയെത്തുടര്‍ന്ന് ഇവയുടെ ഉടമകള്‍ക്കും ഇരുപതിനായിരം കോടിയോളം രൂപ നഷ്ടപരിഹാരം നല്‍കണം.


ഇതിനെല്ലാം പുറമേയാണ് ഐപിഎല്ലുമായി ബന്ധപ്പെട്ട് വരാനിരിക്കുന്ന നഷ്ടങ്ങള്‍. ചൈനാ വിരോധത്തിന്റെ ഭാഗമായി ഐപിഎല്‍ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പില്‍ നിന്ന് വിവോയെ ഒഴിവാക്കിയ തീരുമാനം വന്നതോടെ പുതിയ സ്പോണ്‍സര്‍ക്കായുള്ള നെട്ടോട്ടമാണ്. ബൈജൂസ് ആപ്പ്, ആമസോണ്‍, ജിയോ എന്നിവയാണ് പരിഗണനയില്‍. വിവോ നല്‍കിയ തുക ഇപ്പോഴത്തെ അവസ്ഥയില്‍ ഇവര്‍ക്ക് ആര്‍ക്കെങ്കിലും നല്‍കാന്‍ കഴിയുമോ എന്നു വ്യക്തമല്ല. അഞ്ച് വര്‍ഷത്തെ കരാര്‍ ബിസിസിഐ ഏകപക്ഷീയമായി അവസാനിപ്പിച്ച വകയില്‍ വിവോ സ്വീകരിക്കാന്‍ സാധ്യതയുള്ള നിയമ നടപടികള്‍ വേറെ. സെപ്റ്റംബറില്‍ തുടങ്ങാനിരിക്കുകയാണ് ഐപിഎല്‍. കളിക്കാരെയും സപ്പോര്‍ട്ട് സ്റ്റാഫിനെയും ഒഫീഷ്യല്‍സിനെയും അടക്കം അതിനായി യുഎഇയില്‍ എത്തിക്കുന്നതിനും കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം താമസിപ്പിക്കുന്നതിനുമുള്ള ചെലവുകള്‍ വരാനിരിക്കുന്നതേയുള്ളൂ. ആഗോള തലത്തില്‍ വിവിധ ഫുട്ബോള്‍ ക്ലബ്ബുകള്‍ കളിക്കാര്‍ക്കുള്ള പ്രതിഫലം വെട്ടിക്കുറച്ചു കഴിഞ്ഞു. അന്താരാഷ്ട്ര കളിക്കാര്‍ക്കു ലഭിക്കുന്ന പ്രതിഫലത്തിന്റെ കാര്യത്തിലും വെട്ടിക്കുറയ്ക്കലിന്റെ വാര്‍ത്തകള്‍ വന്നു തുടങ്ങിയിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലം കുറയ്ക്കുന്ന കാര്യം തത്കാലം ആലോചിക്കുന്നില്ലെന്നാണ് ബിസിസിഐ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍, അവര്‍ക്കു നല്‍കാനുള്ള ശമ്പളക്കുടിശികയുടെ കാര്യത്തില്‍ മിണ്ടുന്നുമില്ല.
ആരു കേട്ടാലും വാ പൊളിക്കുന്ന പ്രതിഫലം വാങ്ങുന്നവരാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍. വരുമാനത്തില്‍ അവരെ വെല്ലാന്‍ യൂറോപ്യന്‍ ഫുട്ബോള്‍ താരങ്ങളും അമേരിക്കന്‍ ബാസ്‌കറ്റ് ബോള്‍ താരങ്ങളും മാത്രമാണുള്ളത്. ബിസിസിഐക്ക് വരുമാനം കൂടിയപ്പോള്‍ ഒരു വിഹിതം ഇരിക്കട്ടെ എന്നു കരുതി ഒരു സുപ്രഭാതത്തില്‍ പെട്ടെന്ന് കൂട്ടിയതല്ല ഈ പ്രതിഫലം. ഒരു കാലത്ത് ഒത്തുകളിയുടെയും കോഴിയുടെയും കാന്തികവലയത്തില്‍പ്പെട്ട് തകര്‍ച്ചയുടെ വക്കിലെത്തിയ ഇന്ത്യന്‍ ക്രിക്കറ്റിനെ പാക്കിസ്ഥാന്റെയും ശ്രീലങ്കയുടെയും ബംഗ്ലാദേശിന്റെയും വഴിയേ വിടാതെ പിടിച്ചു നിര്‍ത്തിയത് കളിക്കാര്‍ക്കു ലഭിക്കുന്ന വന്‍ പ്രതിഫലമാണ്. ഒരുവിധം വാതുവയ്പ്പുകാര്‍ക്കൊന്നും സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത തുക ഔദ്യോഗിക പ്രതിഫലമായി തന്നെ ലഭിക്കുന്നു എന്നതാണ് പഴയതു പോലെ മുഖ്യധാരാ കളിക്കാര്‍ സ്വാധീനങ്ങള്‍ക്ക് അടിപ്പെടാതിരിക്കാന്‍ കാരണം. അതിനൊരു മാറ്റം വരുന്നത് ഇന്ത്യന്‍ ക്രിക്കറ്റിന് ശുഭസൂചനകളായിരിക്കില്ല കാത്തുവയ്ക്കുന്നത്.

Tags
Show More

Related Articles

Back to top button
Close