വളരുന്ന കുട്ടികള്‍ക്ക് പോഷകാഹാരം

ശരിയായ പോഷണവും പോഷണ രീതികളും കുട്ടികളുടെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും അത്യന്താപേക്ഷിതമാണ്. ശരിയായ പോഷണമെന്നാല് പോഷകഘടകങ്ങളുടെ കുറവുകൊണ്ടുണ്ടാകുന്ന രോഗങ്ങളെ പ്രതിരോധിക്കുക മാത്രമല്ല മറിച്ച് കുട്ടികള്‍ക്ക് മികച്ച ആരോഗ്യം പ്രദാനം ചെയ്യുന്നതുമായിരിക്കണം.
കുട്ടികളുടെ ഭക്ഷണത്തില്‍ കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, കൊഴുപ്പുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിങ്ങനെ എല്ലാ പോഷകഘടകങ്ങളും ശരിയായ അളവിലും അനുപാതത്തിലും ഉള്‍പ്പെടുത്തിയിരിക്കണം.
ശരീരത്തിന്റെ മുഖ്യ ഊര്‍ജ സ്രോതസുകളായ അന്നജത്തില്‍ നിന്നും ഏകദേശം 4 കലോറി ഊര്‍ജം ലഭിക്കുന്നു. ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍, പഞ്ചസാര മുതലായ ഭക്ഷണ പദാര്‍ഥങ്ങളാണ് അന്നജത്തിന്റെ മുഖ്യ സ്രോതസുകള്‍.
ശരീരകലകളും കോശങ്ങളും നിര്‍മ്മിക്കാനുള്ള അടിസ്ഥാന വസ്തുക്കളാണ് മാംസ്യം അഥവാ പ്രോട്ടീന്‍, പാല്, മാംസം, മുട്ട, മത്സ്യം, പയര്‍വര്‍ഗങ്ങള്‍ എന്നിവയാണ് മാംസ്യത്തിന്റെ പ്രധാന കലവറകള്‍. കുട്ടികളുടെ ശാരീരിക വളര്‍ച്ചയില്‍ മാംസ്യം പ്രധാന പങ്കുവഹിക്കുന്നു.
ശരീരത്തിന്റെ രാസപ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരുന്നത് ഊര്‍ജസ്രോതസുകളായ കൊഴുപ്പുകളാണ്. ഒരു ഗ്രാം അന്നജവും മാംസ്യവും നാലു കലോറി ഊര്‍ജവും നല്കുമ്പോള് ഒരു ഗ്രാം കൊഴുപ്പ് 9 കലോറി ഊര്‍ജം നല്കുന്നു. മാംസ്യം, മുട്ട, പാല്, മീന്‍, എണ്ണ തുടങ്ങിയവയിലെല്ലാം കൊഴുപ്പ് അടങ്ങിയിട്ടുണ്ട്.
മിക്ക ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കും ജീവകങ്ങളും ധാതുക്കളും കൂടിയേതീരു. ദൈനംദിന ജീവിതത്തില്‍ നാം ഉപയോഗിക്കുന്ന ഇലക്കറികള്‍, പച്ചക്കറികള്‍, പാല്, ധാന്യങ്ങള്‍, മത്സ്യം, മാംസ്യം, മുട്ട എന്നിവയില്‍ നിന്നൊക്കെ കുഞ്ഞുങ്ങള്‍ക്കാവശ്യമായ ജീവകങ്ങളും ധാതുക്കളും ലഭിക്കുന്നു. കുട്ടികള്‍ രോഗപ്രതിരോധശക്തി കൈവരിക്കുന്നതില്‍ ജീവകങ്ങളും ധാതുക്കളും പ്രധാന പങ്കുവഹിക്കുന്നു.
കുഞ്ഞ് ജനിച്ച് ആദ്യവര്‍ഷമാണ് അവന്റെ ആരോഗ്യജീവിതത്തിന്റെ അടിത്തറ പാകുന്നത്. അതിനാല്‍ ഇക്കാലയളവ് കുഞ്ഞിന്റെ ജീവിതത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നു. തലച്ചോറിന്റെ വളര്‍ച്ചയുടെ ഭൂരിഭാഗവും നടക്കുന്നത് ഈ സമയത്താണ്. വളര്‍ച്ചയേയും ബുദ്ധിവികാസത്തെയും കാര്യമായി സ്വാധീനിക്കുന്ന ഈ പ്രായത്തില്‍ പോഷകാഹാരത്തില്‍ വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കില്‍ അത് കുട്ടിയുടെ മാനസിക – ശാരീരിക – ബൗദ്ധിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും.
ആദ്യത്തെ നാലുമാസക്കാലം കുഞ്ഞിന്റെ പോഷണത്തിന് മുലപ്പാല്‍ മാത്രം മതിയാവും. കുഞ്ഞുങ്ങളുടെ ബുദ്ധിവികാസത്തിനു സഹായിക്കുന്ന പ്രോട്ടീനുകളും അമിനോ ആസിഡുകളുമെല്ലാം അമ്മയുടെ പാലില്‍ മാത്രമേയുള്ളു. നവജാത ശിശുവിന് ആവശ്യമായ പോഷകഘടകങ്ങള്‍ അടങ്ങിയതും ശുചിത്വമുള്ളതും രോഗപ്രതിരോധഘടകങ്ങള്‍ അടങ്ങിയതുമായ മുലപ്പാല്‍ കുടിച്ചുവളരുന്ന കുഞ്ഞുങ്ങള്‍ക്ക് നാലുമാസം വരെ മറ്റൊരു ഭക്ഷണപദാര്‍ഥത്തിന്റെയും ആവശ്യമില്ല. അതിനാല്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ അമ്മ കഴിക്കുന്ന ഭക്ഷണമാണ് പുതുജീവന്റെ അടിസ്ഥാനമെന്നു പറയാം. ശുചിത്വം ഒരു പ്രധാന പ്രശ്നമായതിനാല്‍ ശിശുക്കള്‍ക്ക് കുപ്പിപ്പാല് കഴിവതും കൊടുക്കാതിരിക്കുക.
ശരീരഭാരം നിലനിര്‍ത്തുന്നതിനും വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതിനും പോഷകകുറവിനാല് ഉണ്ടാകുന്ന രോഗങ്ങള്‍ തടയുന്നതിനും നാലു മാസം മുതല്‍ കുഞ്ഞിന്റെ ഭക്ഷണക്രമത്തില്‍ മറ്റുപല ഭക്ഷണപദാര്‍ത്ഥങ്ങളും ഉള്‍പ്പെടുത്തേണ്ടിയിരിക്കുന്നു. അതുപോലെ പാലില്‍ താരതമ്യേന കുറവായ ജീവകങ്ങള്‍(വിറ്റാമിന്‍ സി,വിറ്റാമിന്‍ ഡി) ധാതുക്കള്‍ (അയണ്‍) തുടങ്ങിയ പോഷകഘടകങ്ങളുടെ ആവശ്യവും ഇക്കാലത്ത് കൂടുതലായി വേണ്ടിവരുന്നു. നാലു മുതല്‍ ആറുമാസംവരെ പ്രായമാകുമ്പോള്‍ കുറുക്കു രൂപത്തിലുളള അര്ധാഹാരം കൊടുത്തു തുടങ്ങാം. കുവരക്, അരി, ഗോതമ്പ്, ഏത്തയ്ക്കാപ്പൊടി, ധാന്യങ്ങളും പയറുവര്‍ഗങ്ങളും ചേര്‍ത്ത് പൊടിച്ചത് എന്നിവ കുറുക്കു രൂപത്തില്‍ നല്‍കണം.അതിനുശേഷം പയറുവര്‍ഗങ്ങള്‍, പച്ചക്കറികള്‍, കിഴങ്ങുവര്‍ഗങ്ങള്‍ എന്നിവ നല്കി തുടങ്ങാം. ഇഢലി,ചോറ് തുടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കുറഞ്ഞ അളവില്‍ കൊടുത്തു ശീലിപ്പിക്കാം.6-9 മാസങ്ങളില്‍ വേവിച്ചുടച്ച പച്ചക്കറികള്‍, ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍ മുതലായവ കൊടുത്തു തുടങ്ങാം ഒമ്പതാം മാസം മുതല്‍ കുഞ്ഞുങ്ങള്‍ ആഹാരപദാര്‍ത്ഥങ്ങള്‍ ചവച്ചരച്ചു കഴിക്കുവാന്‍ തുടങ്ങുന്നു.സാധാരണ വീട്ടിലുണ്ടാക്കുന്ന ആഹാരസാധനങ്ങള്‍തന്നെ കുഞ്ഞുങ്ങള്‍ക്കും കൊടുക്കാവുന്നതാണ്.
ശരീരത്തിന് പെട്ടെന്ന് ആഗീരണം ചെയ്യാന്‍ കഴിയുന്ന ഗുണമേന്മയേറിയ പ്രോട്ടീനുകളാല്‍ സമ്പന്നമാണ് മാംസാഹാരങ്ങള്‍. 10 -12 മാസങ്ങളില്‍ മീന്‍, മുട്ട, മാംസം എന്നിവ നന്നായി വേവിച്ച് കുഞ്ഞുങ്ങള്‍ക്ക് നല്‍കാം.
ഭക്ഷണം പാകം ചെയ്യുമ്പോള്‍
പോഷകമൂല്യം ഉയര്‍ത്താനായി ഭക്ഷണം പാകം ചെയ്യുമ്പോള്‍ പല മാര്‍ഗങ്ങളും സ്വീകരിക്കാം. ഉദാഹരണമായി ഊര്‍ജ്ജത്തിന്റെ അളവ് വര്‍ധിപ്പിക്കുന്നതിനായി കല്‍ക്കണ്ടം, പഞ്ചസാര, എണ്ണ മുതലായവയും വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ ലഭ്യമാക്കുന്നതിന് പച്ചക്കറികളും നാരില്ലാത്ത ഇലക്കറികളും മറ്റും ചേര്‍ക്കാം.
ഒരു വയസു മുതല്‍ കുഞ്ഞുങ്ങള്‍ക്ക് എല്ലാ ഭക്ഷണപദാര്‍ത്ഥങ്ങളും കൊടുത്തു ശീലിപ്പിക്കണം ആഹാരക്രമത്തില്‍ വൈവിധ്യം വരുത്തുന്നതിനുവേണ്ടി കാരറ്റ്, ഇലക്കറികള്‍ എന്നിങ്ങനെ നിറമുളള ഭക്ഷണപദാര്‍ത്ഥങ്ങള്‍ ആകര്‍ഷണീയമായ രീതിയില്‍ നല്‍കണം.ധാന്യങ്ങള്‍ക്കൊപ്പം പയറുവര്‍ഗങ്ങളും നല്‍കുന്നത് ഊര്‍ജ്ജത്തിനു പുറമേ മാംസ്യവും ലഭ്യമാകുന്നതിന് സഹായിക്കുന്നു. ഏകദേശം 2-3 മണിക്കൂര്‍ ഇടവേളയില്‍ ദിവസവും 5-6 തവണ ഭക്ഷണം കൊടുത്ത് ശീലിപ്പിക്കണം.
ചുരുക്കത്തില്‍ ആരോഗ്യ പൂര്‍ണവും സന്തുലിതവുമായ ഒരു ആഹാരക്രമം കുട്ടികളില്‍ മാനസിക-ശാരീരിക വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. പോഷകാഹാരം, വ്യക്തിശുചിത്വം, പരിസര ശുചിത്വം എന്നിവയെല്ലാം കുഞ്ഞുങ്ങളുടെ വളര്‍ച്ചയില്‍ നിര്‍ണായക ഘടകങ്ങളാണ് .