KERALANEWS

വസ്ത്രമലക്കികൊണ്ടിരിക്കെ വീട്ടമ്മ വീണ കുഴി സോയില്‍ പ്രതിഭാസം മൂലം ഉണ്ടായതെന്ന് ജിയോളജി വകുപ്പ്

ഇരിക്കൂര്‍ :ഇരിക്കൂര്‍ ആയിപ്പുഴയില്‍ വസ്ത്രമലക്കി കൊണ്ടിരുന്ന വീട്ടമ്മ വീണ കുഴി സോയില്‍ പ്രതിഭാസം മൂലം രൂപപ്പെട്ടതാണെന്ന് ജിയോളജി വകുപ്പ് കണ്ടെത്തി. സംഭവം നടന്ന പ്രദേശത്തെ ജനങ്ങള്‍ പരിഭ്രാന്തരായതിനെത്തുടര്‍ന്ന് ജിയോളജി വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തല്‍.

ഭൂമിക്കടിയിലെ മണ്ണൊലിപ്പ് മൂലമുണ്ടായ നീളത്തിലുള്ള കുഴിയാണ് അപകടത്തിന് കാരണമായതെന്ന് മൈനിങ്ങ് ആന്‍ഡ് ജിയോളജി വകുപ്പിലെ സീനിയര്‍ ജിയോളജിസ്റ്റ് വി.ദിവാകരന്‍ പറഞ്ഞു. സംഭവസ്ഥലം സന്ദര്‍ശിച്ച ഉദ്യോഗസ്ഥര്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കി.
മഴ പെയ്യുമ്പോള്‍ മണ്ണിലേക്ക് ഊറിയിറങ്ങുന്ന ജലത്തിനൊപ്പം ഉറപ്പില്ലാത്ത മണ്ണും ഒഴുകി ചാലുകളായി രൂപപ്പെടുന്നതാണ് സോയില്‍ പൈപ്പിങ്ങ് എന്ന പ്രതിഭാസം.

ഉമൈബ ചെന്നു വീണ കിണറിന്റെ അടിവശം പൊട്ടിപ്പൊളിഞ്ഞിരിക്കുകയായിരുന്നു. ഈ ഭാഗം കല്ലുവെച്ച് കെട്ടാത്തതിനാല്‍ മഴക്കാലത്ത് ഭൂമിക്കടിയിലൂടെ മണ്ണൊലിച്ചിറങ്ങുന്നു. ഇങ്ങനെ രൂപപ്പെട്ട തുരങ്കം മൂലമാണ് അപകടം നടന്നത്. കിണറിന്റെ അടിവശം കെട്ടാനും തുരങ്കമുണ്ടായ ഭാഗത്ത് ആരും പോകാതിരിക്കാനുമുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭൗമോപരിതലത്തോട് ചേര്‍ന്നോ ഒട്ടേറെ മീറ്ററുകള്‍ താഴെ വരെയോ കാണപ്പെടുന്ന സോയില്‍ പൈപ്പിങ്ങ് വഴിയുണ്ടാകുന്ന ചാലുകള്‍ തിരിച്ചറിയാന്‍ പ്രയാസമാണ്. ഇതുമൂലം മണ്ണിടിച്ചില്‍ മുതല്‍ ഉരുള്‍ പൊട്ടല്‍ വരെയുണ്ടാകാം.

2016-ല്‍ ദേശീയ ഭൗമപഠനകേന്ദ്രം സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട്, വയനാട്, എറണാകുളം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ മുപ്പതോളം സ്ഥലങ്ങളില്‍ ഭൂമിയുടെ അര്‍ബുദം എന്നറിയപ്പെടുന്ന സോയില്‍ പൈപ്പിങ്ങ് പ്രതിഭാസമുണ്ടെന്ന് കണ്ടെത്തിയിരുന്നു. മഴയുടെ അളവ്, ഭൂഗര്‍ഭജലത്തിന്റെ ഒഴുക്ക്, കാര്‍ഷിക രീതികള്‍, മരം മുറിക്കല്‍, ഖനനം തുടങ്ങിയവയെല്ലാം സോയില്‍ പൈപ്പിങ്ങിനു കാരണമാകാം. കിണറുകളിലെ വെള്ളം പെട്ടെന്ന് വറ്റിപ്പോകുന്നതും കിണര്‍ ഇടിഞ്ഞു താഴുന്നതുമെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്.

അപകടത്തിന്റെ ഞെട്ടല്‍ ഇനിയും മാറിയിട്ടില്ല ഉമൈബയ്ക്ക്.വളരെ ദൂരം കുഴിയിലൂടെ പോയതിനുശേഷമാണ് കിണറില്‍ ചെന്നു വീണതെന്നും അപ്പോഴാണ് ശ്വാസം പോലും എടുക്കാന്‍ പറ്റിയതെന്നുമാണ് അവര്‍ പറയുന്നത്. കിണറ്റില്‍ ചെന്നു വീണ ഉമൈബ ബഹളം വെച്ചതോടെയാണ് വീട്ടുകാരും നാട്ടുകാരും സംഭവം അറിയുന്നത്. തുടര്‍ന്ന് കിണറിന്റെ മൂടി തുറന്ന് ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. കണ്ണൂര്‍ എ.കെ.ജി.ആശുപത്രിയില്‍ ചികിത്സയിലാണ് ഉമൈബ ഇപ്പോള്‍.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close