INSIGHTTop News

വാക്‌സിന്‍ സൗജന്യത്തിന്റെ കാണാപ്പുറങ്ങള്‍

ഇന്ദ്രജിത്ത്

ഇന്ത്യയുടെ വാക്‌സിന്‍ നയം സുപ്രീം കോടതിയിലും സംസ്ഥാന കോടതികളിലും ഒരേ പോലെ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണല്ലോ? സംസ്ഥാന കോടതികളും സുപ്രീം കോടതി ഡിവിഷന്‍ ബഞ്ച് തന്നെയും സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തില്‍ ജുഡീഷ്യറി ഇടപെടരുത് എന്ന വാദത്തെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് ഇത് ജനങ്ങളുടെ ജീവന്റെ പ്രശ്‌നമാണ് ഇടപെടുകതന്നെ ചെയ്യുമെന്ന നിലപാടെടുത്തിരിക്കുകയുമാണ്. കോവിഡ് വാക്‌സിന് എങ്ങനെയാണ് മൂന്നു വില നിശ്ചയിച്ചതെന്നും, വില മരുന്നുനിര്‍മാതാക്കള്‍ക്ക് തീരൂമാനിക്കാമെന്നു നിശ്ചയിച്ചതെന്തുകൊണ്ടെന്നും ചോദിച്ച സുപ്രീം കോടതി അതു സംബന്ധിച്ച നയപരമായ തീരുമാനങ്ങളെടുത്ത വകുപ്പുകളിലെ ബന്ധപ്പെട്ടവരുടെ കുറിപ്പുകളടക്കമുള്ള ഫയലുകള്‍ പോലും ആവശ്യപ്പെട്ടിരിക്കുകയാണ്. സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ ജുഡീഷ്യറിയും എക്‌സിക്യൂട്ടീവും തമ്മലുണ്ടാവുന്ന അത്രയേറെ അസാധാരണമായൊരു ബലാബലം എന്നു തന്നെ വേണം ഇതിനെ വിലയിരുത്താന്‍.

വാക്‌സിന്‍ നയത്തിന്റെ കാര്യത്തില്‍ ആദ്യം മുതല്‍ക്കേ കൃത്യമായ നിലപാടെടുത്ത സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ആരോഗ്യമേഖലയില്‍ ലോകത്തിന് പല തരത്തില്‍ മാതൃകയായിട്ടുള്ള സംസ്ഥാനം വാക്‌സിന്‍ ലഭ്യമാകുന്നമുറയ്ക്ക് എന്തുവിലകൊടുത്തും അതിന്റെ പൗരന്മാര്‍ക്ക് യാതൊരു വിധ വ്യത്യാസവുമില്ലാതെ സൗജന്യമായി കുത്തിവയ്പ്പു നല്‍കുമെന്നതായിരുന്നു നിലപാടെടുത്തത്. കേന്ദ്രം സൗജന്യമായി ലഭ്യമാക്കിയ വാക്‌സിന്റെ ഒരു തുള്ളി പോലും പാഴാക്കാതെ ഒരു കുപ്പിയില്‍ നിന്ന് പരമാവധി പേര്‍ക്ക് നല്‍കിക്കൊണ്ട് അവര്‍ വാക്കുപാലിക്കുകയും ചെയ്തു. അതിനിടെയിലാണ് ഏതോ ഒരു ഘട്ടത്തില്‍ കേന്ദ്രം വാക്‌സിനുകള്‍ക്ക് മൂന്നു തരം വില നിശ്ചയിക്കുകയും അതോടൊപ്പം തന്നെ 50% മാത്രമേ സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്‍കൂ എന്നും ബാക്കി സംസ്ഥാനങ്ങള്‍ കൂടിയ വിലയ്ക്ക് നേരിട്ടു നിര്‍മ്മാതാക്കളില്‍ നിന്നു വാങ്ങി നല്‍കണമെന്നും പറയുന്നത്.

18 വയസില്‍ താഴെയുള്ളവരുടെ കാര്യം വന്നപ്പോള്‍ അത് എല്ലാവരും കാശുകൊടുത്ത് കുത്തിവയ്‌പ്പെടുക്കണം എന്ന നിലപാടുമായി. ഇതോടെയാണ് സംസ്ഥാനങ്ങളും കേന്ദ്രവും തമ്മില്‍ പുതിയ തര്‍ക്കങ്ങളുടലെടുക്കുന്നതും വാക്‌സിന്‍ നയം കോടതികയറുന്നതും.
ഭരണഘടനയ്ക്ക് സംസ്ഥാന പട്ടികയും കണ്‍കറന്റ് പട്ടികയുമുണ്ട്. ആഭ്യന്തര സുരക്ഷ വിദേശകാര്യം പോലുള്ള വിഷയങ്ങള്‍ കേന്ദ്രത്തിന്റെ മാത്രം ഉത്തരവാദിത്തവും ആരോഗ്യം വിദ്യാഭ്യാസം പോലുള്ളവ ഫെഡറല്‍ സംവിധാനത്തില്‍ കേന്ദ്ര സംസ്ഥാനങ്ങള്‍ക്ക് കൂട്ടുത്തരവാദിത്തവും ഉള്ളവയാണ്. ഈ നിലയ്ക്ക് വാക്‌സിന്‍ മുഴുവന്‍ സൗജന്യമായി സംസ്ഥാനങ്ങള്‍ക്കു കൊടുക്കുന്നതിന്റെ തലവേദന തങ്ങളുടേതു മാത്രമല്ല, അത് സംസ്ഥാനങ്ങള്‍ കൂടി തുല്യമായി വഹിക്കണമെന്നതാണ് എന്‍.ഡി.എ.സര്‍ക്കാരിന്റെ വാദം. ആദ്യം കേള്‍ക്കുമ്പോള്‍ ഈ വാദം ശരിയാണു താനും. പ്രത്യേകിച്ച് ഇന്ത്യ ഒരു മിശ്ര സാമ്പത്തികശക്തിയായിരിക്കെ ഉള്ളവന് കാശുകൊടുത്ത് കുത്തിവയ്ക്കാനുള്ള കെല്‍പ്പുള്ളപ്പോള്‍ എന്തിന് സൗജന്യം എന്ന ചോദ്യം ന്യായം. പക്ഷേ…

ഈ പക്ഷേ ആണ് പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കുന്നത്.

സംസ്ഥാന സര്‍ക്കാര്‍ പലവിധ സൗകര്യങ്ങള്‍ ജനങ്ങള്‍ക്കു ലഭ്യമാക്കുന്നുണ്ട്. സ്വന്തമായൊരു ഭക്ഷ്യവകുപ്പും അവയ്ക്കുണ്ട്. ആ നിലയ്ക്ക് അതതു നാടുകളിലെ കാര്‍ഡുടമകളില്‍ അമ്പതു ശതമാനത്തിനേ ഇനി റേഷന്‍ നല്‍കൂ എന്നു കേന്ദ്രത്തിന് നിലപാടെടുക്കാനാവുമോ?
രാജ്യത്തെ മുഴുവന്‍ ബാധിക്കുന്ന മഹാമാരികള്‍ പോലുള്ള ദുരവസ്ഥകള്‍ക്കെതിരേ കാലാകാലങ്ങളില്‍ ദേശീയ നിവാരണ പദ്ധതികളും മിഷനുകളുമാണ് നിലവില്‍ വന്നത്. മലമ്പനി മുതല്‍ പോളിയോ വരെയുള്ളവയ്ക്ക് കുത്തിവയ്പ് മരുന്നുകള്‍ സംസ്ഥാനങ്ങള്‍ക്കെത്തിക്കുന്നത് കേന്ദ്രസര്‍ക്കാരാണ്. അതവരുടെ ധര്‍മ്മമാണ്. കാരണം രോഗം സംസ്ഥാന അതിര്‍ത്തി നോക്കി വ്യാപിക്കുന്ന ഒന്നല്ല. അണുക്കള്‍ക്ക് ഭൂപടവ്യത്യാസം ബാധകവുമല്ല. ആയതിനാല്‍ ഇന്ത്യയിലെ രോഗ ബാധ നിവാരണം ചെയ്യേണ്ടത് ഇന്ത്യന്‍ ഭരണകൂടത്തിന്റെ തന്നെ ഉത്തരവാദിത്തമാണ്. സംസ്ഥാനങ്ങളില്‍ ജീവിക്കുന്നവരെങ്കിലും അവിടത്തെ ഭാഷ സംസാരിക്കുന്നവരെങ്കിലും നമ്മളെല്ലാം ഇന്ത്യന്‍ പൗരന്മാരാണ്. ആ നിലയ്ക്ക് ഇന്ത്യയെ ബാധിക്കുന്ന ഒരു മഹാമാരിയെ സംഹരിക്കുന്നതില്‍ ഇന്ത്യന്‍ ഭരണകൂടം എടുക്കുന്ന ദേശീയ നിലപാട് എല്ലാവര്‍ക്കും സൗജന്യമായി തന്നെ ലഭിക്കാനുള്ള ഭരണഘടനാപരമായ ജന്മാവകാശം തന്നെ അവര്‍ക്കുണ്ട്. ആയതുകൊണ്ടു തന്നെ രാജ്യത്തെ മുഴുവന്‍ പൗരന്മാര്‍ക്കും അവര്‍ പാവപ്പെട്ടവരെന്നോ പണക്കാരെന്നോ നോക്കി വാക്‌സിന്‍ നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ല.

കാശുകൊടുത്ത് കുത്തിവയ്‌പ്പെടുക്കണമെന്നാണ് നയമെങ്കില്‍ അതു സ്വീകരിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം പണം മുടക്കുന്നവനുണ്ട്. അങ്ങനെ പണക്കാരനായ ഞാന്‍ വാക്‌സിന്‍ എടുക്കുന്നില്ല എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നിലവിലെ ആരോഗ്യസാഹചര്യങ്ങളില്‍ ഇന്ത്യയ്ക്ക് അനുവദിക്കാനാവില്ല. കാരണം, കുത്തിവയ്‌പ്പെടുക്കാതിരിക്കുന്നവര്‍ അവനവനു മാത്രമല്ല, മറ്റുള്ളവനു കൂടി ഭീഷണിയാവുന്ന അവസ്ഥയാണുള്ളത്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ വാക്‌സിനേഷന്‍ നിര്‍ബന്ധിതമായൊരു ആരോഗ്യ പ്രവര്‍ത്തനമാണ്. അതില്‍ നിന്ന് ആര്‍ക്കും ഒഴിഞ്ഞുനില്‍ക്കാനാവില്ല. ഒഴിച്ചു നിര്‍ത്താനും. ആ സ്ഥിതിക്ക് അത് സൗജന്യമായി തന്നെ കൊടുക്കേണ്ട ഉത്തരവാദിത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിന് ഒഴിയാനുമാവില്ല.

അനുദിനം ഉല്‍പാദകരുടെ ഇഷ്ടാനുസരണം ചോദിക്കാനും പറയാനുമാളില്ലാത്തവിധം കൂടിവരുന്ന ഇന്ധന വിലയുടെ കാര്യത്തില്‍ എന്ന പോലെ (ലോക വിപണിയില്‍ വില കുറഞ്ഞിട്ടും ഇവിടെ പ്രതിദിനം കൂട്ടുന്നതുപോലും ആരും ചോദിക്കുന്നില്ല) സംസ്ഥാനത്തിന് നികുതി വിഹിതം കുറച്ച് വില കുറച്ചു വിറ്റുകൂടേ എന്നു ചോദിക്കുന്ന മലയാളി കേന്ദ്രമന്ത്രിയുടെ വാദം തന്നെയാണ് വാക്‌സിനേഷന്റെ കാര്യത്തിലും അദ്ദേഹവും സംസ്ഥാന ബിജെപിയും ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നത്. ഇവിടെ സാങ്കേതികമായി ഒരു പ്രശ്‌നമുണ്ട്.

ഇന്ധനവിലയുടേതില്‍ നിന്ന് വ്യത്യസ്തമായി സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ള ഒരു സമീപനത്തെ അറിയേണ്ടതുണ്ട്. എന്തു വിലകൊടുത്തും സംസ്ഥാനത്തുള്ളവര്‍ക്ക് സൗജന്യമായി തന്നെ വാക്‌സിന്‍ കൊടുക്കും എന്നതാണത്. അങ്ങനെ തീരുമാനിച്ചാല്‍ പിന്നെന്തിന് സമാനമനസ്‌കരായ 11 സംസ്ഥാനങ്ങളെ കൂട്ടുപിടിച്ച് വീണ്ടും കേന്ദ്രത്തോട് വാക്‌സിന്‍ സൗജന്യമായി ചോദിക്കുന്നു എന്നതാണ് ബി.ജെ.പി അനുഭാവികളുടെ ചോദ്യം. ഇവിടെയാണ് പ്രശ്‌നം.

കേരളം പോലൊരു സംസ്ഥാനത്തിന് താങ്ങാനാവുന്ന സാമ്പത്തിക ബാധ്യതയല്ല വാക്‌സിന് വേണ്ടിവരുന്നത്. കുറഞ്ഞപക്ഷം കേന്ദ്രത്തിന് ലഭിക്കുന്ന വിലയ്‌ക്കെങ്കിലും സംസ്ഥാനത്തിന് വാക്‌സിന് ലഭിക്കാനുള്ള അവകാശം ഫെഡറല്‍ സംവിധാനത്തില്‍ നമുക്കുണ്ട്. അതിലുപരി, വാക്‌സിന്‍ ചാലഞ്ച് പോലുള്ള ജനകീയ മുന്നേറ്റങ്ങളിലൂടെ കാശു കണ്ടെത്തി വാക്‌സിന്‍ വാങ്ങാനുള്ള പുറപ്പാടില്‍ തന്നെയാണ് സംസ്ഥാനം. എന്നിട്ടും കേന്ദ്രത്തെ വിമര്‍ശിച്ച് സംസ്ഥാന നിയമസഭ ഐകകണ്‌ഠ്യേന പ്രമേയം പാസാക്കുന്നതും കേന്ദ്രത്തോട് സൗജന്യ വാക്‌സിന്‍ ആവശ്യപ്പെടുന്നതും എന്തിന് എന്നു ചോദിച്ചാല്‍, കാശുകൊടുത്തു വാങ്ങാനുള്ള കെല്‍പ്പുണ്ടെങ്കിലും നികുതി കൊടുത്തു നിയമം പാലിച്ചു ജീവിക്കുന്ന ഇന്ത്യന്‍ പൗരനെന്ന നിലയ്ക്ക് സൗജന്യമായി വാക്‌സിന്‍ പോലെ ചിലതു ലഭിക്കാനുള്ള മൗലികാവകാശം പൗരന് ഭരണഘടന നല്‍കുന്നതുകൊണ്ടാണ് എന്നതാണുത്തരം. ഒരുവശത്ത് ഉള്ളവനില്‍ നിന്ന് കാശുപിരിവെടുത്ത് സൗജന്യമായി വാക്‌സിന്‍ നല്‍കാന്‍ ശ്രമിക്കുമ്പോഴും, കേന്ദ്രം സൗജന്യമായി നല്‍കിയാല്‍ അതുപോലും വേണ്ടല്ലോ എന്ന ചിന്തകൊണ്ടുകൂടിയാണ് ന്യായമായി ലഭിക്കേണ്ട ഒരു സൗജന്യത്തിനായി സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവും കൈകോര്‍ക്കുന്നത്.

ജീവിക്കാനും ശ്വസിക്കാനും ചിന്തിക്കാനും പറയാനും ഉണ്ണാനും ഉറങ്ങാനുമൊക്കെ പണമുള്ളവനും ഇല്ലാത്തവനും തുല്യാവകാശം പ്രദാനം ചെയ്യുന്ന ഇന്ത്യന്‍ ഭരണഘടന ഇത്തരം വിവേചനങ്ങളെ ഉള്‍ക്കൊള്ളുന്നില്ല. അതുകൊണ്ടാണ് ജസ്റ്റിസ് ചന്ദ്രചൂഢ് നേതൃത്വം നല്‍കുന്ന സുപ്രീം കോടതി ഡിവിഷന്‍ ബഞ്ചും ഇതര സംസ്ഥാന ബഞ്ചുകളും ഇക്കാര്യത്തില്‍ ഒരുപോലെ കേന്ദ്രത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. വാക്‌സിന്‍ പോലെ ഒരു കാര്യത്തെ സാമ്പത്തിക ശേഷിക്കനുസരിച്ച് തുറന്ന കമ്പോളത്തില്‍ നിന്നു വാങ്ങാവുന്ന ഒന്നായി വിഭാവന ചെയ്തതിലാണ് കേന്ദ്ര സര്‍ക്കാരിന് അടിസ്ഥാനപരമായി തെറ്റുപറ്റിയത്.അതുകൊണ്ടാണല്ലോ ഓപ്പണ്‍ മാര്‍ക്കറ്റ് പ്രൈസിങ് പോലൊന്ന് കോവിഡ് വാക്‌സിന്റെ കാര്യത്തില്‍ അവരനുവദിച്ചത്. ജനങ്ങളുടെ ജീവിതത്തെ വിപണയുമായി താദാത്മ്യം ചെയ്ത ആ തീരുമാനം വേണ്ടത്ര ചിന്തിക്കാതെ ആയിപ്പോയി. അതാണവരെ കോടതിക്കു മുന്നില്‍ എത്തിച്ചത്.

ഉള്ളവനെന്താ പൈസ കൊടുത്തു കുത്തിവച്ചാല്‍ എന്നു പൗരന്റെ നേര്‍ക്കു ചോദ്യമെറിയുന്ന സമയത്ത്, ഊട്ടിവളര്‍ത്തുന്ന കോര്‍പറേറ്റുകള്‍ക്കായി കേരളമാതൃകയില്‍ ഒരു വാക്‌സിന്‍ ചാലഞ്ച് നടത്തി രാജ്യത്തിനു മുഴുവന്‍ സൗജന്യ വാക്‌സിന്‍ നല്‍കാനുള്ള ബുദ്ധി എന്തുകൊണ്ട് കേന്ദ്ര സര്‍ക്കാരിനുണ്ടാവുന്നില്ല? അങ്ങനെ ഉള്ളവനില്‍ നി്ന്നു പിരിവെടുത്ത് സ്വന്തം നേട്ടം പോലെ രാജ്യമൊട്ടുക്ക് സൗജന്യ വാക്‌സിന്‍ കൊടുത്ത് അതിന്റെ രാഷ്ട്രീയ നേട്ടം കൈയാളുന്നതിനുപകരം അപക്വമായ നയരൂപീകരണത്തിലൂടെ ജുഡീഷ്യറിക്കു മുന്നില്‍ തോറ്റുകൊണ്ട് പിന്‍വലിയേണ്ടിവരുന്ന ഗതികേടിനെപ്പറ്റിയാണ് അവര്‍ ഉറക്കെ ചിന്തിക്കേണ്ടത്.

ടിപ്പണി: രാഷ്ട്രീയപരമായി ബിജെപിക്ക് കേരളത്തില്‍ വേരുനഷ്ടമാവുന്നതിന്റെ പ്രധാനകാരണം പ്രതിസന്ധികളിലും ആപത്തിലും കേരളത്തിലെ ജനങ്ങളോടൊപ്പം നില്‍ക്കതെ കേന്ദ്ര നയങ്ങളെ അന്ധമായി ന്യായീകരിച്ചുകൊണ്ട് അവര്‍ക്കിടയില്‍നിന്ന് കൂടുതല്‍ കൂടുതല്‍ അകന്നുകൊണ്ടിരിക്കുന്ന സംസ്ഥാന പാര്‍ട്ടി നേതൃത്വമാണ് എന്ന കാര്യം ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്തത് അവര്‍ മാത്രമാണ്. അമളികളില്‍ നിന്ന് അമളികളിലേക്കു മാത്രം അവരുടെ നീക്കങ്ങള്‍ ചെന്നുവീഴുന്നതും മറ്റൊന്നും കൊണ്ടല്ല. വാക്‌സിന്റെ കാര്യത്തിലും ഇന്ധനവിലയുടെ കാര്യത്തിലും നിങ്ങള്‍ക്കൊപ്പമുണ്ട് ഞങ്ങള്‍. നമ്മുടെ വികാരം ഞ്ങ്ങള്‍ തീര്‍ച്ചയായും കേ്ന്ദ്രത്തെ അറിയിക്കാം എന്നൊരു ഭംഗിവാക്കെങ്കിലും പറയാന്‍ ബി.ജെ.പി. സംസ്ഥാന നേതൃത്വം എന്നു തയാറാകുമോ അന്നേ അവരൊപ്പമുണ്ടെന്ന് കേരളത്തിലെ ഭൂരിപക്ഷം സംശയത്തോടെയെങ്കിലും വിശ്വസിക്കാന്‍ ശ്രമിച്ചു തുടങ്ങൂ. ഞങ്ങള്‍ക്കും ചില പരിമിതികളുണ്ട്. സാമ്പത്തികമായി കേന്ദ്രത്തിനും പരിമിതികളുണ്ട്. ഞങ്ങള്‍ ഒപ്പമുണ്ട്. നിങ്ങള്‍ അറിഞ്ഞു സഹകരിക്കണം എന്നൊരു നിലപാടെങ്കിലും ഇക്കാര്യത്തിലൊക്കെ പൗരന്മാര്‍ ഭരണകൂടത്തില്‍ നിന്ന് അര്‍ഹിക്കുന്നുണ്ട്, ആഗ്രഹിക്കുന്നുണ്ട്. അവിടെ നയപരം ഭരണപരം തുടങ്ങിയ സാങ്കേതികതയെടുത്തു വീശി മൃഗീയഭൂരിപക്ഷത്തിന്റെ ധാര്‍ഷ്ട്യം വീശുമ്പോഴാണ് ദുര്‍ബലനും അവന്റെ സകലബലവുമെടുത്ത് പ്രതിരോധിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close