INDIANEWSTop News

വാക്‌സീന്‍ വിതരണത്തിലെ അനിശ്ചിതത്വം സംബന്ധിച്ച് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിനെതിരെ ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍; “അഹങ്കാരത്തിനും വിവരമില്ലായ്മയ്ക്കും വാക്‌സീന്‍ കണ്ടെത്തിയിട്ടില്ല”

ഡല്‍ഹി: വാക്‌സീന്‍ വിതരണത്തിലെ അനിശ്ചിതത്വം സംബന്ധിച്ച് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിനെതിരെ ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. അഹങ്കാരത്തിനും വിവരമില്ലായ്മയ്ക്കും വാക്‌സീന്‍ കണ്ടെത്തിയിട്ടില്ലന്നും, നേതൃമാറ്റത്തെ കുറിച്ച് കോണ്‍ഗ്രസ് ചിന്തിക്കണം’ – എന്നും ഹര്‍ഷവര്‍ധന്‍ ട്വിറ്ററില്‍ കുറിച്ചു.
കോവിഡ് വാക്‌സീന്‍ ലഭ്യതക്കുറവ് ചൂണ്ടിക്കാട്ടി വിമര്‍ശനമുന്നയിച്ച രാഹുല്‍ ഗാന്ധിക്കെതിരെയായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രിയുടെ പോസ്റ്റ്.

വാക്‌സീന്‍ വിതരണവുമായി ബന്ധപ്പെട്ട് നല്‍കിയ വിശദീകരണം പോലും കാണാതെ രാഹുല്‍ ഗാന്ധി നടത്തുന്ന വിമര്‍ശനങ്ങള്‍ അഹങ്കാര സൂചകമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജൂലൈയിലെ വാക്‌സീന്‍ ലഭ്യതയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയിച്ചതാണ്. എന്താണ് രാഹുല്‍ ഗാന്ധിയുടെ പ്രശ്‌നം?, അത് വായിച്ചില്ലേ? അതോ മനസിലായില്ലേ? അഹങ്കാരത്തിനും വിവരമില്ലായ്മയ്ക്കും വാക്‌സീന്‍ കണ്ടെത്തിയിട്ടില്ല, നേതൃമാറ്റത്തെ കുറിച്ച് കോണ്‍ഗ്രസ് ചിന്തിക്കണം’ – എന്നും ഹര്‍ഷവര്‍ധന്‍ ട്വിറ്ററില്‍ കുറിച്ചു.

വാക്‌സീന്‍ വിതരണത്തിലെ അനിശ്ചിതത്വം സംബന്ധിച്ച് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിനാണ് ഹര്‍ഷവര്‍ധന്റെ രൂക്ഷ വിമര്‍ശനം. ജൂലൈ എത്തിയിട്ടും വാക്‌സീന്‍ എത്തിയില്ലെന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. വാക്‌സീന്‍ വിതരണത്തിനെതിരെ പ്രതിപക്ഷ നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്തുകയാണെന്ന് ഹര്‍ഷവര്‍ധന്‍ നേരത്തെ ആരോപിച്ചിരുന്നു.75 ശതമാനം വാക്‌സീന്‍ സൗജന്യമാക്കിയതിന് പിന്നാലെ ജൂണ്‍ മാസത്തില്‍ 11.5 കോടി ഡോസ് വാക്‌സീന്‍ നല്‍കാന്‍ സാധിച്ചിട്ടുണ്ടെന്നും മന്ത്രി ട്വീറ്റില്‍ വ്യക്തമാക്കിയിരുന്നു.

1.24 കോടി ഡോസ് വാക്‌സീന്‍ സംസ്ഥാനങ്ങളില്‍ ഉപയോഗിക്കാന്‍ ഇനിയും ബാക്കിയുണ്ട്. 94.6 ലക്ഷം ഡോസ് വാക്‌സീന്‍ വിവിധ സംസ്ഥാനങ്ങള്‍ക്കായി അടുത്ത ദിവസങ്ങളില്‍ ലഭ്യമാക്കും. കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ 32. 92 കോടി ഡോസ് വാക്‌സീന്‍ സൗജന്യമായി സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close