
ന്യൂഡല്‍ഹി: പ്രധാനമന്ത്രി കസേരയില്‍ അപൂര്‍വനേട്ടം സ്വന്തമാക്കി നരേന്ദ്ര മോദി. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രിമാരുടെ പട്ടികയില്‍ മോദി നാലാം സ്ഥാനത്തെത്തി.ബിജെപി പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്പേയെ മറികടന്നാണ് മോദി നാലാം സ്ഥാനത്തെത്തിയത്. ഇപ്പോള്‍ മോദിക്ക് മുന്പിലുള്ളത് മൂന്ന് കോണ്‍ഗ്രസ് പ്രധാനമന്ത്രിമാര്‍ മാത്രം. വാജ്പേയ് 2,268 ദിവസമാണ് മൂന്ന് ടേമുകളിലായി പ്രധാനമന്ത്രി കസേരയിലിരുന്നത്. വ്യാഴാഴ്ചയോടെ നരേന്ദ്ര മോദി ഇതു മറികടന്നു. രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കാനിരിക്കെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ അപൂര്‍വ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി കസേരയിലിരുന്ന കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രിയെന്ന വിശേഷണവും ഇനി മോദിക്ക് സ്വന്തം.
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവാണ് പ്രധാനമന്ത്രി കസേരയില്‍ ഏറ്റവും കൂടുതല്‍ കാലം ഉണ്ടായിരുന്നത്. ഇന്ദിര ഗാന്ധി രണ്ടാമതും മന്മോഹന് സിങ് മൂന്നാമതുമാണ്. ഇവര്‍ക്കു ശേഷമാണ് ഇപ്പോള്‍ മോദിയുടെ സ്ഥാനം. നെഹ്റു 17 വര്‍ഷത്തോളം ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനം അലങ്കരിച്ചു. രണ്ടാം സ്ഥാനത്തുള്ള ഇന്ദിര ഗാന്ധി വിവിധ ടേമുകളിലായി 11 വര്‍ഷം പ്രധാനമന്ത്രി കസേരയിലുണ്ടായിരുന്നു. 2004 മുതല്‍ 2014 വരെ കാലഘട്ടത്തിലാണ് മന്മോഹന് സിങ് ഇന്ത്യയുടെ പ്രധാനമന്ത്രി കസേരയിലുണ്ടായിരുന്നത്. രാജ്യത്തിന്റെ 14-ാമത്തെ പ്രധാനമന്ത്രിയായി 2014 മെയ് 26-നാണ് നരേന്ദ്ര മോദി അധികാരത്തിലെത്തുന്നത്. 2019 മെയ് 30 ന് അധികാര തുടര്‍ച്ച ലഭിച്ചു. ഓഗസ്റ്റ് 15 ശനിയാഴ്ച ഇന്ത്യ 74-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. നരേന്ദ്ര മോദി ഏഴാം തവണയാണ് ചെങ്കോട്ടയില്‍ ഇന്ത്യന്‍ ദേശീയപതാക ഉയര്‍ത്താന്‍ പോകുന്നത്.