INSIGHTNEWSTrending

വായനക്കും അറിവിനും അപ്പുറമാണ് ​ഗ്രന്ഥശാലകളുടെ പ്രവർത്തനങ്ങൾ; മഹാമാരിക്കാലത്ത് പുത്തൻ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത് ​ഗ്രന്ഥശാല പ്രസ്ഥാനം; മാറിയ ലോകത്ത് മാറിയ കാഴ്ച്ചപ്പാടുകളുമായി നാളെ വായനാ ദിനം

ദീപ പ്രദീപ്

വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും..വായിച്ചു വളര്‍ന്നാല്‍ വിളയും വായിക്കാതെ വളര്‍ന്നാല്‍ വിളയും എന്ന് കുഞ്ഞുണ്ണിമാഷ് പാടിയപ്പോള്‍ അത് പതിഞ്ഞ കാതുകള്‍ക്കപ്പുറം മനുഷ്യന്‍ മാത്രം അവശേഷിക്കുന്ന ഭൂമിയില്‍ പുസ്തകങ്ങള്‍ അന്യമായി കൊണ്ടിരിക്കുകയാണ്.നാനോ കഥകളിലേയ്ക്കും ഹൈക്കു കവിതകളിലേയ്ക്കും ഫോര്‍വേഡ് മെസേജുകളിലേയ്ക്കും വായന ചുരുങ്ങിയിരിക്കുന്നു. പുസ്തകം വിലകൊടുത്ത് വാങ്ങുന്നവരുടെ എണ്ണം നന്നേ കുറയുകയും തിരക്കുകളിലേക്ക് ഓടിഒളിക്കുകയും ചെയ്യുന്ന കാലഘട്ടത്തിലാണ് നമ്മള്‍ വായനദിനം ആഘോഷിക്കുന്നത്. വിശപ്പുകൊണ്ട് ഇരുട്ടുകയറിയ കണ്ണുകളില്‍ വായനശാലയില്‍ നിന്ന് വായിച്ച പുസ്തകങ്ങള്‍ വെളിച്ചം പകര്‍ന്നിരുന്നു എന്ന് പറഞ്ഞാല്‍ പുതുതലമുറയ്ക്ക് അത് വിശ്വസിക്കാനാവാത്ത ചരിത്രമാണ്. ഗ്രന്ഥാലയങ്ങള്‍ പുസ്തക സൂക്ഷിപ്പ് പുരകള്‍ മാത്രമായിരുന്നില്ല. റേഡിയോ സെന്ററുകളും നാടക വേദികളും യുവജന വേദികളും ചേര്‍ന്ന വിനോദ വിജ്ഞാന കൈമാറ്റത്തിന്റെ വലിയ ഇടമായിരുന്നു.എന്നാല്‍ വായനശാലകളുടെ വാതയാനങ്ങള്‍ അടഞ്ഞപ്പോള്‍ പതിയെ അതില്‍ നിന്ന് ഉള്‍ക്കൊണ്ട ചൂരും ചൂടും വന്ന വഴികളിലെവിടെയോ നമുക്ക് നഷ്ടമായി.

ഗ്രന്ഥശാല പ്രസ്ഥാനം

സമാനതകള്‍ ഇല്ലാത്ത സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന ഒരു സാംസ്‌കാരിക കൂട്ടായ്മയാണ് കേരളത്തിലെ ഗ്രന്ഥശാലകള്‍.കേരളീയ സമൂഹം ഏറെ പ്രതീക്ഷ യോടെയാണ് ഈ ഗ്രന്ഥശാല പ്രസ്ഥാനത്തെ കാണുന്നത്.കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക വളര്‍ച്ചയില്‍ ഈ പ്രസ്ഥാനം വഹിച്ച പങ്കു വളരെ വലുതാണ്.ഈ സംസ്ഥാനത്തിലെ ഗ്രാമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അംഗീകാരം ഉള്ള ഏതാണ്ട് എണ്ണായിരത്തോളം ഗ്രന്ഥപുരകള്‍ കൂടുതല്‍ സജീവവും ചലനാത്മകവും ആകണം. എങ്കില്‍ മാത്രമേ സമൂഹത്തിലെ തിന്മകള്‍ക്കും അനീതികള്‍ക്കും എതിരായ ജനമുന്നേറ്റം ശക്തമാക്കാന്‍ കഴിയു.

കേരളത്തിലെ ഗ്രാമീണ ഗ്രന്ഥപ്പുരകള്‍ ഒരു പക്ഷെ ലോകത്തിലെ അകദമിക് ലൈബ്രറി കളുമായി താരതമ്യ പ്പെടുത്തുമ്പോള്‍ വളരെ പിന്നോക്കം നില്‍ക്കുന്നതായി കാണാം.എന്നാല്‍ ഇവിടുത്തെ അത്ര ജനകീയ അടിത്തറ മറ്റൊരിടത്തും കാണില്ല .ദേശീയ പ്രസ്ഥാനത്തിന്റെയും നവോഥാന പ്രസ്ഥാനത്തിന്റെയും സന്ദേശം മുള്‍ക്കൊള്ളുന്ന പുരോഗമന സാഹിത്യകൃതികള്‍ നാട്ടിലെ ജനങ്ങളുടെ ഇടയില്‍ എത്തിക്കാന്‍ വായനശാലകള്‍ക്കു കഴിഞ്ഞു. അങ്ങനെ നോക്കുമ്പോള്‍ കേരളീയ സമൂഹത്തെ ഈ അവസ്ഥയില്‍ എത്തിച്ചതില്‍ ഗ്രന്ഥശാലകളുടെ പങ്ക് അവിസ്മരണീയമാണ് .

‘വിദ്യകൊണ്ട് പ്രബുദ്ധരാവുക സംഘം കൊണ്ട് ശക്തരാവുക’

1945ല്‍ തിരുവിതാംകൂറിലെ 47 ഗ്രന്ഥശാലകളിലെ പ്രവര്‍ത്തകര്‍ സംഘടിച്ച് തിരുവിതാകൂര്‍ ഗ്രന്ഥശാല സംഘം രൂപീകരിച്ചതോടെയാണ് ഗ്രന്ഥശാലകളുടെ സംഘടിത രൂപത്തിന് തുടക്കമാകുന്നത്. ‘വിദ്യകൊണ്ട് പ്രബുദ്ധരാവുക സംഘം കൊണ്ട് ശക്തരാവുക’ എന്ന ശ്രീനാരായണ ഗുരു വാക്യം അതേപടി പകര്‍ത്തിയത് ഗ്രന്ഥശാല സംഘമാണെന്ന് നിസ്സംശയം പറയാം. നാട്ടുരാജ്യങ്ങള്‍ ഭരിച്ചിരുന്ന രാജാക്കന്മാരും മറ്റ് ഭരണാധികാരികളും ഗ്രന്ഥശാലകളുടെ വളര്‍ച്ചയ്ക്ക് നിര്‍ണായകമായ പങ്കുവഹിച്ചിരുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും ഗ്രന്ഥശാലകളുടെ വളര്‍ച്ചയ്ക്ക് വലിയ സ്വാധീനം ചെലുത്തി.കേരളത്തിലെ അല്ലെങ്കില്‍ ഇന്ത്യയിലെ തന്നെ ആദ്യത്തെ ജനകീയ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് സകലകലാവല്ലഭനും ഭരണ പ്രതിഭയുമായിരുന്ന ശ്രീ സ്വാതീതിരുനാള്‍ മഹാരാജാവായിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്തും ബ്രിട്ടീഷ് റസിഡന്റുമായ കേണല്‍ എഡ്വേഡ് കഡോഗന്റെ സഹായത്തോടെ 1829ല്‍ സ്ഥാപിച്ചതാണ് തിരുവനന്തപുരം പബ്ലിക് ലൈബ്രറി എന്ന ഇന്നത്തെ സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി. ജനങ്ങളെ ഉദ്ബുദ്ധരാക്കുവാനുള്ള സ്വാതി തിരുനാളിന്റെ ഭരണ പദ്ധതികളില്‍ ആദ്യത്തേത് സൗജന്യ വിദ്യാഭ്യാസവും രണ്ടാമത്തേത് ലൈബ്രറി സര്‍വീസും ആയിരുന്നു. ലൈബ്രറി 1900ല്‍ ശ്രീമൂലം തിരുനാള്‍ മഹാരാജാവ് മനോഹരമായ പുതിയ കെട്ടിടം പണിത് കൂടുതല്‍ ജനകീയമാക്കി.

തിരുവനന്തപുരം പബ്ലിക് ലൈബ്രറിയുടെ മാതൃകയില്‍ 1858ല്‍ കോട്ടയം പബ്ലിക് ലൈബ്രറി സ്ഥാപിതമായി. തിരുവനന്തപുരം പബ്ലിക് ലൈബ്രറി കഴിഞ്ഞാല്‍ ഏറ്റവുമധികം പഴക്കമുള്ളത് കോട്ടയം പബ്ലിക് ലൈബ്രറിക്കാണ്. 1861ല്‍ കൊച്ചിയിലെ ആദ്യത്തെ പൊതുജന ഗ്രന്ഥശാലയായ എറണാകുളം പബ്ലിക്ക് ലൈബ്രറി തുറന്നു. 1873ല്‍ തൃശൂര്‍ പബ്ലിക് ലൈബ്രറി സ്ഥാപിതമായി, ദേശീയ പ്രസ്ഥാനത്തിനൊപ്പം വളര്‍ന്ന തൃശൂര്‍ പബ്ലിക് ലൈബ്രറിക്ക് ഡോ എ ആര്‍ മേനോന്‍, കുറൂര്‍ നമ്പൂതിരിപ്പാട്, ഇക്കണ്ട വാര്യര്‍ എന്നിവര്‍ നേതൃത്വം കൊടുത്തു. 1889ല്‍ വിക്ടോറിയ ജൂബിലി റീഡിങ് റൂമും ലൈബ്രറിയും ഇരിങ്ങാലക്കുടയില്‍ സ്ഥാപിതമായി. 1912ല്‍ കൊടുങ്ങല്ലൂരില്‍ പബ്ലിക് ലൈബ്രറിയും 1913ല്‍ തിരുവനന്തപുരത്ത് വഞ്ചിയൂരില്‍ ശ്രീ ചിത്തിര തിരുനാള്‍ ഗ്രന്ഥശാലയും സ്ഥാപിതമായി. 1924ല്‍ കോഴിക്കോട് പബ്ലിക് ലൈബ്രറിയും രൂപീകൃതമായി. തിരുവനന്തപുരം പബ്ലിക് ലൈബ്രറി മാതൃകയിലായിരുന്നു ഈ ഗ്രന്ഥശാലയും രൂപീകൃതമായത്. 1934ല്‍ കൊല്ലത്ത് ചങ്ങനാശേരി സ്മാരക ഐവര്‍കാല ഗ്രന്ഥശാല സര്‍ദാര്‍ കെഎം പണിക്കരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു.തിരുവിതാംകൂറിലും കൊച്ചിയിലും സര്‍ക്കാര്‍ സഹായത്താലാണ് ഗ്രന്ഥശാലകള്‍ രൂപം കൊണ്ടതെങ്കില്‍ മലബാറില്‍ ദേശീയ പ്രസ്ഥാനത്തിന്റെ കരുത്തായി സ്വാതന്ത്ര്യ ബോധത്തിന്റെ വായനയ്ക്കാണ് വായനശാലകള്‍ രൂപം കൊണ്ടത്.

ക്രിസ്ത്യന്‍ മിഷണറിമാരുടെ ശ്രമഫലമായി 1901ല്‍ തലശേരിയില്‍ രൂപം കൊണ്ട വിക്ടോറിയ സ്മാരക ലൈബ്രറി അക്കാലത്തെ പ്രധാന ലൈബ്രറിയായിരുന്നു. സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ തീജ്വാലകള്‍ ഹൃദയത്തില്‍ പേറിയ സ്വാഭിമാനികളായ മലബാറുകാര്‍ ഗ്രന്ഥാലയത്തിന്റെ പേര് ആസാദ് സ്മാരക ലൈബ്രറി എന്ന് മാറ്റി ചരിത്രപരമായ ഉത്തരവാദിത്തം നിറവേറ്റി.മലബാറിന്റെ ഗ്രന്ഥശാലാ വളര്‍ച്ചയ്ക്ക് ആധാരമായ ഘടകങ്ങളെ ഡോ സി ഉണ്ണികൃഷ്ണന്‍ ‘ഗ്രന്ഥശാല പ്രസ്ഥാനം കേരളത്തില്‍’ എന്ന പുസ്തകത്തില്‍ ഏഴായി തിരിച്ചിരിക്കുന്നു. പാശ്ചാത്യ മിഷണറിമാരുടെ സംഭാവനയായ ഗ്രന്ഥശാലകള്‍ (തലശേരി പബ്ലിക് ലൈബ്രറി), ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി ഉണ്ടായി വന്ന ഗ്രന്ഥശാലകള്‍ (കണ്ണൂര്‍ പബ്ലിക് ലൈബ്രറി, കോഴിക്കോട് സന്മാര്‍ഗദര്‍ശി ഗ്രന്ഥശാല, തിരൂര്‍ ഗ്രാമബന്ധു ഗ്രന്ഥശാല, കോഴിക്കോട് ഐക്യകേരള ഗ്രന്ഥശാല), എകെജിയുടെയും കെപിആര്‍ ഗോപാലന്റെയും നേതൃത്വത്തില്‍ കര്‍ഷക തൊഴിലാളി പ്രസ്ഥാനത്തിന്റെ ഭാഗമായി ഉയര്‍ന്നുവന്ന ഗ്രന്ഥശാലകള്‍, ഇന്ത്യന്‍ ഗ്രന്ഥശാലാ വിജ്ഞാനത്തിന്റെ കുലപതി ഡോ എസ് ആര്‍ രംഗനാഥന്റെ സ്വാധീനത്തില്‍ സ്ഥാപിതമായ ഗ്രന്ഥശാലകള്‍, നവോത്ഥാന പ്രസ്ഥാനത്തിന്റെ ഭാഗമായി ഉണ്ടായ ഗ്രന്ഥശാലകള്‍, സാംസ്‌കാരിക പ്രവര്‍ത്തകരും അഭ്യസ്തവിദ്യരുമായ യുവാക്കളാല്‍ രൂപപ്പെട്ട ഗ്രന്ഥശാലകള്‍, അധ്യാപക സമൂഹത്തിന്റെ സംഭാവയായി സ്ഥാപിതമായ ഗ്രന്ഥശാലകള്‍ എന്നിവയാണ് അവ. അധ്യാപകര്‍ കേരളത്തിലെ വായനശാലകള്‍ക്ക് നല്‍കിയ സംഭാവനകളുടെ അവഗാഹം മനസിലാക്കാന്‍ പിഎന്‍ പണിക്കര്‍ എന്ന നാമം തന്നെ മതിയാകും. എകെജിയും മറ്റ് കോണ്‍ഗ്രസ് സോഷ്യലിസ്റ്റുകളും കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തിലേയ്ക്ക് കടന്നുവന്നത് ഗ്രന്ഥശാല പ്രവര്‍ത്തനങ്ങളിലൂടെയാണ്. അവരില്‍ ഏറിയ പങ്കും അധ്യാപകരായിരുന്നു എന്നതും ശ്രദ്ധേയം.

ഗ്രന്ഥശാലകള്‍ ഇല്ലാത്ത ഒരു ഗ്രാമവും കേരളത്തില്‍ ഉണ്ടാവരുത് എന്ന് സ്വപ്‌നം കണ്ട പി എന്‍ പണിക്കര്‍

ഗ്രന്ഥശാലകള്‍ ഇല്ലാത്ത ഒരു ഗ്രാമവും കേരളത്തില്‍ ഉണ്ടാവരുത് എന്ന് സ്വപ്നം കണ്ട പി.എന്‍.തന്റെ സ്വപ്നസാക്ഷാത്കാരത്തിനായി രാപ്പകലില്ലാതെ അധ്വാനിച്ചു. വീടുകള്‍തോറും കയറി പുസ്തകങ്ങള്‍ ശേഖരിച്ച് 1926-ല്‍ ജന്മനാട്ടില്‍ ‘സനാതനധര്‍മ്മം’ എന്ന വായനശാല സ്ഥാപിച്ചു. വര്‍ത്തമാനപത്രങ്ങള്‍ ചുരുക്കമായിരുന്നു അക്കാലത്ത് ഗ്രാമീണ ചായക്കടകളില്‍ പത്രം വായിക്കാന്‍ എത്തുന്ന സാധാരണക്കാര്‍ക്ക് ആശ്വാസ കേന്ദ്രമായി സനാതനധര്‍മം വായനശാല മാറി. നാട്ടു വെളിച്ചത്തിന്റെ ഇത്തിരി വെട്ടത്തില്‍ തുടങ്ങിയ ഗ്രന്ഥശാലകളെല്ലാം പിന്നീട് നാടിന്റെ സാംസ്‌കാരിക കേന്ദ്രങ്ങളായി വളര്‍ന്നു.ഗ്രന്ഥശാലകള്‍ക്ക് സംഘടിത രൂപമുണ്ടായത് പി.എന്‍. പണിക്കരുടെ ശ്രമഫലമായിരുന്നു. 1945 – ല്‍ അമ്പലപ്പുഴ പി.കെ.മെമ്മോറിയല്‍ ഗ്രന്ഥശാലയില്‍ വച്ച് അദ്ദേഹം വിളിച്ചു ചേര്‍ത്ത തിരുവതാംകൂര്‍ ഗ്രന്ഥശാല സംഘത്തിന് അംഗീകാരം ലഭിക്കുകയും 1946 മുതല്‍ 250 രുപ പ്രവര്‍ത്തനഗ്രാന്റ് ലഭിക്കുകയും ചെയ്തു.’വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക’ എന്ന മുദ്രാവാക്യവുമായി 1970 നവംമ്പര്‍, ഡിസംബര്‍ മാസങ്ങളിലായി തിരുവനന്തപുരം പാറശാല മുതല്‍ കാസര്‍ഗോഡ് വരെ പി.എന്‍ പണിക്കരുടെ നേതൃത്വത്തില്‍ കാല്‍നടയായി നടത്തിയ സാംസ്‌കാരിക ജാഥ കേരള ചരിത്രത്തിലെ തന്നെ പ്രധാന ഏടുകളില്‍ ഒന്നായിരുന്നു.

ഓര്‍മകളില്‍ മങ്ങിപ്പോയ ഗ്രാമീണ ഗ്രന്ഥശാലകള്‍ അക്ഷരസേനയിലൂടെ ഉയര്‍ത്തെഴുന്നേല്‍ക്കുന്നു..

കൊവിഡ് കാലമായതുകൊണ്ടുത്തന്നെ ഗ്രന്ഥശാലകള്‍ വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കാത്തവര്‍ക്കായി ഇപ്പോള്‍ വീടുകളില്‍ പുസ്തകങ്ങള്‍ എത്തിച്ചു നല്കുന്ന രീതിയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് അക്ഷരസേനകള്‍.ഫോണില്‍ വിളിച്ച് പുസ്തകവിവരം ചോദിക്കുകയും ആവശ്യപ്പെടുകയും ചെയ്യുന്ന പുസ്തകം വീട്ടിലെത്തും.നോവലും ചെറുകഥകളും ആണ് കൂടുതല്‍ പേരും ആവശ്യപ്പെടുന്നത്.അപ്പോഴും യുവതലമുറ തേടുന്നത് ശാസ്ത്രവിഷയങ്ങളും പൊതുവിജ്ഞാനപുസ്തകങ്ങളും ആണ്.

വായനയെ പരിപോഷിപ്പിക്കുന്നതിനോടൊപ്പം ഗ്രാമീണ മനസ്സുകളുടെ സംഗമകേന്ദ്രംകൂടിയായ ഗ്രന്ഥശാലയുടെ അക്ഷരസേന ഇന്ന് അതിജീവനത്തിന്റെ ഭാഗമായി കോവിഡ് പ്രതിരോധ പ്രവര്‍ത്തനം നടത്തിവരുന്നു. കോവിഡ് പ്രതിരോധത്തിനായി 5000 പേരുടെ അക്ഷരസേനയാണ് സജീവമായി രംഗത്തുള്ളത്. പരിശീലനം ലഭിച്ച സേന കോവിഡ് കരുതല്‍ കേന്ദ്രങ്ങളില്‍ ഭക്ഷണവും മരുന്നും കോവിഡ് പ്രതിരോധ ഉപകരണങ്ങളും എത്തിക്കുന്നുണ്ട്. ജില്ലയില്‍നിന്നു 15 ലക്ഷം രൂപ വാക്‌സിന്‍ ചലഞ്ചിലേക്ക് സമാഹരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അക്ഷരസേന ഏറ്റെടുത്തിരിക്കുകയാണ്. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് താലൂക്ക് കൗണ്‍സിലുകളും ജില്ലാസമിതിയും നേതൃത്വം നല്‍കുന്നു.ലൈബ്രറി കൗണ്‍സിലിന്റെ സംവിധാനമായ അക്ഷരസേന ഭാവിയില്‍ ഏതു ദുരന്തമുണ്ടായാലും രംഗത്തുണ്ടാകും. മികച്ച സേവനം നടത്തുന്ന താലൂക്കിന് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനും തീരുമാനമായിട്ടുണ്ട്.

കോവിഡ് സന്ദേശങ്ങള്‍ പ്രാദേശിക തലത്തില്‍ വ്യാപിപ്പിക്കാനും കോവിഡ് ബാധിതരെ ആശുപത്രികളിലെത്തിക്കാനും മരുന്നും ഭക്ഷണവും വിതരണം ചെയ്യാനും ക്വാറന്റൈന്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും അക്ഷരസേന മുന്നിലാണ്.

അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ ആയിരക്കണക്കിന് പേരുടെ അധ്വാനമാണ് നമ്മള്‍ ഇന്ന് കാണുന്ന ഓരോ പുസ്തകാലയങ്ങളും. നിസ്വാര്‍ത്ഥ കര്‍മ്മികളായ പുണ്യാത്മാക്കള്‍ നമുക്ക് സമ്മാനിച്ചത്. ഓരോ പ്രദേശങ്ങളിലും ജംങ്ഷന്‍ എന്നോ മുക്ക് എന്നോ കവല എന്നോ ചേര്‍ത്ത് ഇന്നും ഒരു സ്മരണാലയം കണക്കെ ആ വായനശാലകള്‍ ഉണ്ട്. അതിലെ മരപ്പലകകളില്‍ യൗവന തീക്ഷണമായ കണ്ണുകളെ കാത്ത് കണ്ണടച്ച് കൈവിട്ടുപോയ ഭൂതകാലത്തിന്റെ ഓര്‍മ്മ പുതച്ചിരിക്കുന്ന കുറേ പുസ്തകങ്ങളുണ്ടാകും. ഓരോ പൊടിക്കറ പറ്റിയ മഞ്ഞിച്ച പഴയ താളുകളും മൂക്കുകളോട് ചേര്‍ത്തുവയ്ക്കുക. അവയ്ക്ക് പറയാനുണ്ടാകും ത്യാഗനിര്‍ഭരമായ ഒരു വായനയുടെ വസന്തകാലത്തെപ്പറ്റി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close