INDIATrending

വായില്‍ വെള്ളം നിറച്ച് സ്രവം ശേഖരിച്ച് ഇനി കൊവിഡ് പരിശോധന നടത്താം

കോവിഡ് 19 പരിശോധനയ്ക്ക് സ്രവം വേണമെന്ന് നിര്‍ബന്ധമില്ല. വായില്‍ കുലുക്കുഴിഞ്ഞ വെളളമായാലും മതിയെന്ന് പഠനം. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നും ശേഖരിക്കുന്ന സ്രവ സാമ്പിളുകള്‍ക്ക് പകരമായി വായില്‍ കുലുക്കുഴിഞ്ഞ വെളളം മതിയെന്ന പരാമര്‍ശമുളളത്. ഡല്‍ഹി എയിംസ് ആശുപത്രിയിലെ 50 കോവിഡ് രോഗികളില്‍ മെയ് മുതല്‍ ജൂണ്‍ വരെ ഐ.സി.എം.ആറിലെ വിദഗ്ധ ഗവേഷകര്‍ ഇതു സംബന്ധിച്ച പഠനം നടത്തിയത്. വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് കുറയ്ക്കുന്നതുള്‍പ്പടെ പരിശോധനയുടെ ചെലവ് കുറയ്ക്കാനും സാധിക്കുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

രോഗനിര്‍ണയം നടത്തി 72 മണിക്കൂറിനുളളില്‍ ഇവരില്‍ നിന്ന് രണ്ടു തരത്തിലുളള സാമ്പിളുകളും ശേഖരിച്ചിരുന്നു. സാമ്പിളുകള്‍ ആര്‍.ടി.-പി.സി.ആര്‍. പരിശോധനയ്ക്കാണ് വിധേയമാക്കിയത്. മൂക്കില്‍ നിന്നും തൊണ്ടയില്‍ നിന്നും ശേഖരിച്ച സ്രവ പരിശോധനയ്ക്ക് സമാനമായി ഗാര്‍ഗിള്‍ സാമ്പിളും പോസ്റ്റീവായിരുന്നു. നേരത്തേയുളള സ്രവശേഖര രീതിയില്‍ 72% രോഗികള്‍ അസ്വസ്ഥത പ്രകടിപ്പിച്ചപ്പോള്‍ പുതിയ രീതി 24 ശതമാനം പേരെ മാത്രമാണ് അസ്വസ്ഥരാക്കിയത്. പ്രത്യേക പരിശീലനം, സ്രവം ശേഖരിക്കുന്നവര്‍ക്ക് രോഗം പകരാനുളള സാധ്യത തുടങ്ങി സാമ്പിളുകള്‍ ശേഖരിക്കുന്നതിന് ഒരു പാട് പോരായ്മകളുണ്ടായിരുന്നു. എന്നാല്‍ ഇതിനു പകരം വായില്‍ കുലുക്കുഴിഞ്ഞ വെളളം സാമ്പിളായി ശേഖരിക്കുന്നതിലൂടെ ഇത്തരം ന്യൂനതകളെല്ലാം മറികടക്കാന്‍ സാധിക്കും.

നിലവില്‍ തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നും സ്രവ സാംപിളെടുത്താണ് പരിശോധന നടത്തുന്നത്. ഇനി വായിലെ വെള്ളത്തില്‍ നിന്നും സ്രവ സാംപിളെടുക്കുമ്പോള്‍ പരിശോധന നടപടികല്‍ കൂടുതല്‍ എളുപ്പമാകും. കൊവിഡ് വാക്‌സിന്‍ സജ്ജമായാല്‍ ഉടന്‍ ഇന്ത്യയില്‍ എത്തിക്കുമെന്നും ഐ സി എം ആര്‍ അറിയിച്ചു. പ്രതിരോധപ്രവര്‍ത്തകര്‍ക്കും സൈനികര്‍ക്കും മുന്‍ഗണന നല്‍കുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

Tags
Show More

Related Articles

Back to top button
Close