
1922 , ചാത്തന്റെ കുടിയില്‍ സാവിത്രി അഭയം തേടിയകാലം. ചോരകുടിച്ചുനനഞ്ഞ മണ്ണില്‍ തലകുനിച്ചുനിന്ന വഴിമരങ്ങളെല്ലാം കഴുമരങ്ങളായിരുന്നു. ഉച്ചവെയില്‍ ഉരുകിയൊലിച്ചു പരന്ന അന്ന് മലപ്പുറം- മഞ്ചേരി റോഡിന്റെ വടക്കേചെരിവില്‍ മൂന്ന് കഴുമരങ്ങള്‍ ഉയര്‍ന്നു. ബ്രിട്ടീഷ് പടയാളികള്‍ മൂന്നുപേരെ കൈകള്‍ ബന്ധിച്ച് കൊലക്കയറിനുമുന്നില് നിര്‍ത്തി. അവരിലൊരാള്‍ ഉറക്കെ വിളിച്ചുപറഞ്ഞു.
‘ നിങ്ങള്‍ കണ്ണു കെട്ടി പിറകില്‍ നിന്ന് വെടിവച്ചാണല്ലോ കൊല്ലാറ്, എന്നാല്‍ എന്റെ കണ്ണുകള്‍ കെട്ടാതെ ചങ്ങലകള്‍ ഒഴിവാക്കി മുന്നില്‍ നിന്ന് വെടിവച്ചു കൊല്ലണം. എന്റെ ജീവിതം നശിപ്പിക്കുന്ന വെടിയുണ്ടകള്‍ പതിക്കേണ്ടത് എന്റെ നെഞ്ചിലായിരിക്കണം’
വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന വ്യക്തിയുടെ ജീവിതം അവിടെവച്ച് ഹാജി ആവശ്യപ്പെട്ടപോലെതന്നെ അവസാനിച്ചു. വര്‍ഷങ്ങള്‍ക്കിപ്പുറം 2020 ല്‍ ചരിത്രം പോലും മറന്ന ഹാജി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. വാരിയംകുന്നന് എന്ന സിനിമയാണ് പ്രശ്നം. സിനിമയെടുക്കുന്നതോ അതില്‍ അഭിനയിക്കുന്നതോ അല്ല ഇവിടെ വിഷയം. വാരിയം കുന്നനൊരു ചരിത്ര പുരുഷനാണോ എന്നതാണ്. ചരിത്രമോ അതേതു ചിത്രം എന്ന് ചോദിക്കുന്നവര്‍ വരെ ഇന്ന് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഭൂതകാലം തിരഞ്ഞു നടക്കുകയാണ്.
കഥ ഇതുവരെ
2021ല്‍ ഷൂട്ടിംഗ് തുടങ്ങാനിരിക്കുന്ന തന്റെ പുതിയ ചിത്രത്തിന്റെ പേര് വാരിയംകുന്നനെന്നാണെന്നും ,പൃഥ്വിരാജാണ് പ്രധാന കഥാപാത്രമെന്നും വളരെ ആവേശത്തോടെ ആഷിക് അബു അറിയിക്കുന്നു. അതില്‍ നിന്നു പിന്മാറുക എന്ന് സഭ്യമായും പൃഥ്വിയുടെ അമ്മയായ മല്ലികാ സുകുമാരന്റെ പേരുകൂടിച്ചേര്‍ത്ത് അസഭ്യമായും അഭിപ്രായ സ്വാതന്ത്ര്യം സോഷ്യല്‍ മീഡിയയില്‍ പലരും പ്രയോഗിക്കുന്നു. പ്രയോഗങ്ങള്‍ക്ക് പ്രതികരണങ്ങള്‍ കൂടി എത്തിയപ്പോള്‍ രണ്ടു ചേരികള്‍ രൂപപ്പെട്ടു. ചേരിചേരാത്തവര് മൗനം പാലിച്ചു.
എന്തുകൊണ്ട് വാരിയംകുന്നന്
വാരിയംകുന്നന് ചരിത്രത്തോട് നീതി പുലര്‍ത്തില്ല എന്നാണീ പക്ഷത്തിന്റെ വാദം. 1921ല്‍ ഏറനാട് പ്രദേശങ്ങളില്‍ നടന്ന കലാപങ്ങളെല്ലാം ബ്രിട്ടീഷുകാര്‍ക്കെതിരെയും ജന്മിമാര്‍ക്കെതിരെയുമായിരുന്നു എന്നാണ് നിഷ്പക്ഷ ചരിത്രകാരന്മാര് പറയുന്നത്. എന്നാല്‍ കുറേപ്പേര്‍ക്കിത് സമുദായത്തിനെതിരെ മാത്രം നടന്ന അക്രമമാണ്. ആഷിഖ് അബുവിന്റെ വാരിയംകുന്നനും പി.ടി കുഞ്ഞുമുഹമ്മദിന്റെ ഷഹീദ് വാരിയംകുന്നനും ഇബ്രാഹിം വേങ്ങരയുടെ ദി ഗ്രേറ്റ് വാരിയംകുന്നത്തും ഒരേസമയത്താണിറങ്ങുന്ന ഒരേ ആശയം കൈകാര്യം ചെയ്യുന്നവയാണ്. തദ്ദേശവാസികളായ ഹിന്ദുക്കളെ നിര്‍ബന്ധിതമതപരിവര്‍ത്തനത്തിന് വിധേയമാക്കുകയും അവരുടെ സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്ത ഒരാളെ മഹാനായി ചിത്രീകരിക്കുന്ന തരത്തില്‍ സിനിമയെടുക്കുന്നത് ചരിത്രത്തെവളച്ചൊടിക്കുന്നതിന് തുല്യമാണ് എന്നാണ് എതിര്‍ക്കുന്നവരുടെ വാദം. 1921ലേതുപോലെ ഒടുങ്ങിത്തീരാന്‍ 2021ല്‍ ഹിന്ദുക്കള്‍ തയ്യറല്ല എന്നാണ് ഹിന്ദു ഐക്യവേദി പ്രതികരിച്ചത്. ഈ സിനിമ ചരിത്രത്തോട് നീതിപുലര്‍ത്തണമെന്നും അല്ലെങ്കില്‍ പ്രതികരണം മോശമായിരിക്കുമെന്നുമാണ് ബിജെപി നേതാവ് എംടി രമേശ് പറഞ്ഞത്.
അനുകൂലിക്കുന്നവരുടെ വാദം
‘ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് മലയാളരാജ്യം എന്ന സ്വതന്ത്രരാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം സിനിമയാക്കുന്നു. ‘ എന്ന് പോസ്റ്റ് ചെയ്തതിനാണ് പൃഥ്വീരാജ് സൈബര്‍ ആക്രമണം നേരിട്ടത്.
സിനിമയെ ആര്‍ക്കാണ് പേടി? അടിത്തറയില്ലാത്തവര്ക്കോ, അസ്ഥിത്വമില്ലാത്തവര്ക്കോ, ചരിത്രമില്ലാത്തവര്ക്കോ അതോ ധൈര്യമില്ലാത്തവര്ക്കോ? അനുകൂലിച്ചുകൊണ്ട് സംവിധായകനായ മിഥുന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചതാണിങ്ങനെ. യഥാര്‍ത്ഥത്തില്‍ ഹാജിയെ സംബന്ധിക്കുന്ന ചരിത്രരേഖകള്‍ ബ്രിട്ടീഷുകാര്‍ നശിപ്പിച്ചിരുന്നു എന്നും അതുകൊണ്ട് തെളിവുകള്‍ കാര്യമായി ചൂണ്ടിക്കാട്ടാനില്ല എന്ന അഭിപ്രായവും നിലനിലുണ്ട്.
എം എന്‍ കാരശ്ശേരിയുടെ വാക്കുകളില്‍
ഹാജി ഒരു ഹിന്ദുവിരുദ്ധനോ എന്നു ചോദിച്ചാല്‍ അല്ല എന്നാകും മറുപടി. അദ്ദേഹം ഒരു അഹിംസാ വാദിയായിരുന്നില്ല, വാളെടുത്തവന്‍ തന്നെയായിരുന്നു. എന്നാല്‍ അദ്ദേഹം കൊന്നത് ഹിന്ദുക്കളെ മാത്രമല്ല ബ്രിട്ടീഷുകാരെ അനുകൂലിച്ച ഹിന്ദു- മുസ്ലിം ജന്മിമാരെക്കൂടിയാണ്. അഞ്ചുവയസ്സുവരെ മക്കയില്‍ താമസിച്ച ഹാജിയുടെ പിതാവും ബ്രിട്ടീഷ് വിരുദ്ധകലാപം നടത്തി നാടുവിട്ട വ്യക്തിയാണ്. മഞ്ചേരിയിലെ ചേക്കുട്ടി അധികാരിയെ കൊന്നത് ഹാജിയാണ്. കൊണ്ടോട്ടി തങ്ങളെ കൊല്ലുമെന്ന് ഹാജി ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് ബ്രിട്ടീഷുകാരോട് തങ്ങള്‍ സംരക്ഷണം ആവശ്യപ്പെട്ടതായും പറയപ്പെടുന്നുണ്ട്.
വാരിയംകുന്നന് ചരിത്രത്തിന്റെ ഏടുകളില്‍ അവ്യക്തമായിക്കിടക്കുന്ന ഒരു ചിത്രമാണ്. സിനിമ എന്നത് നാളത്തെ ചരിത്രവും.ഹാജിയെ തള്ളേണ്ടതും കൊളേളണ്ടതും തെളിവിന്റെയും പഠനങ്ങളുടെയും അടിസ്ഥാനത്തില്‍ മാത്രമായിരിക്കണം. കാരണം ശരികള്‍ അറിയാതിരിക്കുന്നതിനേക്കാള്‍ ചരിത്രത്തോട് ചെയ്യുന്ന പാപമാണ് തെറ്റുകളെ പുണ്യവത്കരിക്കുന്നത്.