KERALANEWS

വാര്‍ത്തകളിലെ വസ്തുതകള്‍ ചികയുന്ന ഫാക്ട്‌ചെക്ക് ടീം പ്രവര്‍ത്തിക്കുന്നതാര്‍ക്കു വേണ്ടി?

തിരുവനന്തപുരം: വാര്‍ത്തകളുടെ കുത്തൊഴുക്കില്‍ ഏതാണ് സത്യം ഏതാണ് മിഥ്യ എന്നറിയാതെ കുഴയുന്ന അ‌വസ്ഥയിലായിരുന്നു ജനങ്ങള്‍. അതുകൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളിലോ അച്ചടി, ദൃശ്യ മാധ്യമങ്ങളിലോ വരുന്ന സുപ്രധാന വിവരങ്ങളെക്കുറിച്ചു സംശയം തോന്നിയാല്‍ ജനങ്ങള്‍ക്കു ചൂണ്ടിക്കാട്ടാന്‍ പിആര്‍ഡി ഫാക്ട് ചെക് വിഭാഗത്തിനു കഴിഞ്ഞ മാസം തുടക്കമിട്ടപ്പോള്‍ ഏവരും പ്രതീക്ഷയിലായി. എന്നാല്‍ വയനാട്ടിലെ മാരക കോവിഡ് വൈറസിന്റെ വാര്‍ത്ത പോലും ഫാക്ട് ചെക്കുകാര്‍ അറിഞ്ഞില്ല. നടന്നത് സത്യസന്ധമായ വാര്‍ത്തകളെ പോലും വ്യാജമാക്കലായിരുന്നു. ഈ കള്ളക്കളി പൊളിക്കുകയാണ് പിഎസ്സി പരീക്ഷയുടെ ഒഎംആര്‍ ഷീറ്റിലെ രഹസ്യ സ്വഭാവമുള്ള രേഖകള്‍ നഷ്ടപ്പെട്ടതു സംബന്ധിച്ചായിരുന്നു ഒരു പത്രത്തിലെ വാര്‍ത്ത. ഈ വാര്‍ത്ത വ്യാജമാണെന്ന് പി ആര്‍ ഡി ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു. തൊട്ടു പിന്നാലെ വാര്‍ത്ത ശരിവച്ച് പൊലീസ് കേസെടുത്തുവെന്നതാണ് വസ്തുത. സര്‍ക്കാരിനെതിരായ വാര്‍ത്തയെ വ്യാജവാര്‍ത്തയെന്നു മുദ്രകുത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഭവം വിവാദമായതോടെ പോസ്റ്റ് മുക്കുകയും ചെയ്തു. സര്‍ക്കാര്‍ വകുപ്പ് തലവന്മാര്‍ വിളിച്ചു പറഞ്ഞാല്‍ പോലും പിആര്‍ഡി ഫാക്ട് ചെക്കുകാര്‍ വാര്‍ത്തയെ വ്യാജമാക്കും. കരിപ്പൂര്‍ വിമാന ദുരന്തം നടന്നപ്പോള്‍ കോക്പിറ്റിലെ ദൃശ്യമെന്ന തരത്തില്‍ പ്രചരിച്ചതും വ്യാജമാണെന്ന് പിആര്‍ഡി കണ്ടെത്തിയിരുന്നു. ചാനലിന്റെ പേരു പറയാതെയായിരുന്നു ഫാക്ട് ചെക്കിങ്. എന്നാല്‍ വയനാട്ടില്‍ മാരക വൈറസിനെ അവതരിപ്പിച്ച 24 ന്യൂസിന്റെ വാര്‍ത്ത കണ്ടില്ലെന്ന് നടിച്ചു. ഇങ്ങനെ ഇരട്ടത്താപ്പുകള്‍ നിറയ്ക്കുന്നതാണ് ഫാക്ട് ചെക്കിങ്. കേരളത്തിലെ കോവിഡുമായി ബന്ധപ്പെട്ട ഏറ്റവും വ്യാജമായി നിര്‍മ്മിച്ച വാര്‍ത്തയായിരുന്നു അത്. രാവിലെയുള്ള പ്രൈംടൈം പിടിക്കാനുള്ള നീക്കം.

ഈ വാര്‍ത്തയ്ക്ക് പിന്നിലെ സത്യം പിആര്‍ഡി ജനങ്ങളിലേക്ക് എത്തിച്ചില്ല. സംസ്ഥാന ആരോഗ്യ വകുപ്പിലെ പ്രധാന ഡോക്ടര്‍ തന്നെ ഈ വ്യാജ വൈറസ് വാര്‍ത്തയില്‍ വിശദീകരണവുമായി എത്തി. വലിയ ചര്‍ച്ചയും സോഷ്യല്‍ മീഡിയയില്‍ നടന്നു. കേരളത്തെ സംബന്ധിച്ച ഈ വാര്‍ത്തയില്‍ പിആര്‍ഡിയുടെ ഫാക്ട് ചെക് വിഭാഗം ഒന്നും അറിഞ്ഞില്ല. എന്നാല്‍ മാധ്യമം പത്രത്തിലെ പിഎസ് സി വാര്‍ത്തയില്‍ വ്യാജം തെറ്റായി കണ്ടെത്തുകയും ചെയ്തു. ഇതോടെ പിആര്‍ഡിയുടെ ഫാക്ട് ചെക്കിംഗും വ്യാജമാണെന്ന് വ്യക്തമാകുകയാണ്.സമൂഹ മാധ്യമങ്ങളിലോ അച്ചടി, ദൃശ്യ മാധ്യമങ്ങളിലോ വരുന്ന സുപ്രധാന വിവരങ്ങളെക്കുറിച്ചു സംശയം തോന്നിയാല്‍ ജനങ്ങള്‍ക്കു ചൂണ്ടിക്കാട്ടാനാണ് ഫാക്ട് ചെക് വിഭാഗത്തിനു കഴിഞ്ഞ മാസം തുടക്കമിട്ടത്. സ്വര്‍ണക്കള്ളക്കടത്തു സംഘത്തിനു മുഖ്യമന്ത്രിയുടെ ഓഫിസുമായുള്ള ബന്ധം സംബന്ധിച്ച വാര്‍ത്തകളെത്തുടര്‍ന്നായിരുന്നു ഫാക്ട് ചെക് വിഭാഗം തുടങ്ങുന്നുവെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ജനങ്ങള്‍ ചൂണ്ടിക്കാട്ടുന്ന വാര്‍ത്തകള്‍ ശരിയാണോ എന്ന് അന്വേഷിച്ചു കണ്ടെത്തേണ്ട ഫാക്ട് ചെക് വിഭാഗം, വാര്‍ത്തകള്‍ സര്‍ക്കാരിനെതിരെങ്കില്‍ വ്യാജമാണെന്നു വിലയിരുത്തുന്നുവെന്നാണ് ആരോപണം. പാര്‍ട്ടി ചാനലിലെയും പത്രത്തിലെയും ചില വാര്‍ത്തകളുടെ നിജസ്ഥിതി ആരാഞ്ഞുള്ള സന്ദേശങ്ങളോടാകട്ടെ പിആര്‍ഡി പ്രതികരിക്കുന്നുമില്ല. ഇതോടെ സര്‍ക്കാരിനുള്ളിലെ സൈബര്‍ സഖാക്കളുടെ നിയന്ത്രണത്തിലാണ് ഈ ഫാക്ട് ചെക് വിഭാഗം പ്രവര്‍ത്തിക്കുന്നതെന്നും തെളിയുകയാണ്.

Tags
Show More

Related Articles

Back to top button
Close