വാര്ത്താപ്പാച്ചിലില് ചോരുന്നതെന്ത്?

വിശാലമായ ദേശീയപാത….. എന്‍ഐഎ യുടെ വണ്ടി ഇപ്പോള്‍ 100 കിലോമീറ്റര്‍ വേഗതയിലാണ്. ഇതാ… ഇതാ.. നമ്മള് 110 ഇല് പറക്കുകയാണ്. വണ്ടിയ്ക്കകത്ത് സ്വപ്ന ഇപ്പോള്‍ തുമ്മുകയാണ്. സ്വപ്നക്ക് അപ്പോള്‍ ആരാണ് തുമ്മാന്‍ മൂക്കിപ്പൊടി കൊടുത്തത് ? ഉണരൂ പ്രേക്ഷകരെ ഉണര്‍ന്നു ചിന്തിക്കു…. ഇതാണോ നിങ്ങളൊക്കെ പറയുന്ന വല്യ മാധ്യമ നൈതികത……
സ്വര്‍ണക്കടത്തു കേസില്‍ കേരള സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടിനേക്കാള്‍ ഏത്രയോ ജുഗുപ്സാവഹമായിരുന്നു ഇന്നലെ കേരളത്തിലെ ദൃശ്യമാധ്യമങ്ങള്‍ പ്രതികളെ ബംഗളൂരുവില്‍ നിന്നു കൊണ്ടുവരുന്ന റണ്ണിങ് കമന്ററിക്കു വേണ്ടി ചെയ്തത്. കേരളപത്രപ്രവര്ത്തനത്തിലെ ഏറ്റവും നാണം കെട്ട ദിവസമായിട്ടേ ഇതിനെ കാണാനാവൂ.
എന്‍ഐഎ വാഹനത്തിനൊപ്പം ഓവര്‍സ്പീഡില്‍ ഒപ്പം പാഞ്ഞ ഡ്രൈവറെയും റിപ്പോര്‍ട്ടറെയും ക്യാമറാമാനെയും മറ്റും മനോരമയിലെ വാര്ത്താവതാരകന് പ്രകീര്‍ത്തിക്കുന്നതു കേട്ടു. ആവര്‍ക്കു മാത്രമാണ് പ്രതികളുടെ അവ്യക്തമെങ്കിലുമായ ചിത്രം ലഭിച്ചതെന്നും പ്രമോദ് പറഞ്ഞു. തൊട്ടടുത്ത് മാതൃഭൂമി ചാനലില്‍ നോക്കുമ്പോഴുണ്ട് കുറേക്കൂടി ക്ളോസപ്പില്‍ വ്യക്തമായ ചിത്രം. അതും കടന്ന് ചാനല്‍ 24 നോക്കുമ്പോഴുണ്ട് കുറേക്കൂടി പുതിയ വിവരങ്ങള്‍. ന്യൂസ് 18 കേരളത്തിലാവട്ടെ ആധികാരികമായ വസ്തുതകള്‍. എന്നിട്ടും ചാനലുകളെല്ലാം ആദ്യം ആദ്യം എന്ന് ആക്രോശിക്കുന്നതു കേട്ടു. എന്‍ഐഎ സ്പെഷ്യല്‍ കോടതി ജഡ്ജിക്കായി വാഹനം പോയപ്പോള്‍ തന്നെ അതാ …ജഡ്ജി ഇതാ എത്തിക്കഴിഞ്ഞു വിചാരണ ഉടന്‍ തുടങ്ങുമെന്ന് ഏഷ്യാനെറ്റ്. രണ്ടു നിമിഷം കഴിഞ്ഞു മണ്ടത്തരം തിരുത്തുന്നതും കേട്ടു. നന്നായി അതിനുള്ള ബോധം എങ്കിലും ഉണ്ടായല്ലോ . മഹാഭാഗ്യം.
പ്രമോദ് രാമനോടും മറ്റെല്ലാ ദൃശ്യമാധ്യമപ്രവര്ത്തകരോടും ഒരപേക്ഷ. ഷാജികൈലാസ് സിനിമയിലേതു പോലെ ഇങ്ങനെ ഓടുന്നതും പ്രതികളെ ഹാജരാക്കുന്നത് എക്സ്ക്ലൂസീവായി ചിത്രീകരിക്കുന്നതുമല്ല മാധ്യമപ്രവര്‍ത്തനം. അതിലല്ല സാഹസികതയും. അത്തരം വാക്കുകള്‍ ചെറുപ്പക്കാരായ പത്രപ്രവര്‍ത്തകര്‍ക്ക് തെറ്റായ സന്ദേശമാണ് നല്‍കുക. ശൊ ,നിങ്ങളെന്താണത് മനസ്സിലാക്കാത്തത് .
കാട്ടില്‍ പിടികിട്ടാപ്പുള്ളിയായ വീരപ്പന്റെ തലയ്ക്ക് സര്‍ക്കാര്‍ പൊന്നുംവിലയിട്ടപ്പോള് അയാളെ പോയി കണ്ട് അഭിമുഖം പ്രസിദ്ധീകരിച്ച നക്കീരന്‍ ഗോപാലനും, തമിഴ് ഈഴം വിഘനവാദം കൊടുമ്പിരികൊണ്ട സമയത്ത് വേലുപ്പിള്ള പ്രഭാകരനെ അയാളുടെ മടയില്‍ ചെന്നു കണ്ട് അനിതാപ്രതാപ് നടത്തിയ അഭിമുഖവും, മുംബൈ സ്ഫോടനശേഷം ദുബായിയിലെ രഹസ്യകേന്ദ്രത്തില്‍ കഴിഞ്ഞ ദാവൂദ് ഇബ്രാഹിമിനെ ഫോണില്‍ വിളിച്ച് ദ് വീക്ക് ലേഖിക തയാറാക്കിയ അഭിമുഖവുമൊക്കെയാണ് എക്സ്ക്ലൂസീവുകള്‍. അല്ലാതെ ഇജ്ജാതി മൂന്നാം കിട പ്രവര്‍ത്തികള്‍ കൊണ്ട് നിങ്ങളൊക്കെ കൂടി ഉണ്ടാക്കി വയ്ക്കുന്ന പേരുദോഷം നിങ്ങള്‍ക്കു മാത്രമല്ല, സര്‍വ മാധ്യമപ്രവര്‍ത്തകര്‍ക്കും മാനഹാനിയുളവാക്കുന്നതാണെന്നെങ്കിലും കുറഞ്ഞപക്ഷം ഓര്‍ക്കുക.
ചാരക്കേസിന്റെ കാര്യത്തില്‍ തനിനിറം കാണിച്ചതില്‍ ഒരിഞ്ചു പോലും താഴെയല്ല സരിത-സ്വപ്നമാരുടെ കാര്യത്തില്‍ കേരളത്തിലെ മാധ്യമങ്ങള്‍ സ്വീകരിച്ചത് എന്നുകൂടി പറയട്ടെ. തീര്‍ച്ചയായും ഇതുകൊണ്ട് റേറ്റിങ് കൂടുമെന്ന് ധരിക്കരുത്. താത്കാലികമായി ഒരുപക്ഷേ ഒരു ദിവസത്തേക്ക് ആളുകള്‍ മാറിമാറി കണ്ട് റേറ്റിങ് കിട്ടുമായിരിക്കും. പക്ഷേ പരമാര്‍ത്ഥം തിരിച്ചറിയുന്ന അവരിലെ ബഹുഭൂരിപക്ഷവും പിന്നീട് നിങ്ങളുടെ ചാനലിലേക്ക് മടങ്ങിവരികയേയില്ല. ഞങ്ങളാദ്യം ഞങ്ങളാദ്യം എന്നു മത്സരിക്കേണ്ടത് ആധികാരികതയിലാണ്, വസ്തുതകള്‍ നല്‍കിക്കൊണ്ടാണ്. കാണികളെ കൂട്ടാന്‍ വാര്ത്താവതരാക വസ്ത്രങ്ങളൊന്നൊന്നായി വലിച്ചെറിഞ്ഞ് മാറിടം അനാവൃതമാക്കുന്നൊരു മാതൃക യൂറോപ്പില്‍ പണ്ടൊരു ചാനല്‍ പരീക്ഷിച്ചതായി വായിച്ച ഓര്‍മ്മയുണ്ട്. അതില്ക്കുറഞ്ഞതൊന്നുമല്ല ഈയിടെയായി നമ്മുടെ മാധ്യമങ്ങളിലും കാണുന്നത് എന്നു മാത്രം പറയട്ടെ.
ദേശീയ-രാജ്യാന്തര പ്രസക്തിയും പ്രാധാന്യവുമുള്ള സ്വര്‍ണക്കടത്തു കേസ് റിപ്പോര്‍ട്ട് ചെയ്യേണ്ട എന്നോ അത് ദൂരദര്ശന് ചെയ്യുന്നതുപോലെ അവാര്‍ഡ് സിനിമാനിലവാരത്തില് ചെയ്യണമെന്നോ അല്ല ഈ പറയുന്നത്. വസ്തുതകള്‍ കണ്ടെത്തി നിഷ്പക്ഷമാകാനായില്ലെങ്കിലും സന്തുലിതമായെങ്കിലും അവതരിപ്പിക്കുയാണ് വേണ്ടത്. എന്‍ഐഎ/കസ്റ്റംസ് പോലുള്ള ഏജന്സികളായതുകൊണ്ട് കേരള പൊലീസിലെ മാധ്യമമാസപ്പടിക്കാരില് നിന്നു കിട്ടുന്നതുപോലെ വസ്തുതകള്‍ ചോര്‍ന്നു കിട്ടില്ലെന്നറിയാം. അപ്പോള്‍ വസ്തുതയില്ലെങ്കില്‍ വികാരം വില്ക്കാന് ശ്രമിക്കാതിരിക്കുക എന്ന മിനിമം മര്യാദയെങ്കിലും കാണിക്കുക. ഇതു നടപ്പില്‍ വരുത്താന്‍ എല്ലാ മാധ്യമങ്ങളുടെയും എഡിറ്റര്‍മാര്‍ തമ്മില്‍ ഒരു സിന്‍ഡിക്കേറ്റ് ഉണ്ടാക്കുകയാണ് വേണ്ടത്. ഞങ്ങള്‍ ഇതു റിപ്പോര്‍ട്ട് ചെയ്യില്ല നിങ്ങളും ചെയ്യരുത് എന്നൊരു ധാരണയിലാണ് എല്ലാവരും കൂടി എത്തേണ്ടത്. കേരളത്തിലെ സാധാരണ ജനങ്ങളോട് മാധ്യമങ്ങള്‍ പുലര്‍ത്തേണ്ട ഏറ്റവും കുറഞ്ഞ മാധ്യമബാധ്യതയാണിത്.
ഇനി , മറ്റൊരു രസകരമായ വസ്തുത എന്തെന്നാല്‍ ഈ ചാനല്‍ പുലികള്‍ ഓടിയും ചാടിയും കടിപിടികൂടിയും ഉണ്ടാക്കിയ ഇതേ സാധനങ്ങള്‍തന്നെ ചാനല്‍ ഓഫീസില്‍ ഇരുന്നുണ്ടാക്കി, അത് പുലികള്‍ കൊടുത്തതിനേക്കാള്‍ വൃത്തിയും വെടിപ്പുമായി കൊടുത്തവരുമുണ്ട്. ആരും കൊടുത്തവാര്‍ത്ത അടിച്ചുമാറ്റാതെ മറ്റുള്ളവര്‍ കാണിച്ചപോലെയുള്ള കുട്ടിക്കരണം മറിയല്‍ നടത്താതെ തന്നെ വാര്‍ത്ത കൃത്യമായി കൊടുത്ത ന്യൂസ് 18 നും അതിന്റെ പിന്നില്‍ പുകഞ്ഞ സജീവ് സി. വാര്യര്‍ എന്ന വ്യക്തിയുടെ തലയ്ക്കുമല്ലെ യഥാര്‍ത്തത്തില്‍ കയ്യടി കൊടുക്കേണ്ടത്.
മറ്റൊന്ന് , കോവിഡ് കാലത്ത് രോഗം ടെസ്റ്റ് ചെയ്യാതെ ബംഗളുരുവില്‍ നിന്നു വന്ന സ്വപ്നയെ കോടതിയില്‍ ഹാജരാക്കും എന്നൊക്കെ പടച്ചുവിട്ട മലയാളത്തിനെ സുപ്രഭാതം കാണിക്കുന്ന ചേട്ടന്മാരേ….. കുറഞ്ഞ പക്ഷം മാധ്യമ പ്രവര്‍ത്തകരായി ചിന്തിച്ചില്ലെങ്കിലും വേണ്ടില്ല സാമാന്യബോധം ന്നൊരു സാധനം , പോട്ടെ കൃത്യമായി പറഞ്ഞവരെ ഒന്നു കേള്‍ക്കാനുള്ള ക്ഷമ അതു പോലും കാണിക്കാതിരുന്നാല്‍ എങ്ങനാ നിങ്ങള്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുക. ഇവര്‍ ഈ കാട്ടിക്കൂട്ടിയത് പരസ്യം കിട്ടാനുള്ള അല്ലെങ്കില്‍ പച്ചരി വാങ്ങണം വയറ്റില്‍ പിഴപ്പാണ് എന്ന് പറഞ്ഞൊഴിഞ്ഞാലും ഇതിനെ പാപ്പിരാസിത്തരം എന്നിവര്‍ സമ്മതിക്കില്ല എന്നതാണ്. ക്ഷമിക്കണം ഇതു കേട്ടാന് ഒറിജിനല്‍ പാപ്പിരാസികള്‍ വടിവെട്ടിത്തല്ലും . കാരണം പണ്ട് ഡയാനാ രാജകുമാരിയുടെ ഗര്‍ഭകാലത്ത് രാജകുടുംബം അഭ്യര്‍ത്ഥിച്ചപ്പോള്‍ ശല്യം ചെയ്യാതെ വെറുതെ വിട്ട എത്തിക്സ് അവര്‍ക്കുണ്ടായിരുന്നു.അല്ലാതെ സെന്സേഷന് എന്നു പറഞ്ഞ് ഓടിയില്ല.
അല്ല സുഹൃത്തുക്കളെ , ഒരു സംശയം കൂടി, ഇതുകൂടി ചോദിച്ചിട്ട് പൊക്കോളാം , ഇടക്കുവച്ച് ഇവര്‍ വല്ല ടോയ്ലറ്റിലും പോയിരുന്നെങ്കില്‍ ആദ്യമായി അവര്‍ കയറിയ ടോയ്ലറ്റിന്റെ വാതില്‍ കാണിച്ചത് തങ്ങളാണ് എന്നും റിപ്പോര്‍ട്ട് ചെയ്യുമായിരുന്നോ. ക്ഷമിക്കണം ഒരു സംശയമാണ്.