KERALANEWS

വാളയാര്‍ കേസ് :പുതിയ അന്വേഷണ സംഘം രൂപീകരിക്കും

കൊച്ചി : വാളയാര്‍ പീഡനക്കേസ് അന്വേഷിക്കാന്‍ പുതിയസംഘം രൂപീകരിക്കും. ഇരകളായ പെണ്‍കുട്ടികളുടെ മാതാവിന്റെ അഭിപ്രായമറിഞ്ഞശേഷമാകും ഏതുവിധത്തിലുള്ള അന്വേഷണമെന്നു സര്‍ക്കാര്‍ അന്തിമമായി തീരുമാനിക്കുക. നിലവിലുള്ള അന്വേഷണസംഘത്തെ മാറ്റി, ഐ.ജിയുടെ നേതൃത്വത്തില്‍ മറ്റൊരു സംഘത്തെയോ ക്രൈംബ്രാഞ്ചിനെയോ അന്വേഷണം ഏല്‍പ്പിക്കാന്‍ തയാറാണെന്നാണു സര്‍ക്കാര്‍ നിലപാട്. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കും.കേസില്‍ തുടരന്വേഷണമാവശ്യപ്പെട്ടുള്ള ഹര്‍ജി അടുത്തയാഴ്ച ഹൈക്കോടതി പരിഗണിക്കാനിരിക്കുകയാണ്. കേസ് ഹൈക്കോടതിയില്‍നിന്നു കീഴ്ക്കോടതിയിലേക്കു മാറ്റണമെന്നാണു സര്‍ക്കാരിന്റെ ആവശ്യം. തുടരന്വേഷണത്തിനു കോടതിയുടെ അനുമതി ആവശ്യമില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടും.

വാളയാറില്‍ പീഡനത്തിനിരയായ, പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയതാണു കേസിന് ആസ്പദമായ സംഭവം. 52 ദിവസത്തെ ഇടവേളയിലാണു പതിമൂന്നും ഒന്‍പതും വയസുള്ള കുട്ടികള്‍ സമാനമായ രീതിയില്‍ മരിച്ചത്. പോസ്റ്റ്മോര്‍ട്ടത്തിലാണു പീഡനവിവരം വ്യക്തമായത്. 2017 ജനുവരി 13-നു മൂത്തകുട്ടിയും മാര്‍ച്ച് നാലിന് ഇളയകുട്ടിയും മരിച്ചു. ഡിവൈ.എസ്.പി: എം.എം. സോജന്റെ നേതൃത്വത്തില്‍ അന്വേഷിച്ച കേസില്‍ പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ പാലക്കാട് ജില്ലാ സെഷന്‍സ് കോടതി വിട്ടയച്ചു. അന്വേഷണം അട്ടിമറിച്ചെന്ന നിരീക്ഷണവും കോടതി നടത്തിയിരുന്നു. ഇതേത്തുടര്‍ന്നാണു പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ തുടരന്വേഷണത്തിനു ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്നു ഹൈക്കോടതിയും നിരീക്ഷിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close