
വാളയാര്‍: വാളയാര്‍ പീഡനക്കേസില്‍ അന്വേഷണം സിബിഐക്ക് കൈമാറാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. വാളയാറില്‍ സമരം ചെയ്യുന്ന, കൊല്ലപ്പെട്ട കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഐക്യദാര്‍ഢ്യവുമായി അദ്ദേഹം സമരപ്പന്തലിലുണ്ട്. കഴിഞ്ഞ ഒരു വര്‍ഷമായി സര്‍ക്കാര്‍ കുടുംബത്തിന് നീതി നിഷേധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്കാരാണ് കേസിലെ പ്രതികള്‍. തെറ്റ് ചെയ്ത മുഴുവന്‍ പേരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബര്‍ 25 മുതല്‍ 31വരെ ‘വിധിദിനം മുതല്‍ ചതിദിനം വരെ’ എന്ന പേരില്‍ അട്ടപ്പള്ളത്തെ വീടിനു മുന്നില്‍ മാതാപിതാക്കള്‍ സത്യഗ്രഹം നടത്തും. ഉന്നത പോലീസ് ഉദ്യോഗസ്ഥന് സോജന് തന്നെയാണ് കേസ് അട്ടിമറിച്ചതെന്നും സുരേന്ദ്രന് കുറ്റപ്പെടുത്തി. ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണമല്ലാതെ മറ്റ് പോംവഴികള്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.