KERALANEWS

വാളയാര്‍ പെണ്‍കുട്ടികളുടെ കുടുംബം നടത്തുന്ന സത്യാഗ്രഹ സമരം ഇന്ന് അവസാനിക്കും

പാലക്കാട് : വാളയാര്‍ പെണ്‍കുട്ടികളുടെ നീതിക്കായി കുടുംബം നടത്തുന്ന സത്യാഗ്രഹ സമരം ഇന്ന് അവസാനിക്കും. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി സംഘടനകളും വ്യക്തികളും അട്ടപ്പളത്തെ വീട്ടില്‍ എത്തിയിരുന്നു. കേസില്‍ കോടതിയുടെ മേല്‍ നോട്ടത്തില്‍ പുനര്‍ അന്വേഷണം വേണം എന്നാണ് കുടുംബത്തിന്റെ ആവശ്യം.രണ്ടു കുരുന്നുകളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ ഉടന്‍ നീതി ഉറപ്പാക്കും എന്ന് സംസ്ഥാന സര്‍ക്കാര്‍ വാക്ക് നല്‍കിയിട്ട്് ഒരു വര്‍ഷം പിന്നിട്ടു. ഒരു വര്‍ഷത്തിന് ഇപ്പുറവും നീതി നിഷേധിക്കപ്പെടുന്നതില്‍ പ്രതിഷേദിച്ച് വിധി ദിനം മുതല്‍ ചതി ദിനം വരെ എന്ന മുദ്രാവാക്യം ഉയര്‍ത്തി ഒക്ടോബര്‍ 25 നാണ് കുടുംബം അട്ടപ്പളത്തെ വീടിന് മുന്നില്‍ സത്യാഗ്രഹ സമരം ആരംഭിച്ചത്.

ജസ്റ്റിസ് ഫോര്‍ വാളയാര്‍ കിഡ്സ് ഫോറത്തിന്റെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ പെണ്‍കുട്ടികളുടെ അച്ഛനും അമ്മയും ഏഴു ദിവസം ആണ് സത്യാഗ്രഹം ഇരുന്നത്.സമര പന്തലില്‍ ആള് കൂടുംതോറും സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരെ ഗുരുതരമായ വിമര്‍ശനങ്ങളും ആരോപണങ്ങളും ആണ് ഉയര്‍ന്നു. കേസ് അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ ശ്രമിച്ചെന്നാണ് പ്രധാന ആരോപണം. നിയമമന്ത്രി എ കെ ബാലന്‍ അട്ടപ്പളത്തിനു തൊട്ടടുത്ത പ്രദേശം ആയ ചെല്ലന്‍കാവില്‍ എത്തിയിട്ടും സമര പന്തലില്‍ എത്താതിരുന്നതും ചോദ്യം ചെയ്യപ്പെട്ടു . സമരത്തിന്റെ ആദ്യ ദിനങ്ങളില്‍ സര്‍ക്കാരില്‍ വിശ്വാസം ഉണ്ടെന്ന് പറഞ്ഞ കുടുംബം പിന്നീട് അത് മാറ്റി പറഞ്ഞു.ഒരു വര്‍ഷം മുന്നേ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് ചെയ്തു കാണിക്കട്ടെ എന്ന് കുടുംബം ആവശ്യപ്പെട്ടു. ഹത്രാസും വാളയാറും തമ്മില്‍ അധിക ദൂരം ഇല്ലെന്ന് വന്നു പോയ കോണ്‍ഗ്രസ് നേതാക്കളുടെയും അഭിപ്രായം ഇത് തന്നെ. കേസില്‍ സിബിഐ അന്വേഷണം വേണം എന്നാണ് ബിജെപി പ്രധാനമായും ആവശ്യപ്പെട്ടത്. ഇതിനിടയില്‍ കേസില്‍ സംഭവിച്ചത് പ്രോസിക്യൂഷന്റെ വീഴ്ച ആണെന്ന മുഖ്യമന്ത്രിയുടെ വാദത്തിനു തൊട്ട് പിന്നാലെ കേസിലെ മുന്‍ പ്രോസിക്യൂട്ടര്‍ ജലജ മാധവന്‍ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രാലയത്തിനും എതിരെ നിശിതമായ ആരോപണവുമായി രംഗത്തെത്തിയിരുന്നു.

വാളയാറില്‍ കുടുംബത്തിന്റേതും സര്‍ക്കാരിന്റേതും ഒരേ ശബ്ദം ആണെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ മൂന്നര വര്‍ഷങ്ങള്‍ക്കിപ്പുറവും നീതി നടപ്പായിട്ടില്ല. 2017ല്‍ സംഭവിച്ച കേസില്‍ നിരവധി സമരവും പ്രതിഷേധങ്ങളും ഉണ്ടായെങ്കിലും ഒന്നിനും തുടര്‍ച്ച ഉണ്ടായില്ല എന്നതാണ് യാഥാര്‍ഥ്യം. ഇന്ന് ഈ ഏഴു ദിവസത്തെ സത്യാഗ്രഹം അവസാനിക്കുമ്പോഴും ആ കുഞ്ഞുങ്ങള്‍ക്ക് നീതി ലഭിക്കുന്നില്ല.. നവംബര്‍ 9 നാണ് കേസില്‍ ഹൈക്കോടതി വീണ്ടും വാദം കേള്‍ക്കുക. മക്കള്‍ക്ക് നീതി ലഭിക്കുന്നത് വരെ തെരുവില്‍ പോരാട്ടം തുടരാനാണ് നിലവില്‍ കുടുംബത്തിന്റെ തീരുമാനം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close