KERALANEWS

വാളയാര്‍ വിഷമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി, എട്ടു പേര്‍ ചികിത്സയില്‍

പാലക്കാട്:വാളയാറില്‍ വിഷമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. വാളയാര്‍ ചെല്ലങ്കാവ് ആദിവാസി കോളനിയിലെ അരുണ്‍ (22) ആണ് ഏറ്റവും ഒടുവില്‍ മരിച്ചത്. മുന്‍പ് മരിച്ച അയ്യപ്പന്റെ മകന്‍ ആണ് അരുണ്‍. കഞ്ചിക്കോട് ചെല്ലന്‍കാവ് മൂര്‍ത്തി, രാമന്‍, അയ്യപ്പന്‍, ശിവന്‍ എന്നിവരാണ് നേരത്തെ മരിച്ചത്.

അതേസമയം, ദുരന്തമുണ്ടായത് സാനിറ്റൈസര്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന സ്പിരിറ്റ് കുടിച്ചിട്ടാണെന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്ത് മദ്യമെന്ന പേരില്‍ വില്‍പ്പനക്കത്തിച്ച ദ്രാവകത്തിന്റെ സാമ്പിള്‍ പൊലീസിന് ലഭിച്ചു. വാളയാര്‍ ചെല്ലങ്കാവ് ആദിവാസി കോളനിയിലാണ് സംഭവം. ഇന്നും ഇന്നലെയുമായാണ് ദുരൂഹ സാഹചര്യത്തില്‍ മൂന്നുപേര്‍ മരിച്ചത്. രാമന്‍ എന്നയാള്‍ ഇന്നലെ രാവിലെ ഏഴ് മണിയോടെ മരിച്ചു കിടക്കുന്നതാണ് നാട്ടുകാര്‍ കണ്ടത്. തുടര്‍ന്ന് ഒരു മണിയോടെ കോളനിയിലെ മറ്റൊരാളായ അയ്യപ്പനും മരിച്ചു. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരം രണ്ട് മൃതദേഹങ്ങളും സംസ്‌കരിച്ചു. ഇതിന് പിന്നാലെ ഇന്ന് രാവിലെയാണ് ഇവര്‍ക്ക് മദ്യം കൊടുത്തെന്ന് സംശയിക്കുന്ന ശിവനും മരിക്കുന്നത്. ഇതോടെ നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

ഇതിനിടെ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ മൂര്‍ത്തിയെന്ന യുവാവ് അവിടെ നിന്ന് മുങ്ങി. ഇയാളെ പിന്നീട് പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡിനടുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ചാരായ രൂപത്തിലുള്ള മദ്യം കുടിച്ച മറ്റ് എട്ട് പേര്‍ കൂടി ആശുപത്രിയില്‍ ചികിത്സയിലുണ്ട് .ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. വ്യാജമദ്യം കുടിച്ച മൂന്ന് സ്ത്രീകള്‍ക്ക് ഡയാലിസിസിന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മരിച്ച സഹോദരങ്ങളായ ശിവനും, മൂര്‍ത്തിയും വില്‍പ്പനയ്ക്കായെത്തിച്ചതാണ് വ്യാജമദ്യമെന്നാണ് സൂചന. അയ്യപ്പന്റെയും, രാമന്റെയും മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടത്തിനയച്ചു. പുറത്തു നിന്നുള്ള ആരോ വില്‍പനക്കായി കോളനിയിലുള്ളവര്‍ക്ക് വ്യാജമദ്യം നല്‍കിയിരിക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. മൃതദേഹങ്ങള്‍ നാളെ പോസ്റ്റുമോര്‍ട്ടം ചെയ്യും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close