KERALANEWS

വാളയാർ കേസ്‌: സർക്കാരിന്റെ അപ്പീൽ വിധിപറയാൻ മാറ്റി

പാലക്കാട്‌:വാളയാറിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ പീഡനത്തിനിരയായി ആത്മഹത്യചെയ്‌ത കേസിൽ വിചാരണക്കോടതി വിധി റദ്ദാക്കണമെന്ന സർക്കാരിന്റെ അപ്പീൽ ഹൈക്കോടതി വിധിപറയാൻ മാറ്റി. പ്രതികളെ വെറുതെവിട്ടതിനെ തുടർന്നാണ്‌ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട്‌ സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ പൊലീസിനും പ്രോസിക്യൂഷനും വിചാരണക്കോടതിക്കും വീഴ്ചയുണ്ടായെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.

കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥർ ശാസ്ത്രീയമായ അന്വേഷണം നടത്തിയില്ല. ഡിഎൻഎ അടക്കമുള്ള തെളിവുകൾ ശേഖരിക്കുകയോ പ്രധാനപ്പെട്ട സാക്ഷിമൊഴികളും മജിസ്ട്രേട്ടിനു മുന്നിൽ നൽകിയ രഹസ്യമൊഴിയും വിചാരണക്കോടതിയിൽ എത്തിക്കുകയോ ചെയ്‌തില്ല. കേസിലെ പ്രധാന സാക്ഷിയായ ഇളയ പെൺകുട്ടിക്ക് സംരക്ഷണം നൽകിയില്ല. ഇളയകുട്ടി മരിച്ചതോടെ കേസിലെ പ്രധാന സാക്ഷിയാണ്‌ ഇല്ലാതായത്‌. കേസിലെ സാഹചര്യം മേലധികാരികളെയും സർക്കാരിനെയും അറിയിക്കാനും അന്വേഷിച്ച ഉദ്യോഗസ്ഥർ തയ്യാറായില്ല. പ്രോസിക്യൂഷന്റെ ഭാഗത്ത് ഗുരുതര പിഴവുണ്ടായി. അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകളും സാക്ഷികളെയും വേണ്ടവിധം ഹാജരാക്കിയില്ല. സാക്ഷികളെ  തെരഞ്ഞെടുക്കുന്നതിലും വിസ്തരിക്കുന്നതിലും പരാജയപ്പെട്ടു. പ്രധാന സാക്ഷികളെയും രഹസ്യമൊഴി രേഖപ്പെടുത്തിയ മജിസ്ട്രേട്ടിനെയും വിസ്തരിക്കുകയോ പ്രോസിക്യൂഷൻ അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കുകയോ ചെയ്‌തില്ല. കൂറുമാറിയ സാക്ഷികളുടെ എതിർവിസ്താരം നടത്തിയില്ല. വിചാരണക്കോടതിയുടെ ഭാഗത്തും ഗുരുതര പിഴവുകൾ ഉണ്ടായി. പ്രോസിക്യൂഷന്റെ ഭാഗത്ത് വീഴ്ച ഉണ്ടായപ്പോൾ കോടതി ഇടപെടണമായിരുന്നു.

സാക്ഷികൾ കൂറുമാറിയപ്പോൾ തെളിവു നിയമത്തിലെ 165––ാം വകുപ്പുപ്രകാരം സാക്ഷി വിസ്താരത്തിനിടെ കോടതി ഇടപെട്ടില്ല.  തെളിവെടുപ്പിനിടെ അനാവശ്യ നിരീക്ഷണങ്ങൾ നടത്തി. വാസ്തവവിരുദ്ധമായ കാര്യങ്ങൾ വിധിന്യായത്തിൽ വന്നെന്നും നീതിനിർവഹണത്തിൽ കാര്യക്ഷമമായി ഇടപെട്ടിരുന്നെങ്കിൽ കേസിന്റെ വിധി ഇങ്ങനെ ആകുമായിരുന്നില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ ഗവ. പ്ലീഡർ നിക്കോളാസ് ജോസഫ് ഹാജരായി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close