KERALANEWSTop News

വികസനത്തിനും ക്ഷേമത്തിനും മുന്‍ഗണന നല്‍കി; രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം

തിരുവനന്തപുരം: വികസനത്തിനും ക്ഷേമത്തിനും മുന്‍ഗണന നല്‍കുമെന്ന് വ്യക്തമാക്കി രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം. പിണറായി സര്‍ക്കാരിന്റേത് അസാധാരണ ജനവിധിയെന്ന് നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ പറഞ്ഞു. ജനാധിപത്യത്തിലും മതനിരപേക്ഷതയിലും വികസനത്തിലും സര്‍ക്കാര്‍ ഉറച്ചു നില്‍ക്കും. വികസനത്തിനും ക്ഷേമത്തിനും മുന്‍ഗണന നല്‍കുന്ന സര്‍ക്കാര്‍ പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കും. അസമത്വം ഇല്ലാതാക്കുമെന്നും ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും മുന്‍സര്‍ക്കാര്‍ തുടങ്ങിയ പദ്ധതികള്‍ തുടരുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തന്നെ തുടരും. കോവിഡ് മരണനിരക്ക് നിയന്ത്രിച്ച് നിര്‍ത്താന്‍ കഴിഞ്ഞു. ജനാധിപത്യം, മതനിരപേക്ഷത എന്നിവയില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കും. സ്ത്രീസമത്വത്തിന് പ്രാധാന്യം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരും. വാക്‌സീന്‍ സൗജന്യമായി മുഴുവന്‍ ഝനങ്ങലിലെത്തിക്കുമെന്നും , മൂന്നു കോടി ഡോസ് വാങ്ങാന്‍ ആഗോള ടെന്‍ഡര്‍ വിളിക്കും’ – നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കി.

അതേസമയം നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. സംസ്ഥാനത്തിന്റെ വായ്പ പരിധി ഉയര്‍ത്തണമെന്ന ആവശ്യം കേന്ദ്രം അഗീകരിക്കുന്നില്ല. ഇത് ഫെഡറിലിസത്തിന് ചേരാത്തതാണെന്നും സഹകരണ മേഖലയിലെ കേന്ദ്ര നയങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണെന്നും ഗവര്‍ണര്‍ പ്രസംഗത്തില്‍ പറഞ്ഞു.ഒമ്പതുമണിയോടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗത്തിനായി നിയമസഭയിലെത്തി. സ്പീക്കര്‍ എം.ബി. രാജേഷും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച് രണ്ട് മണിക്കൂറോളം നീണ്ട പ്രസംഗം 10.56ന് അവസാനിച്ചു.

നയപ്രഖ്യാപന പ്രസംഗത്തിലെ പ്രധാന പരാമര്‍ശങ്ങള്‍

 • സമൂഹത്തില്‍ വിവേചനം പാടില്ല എന്നതാണ് സര്‍ക്കാര്‍ നയം.
 • ഗുരുതര പ്രതിസന്ധിക്കിടയിലും കോവിഡിനെ പ്രതിരോധിക്കാനായി.
 • കോവിഡ് വാക്സിന്‍ സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്നു.മൂന്നു കോടി ഡോസ് വാങ്ങാന്‍ ആഗോള ടെന്‍ഡര്‍ നല്‍കും.
 • കോവിഡ് ഒന്നാം തരംഗത്തില്‍ സമഗ്ര പാക്കേജ് നടപ്പാക്കി.
 • കോവിഡ് മരണനിരക്ക് നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിച്ചു.
 • നാനൂറ് കോടി രൂപ ചിലവു വരുന്ന ഭക്ഷ്യകിറ്റുകള്‍ 19 ലക്ഷം കുടുംബങ്ങള്‍ക്ക് നല്‍കി.
 • ആരോഗ്യ മേഖലയിലെ സമഗ്ര പാക്കേജിനായി 1,000 കോടി രൂപ മാറ്റിവെച്ചു.
 • കുടുംബശ്രീ വഴി 2,000 കോടി രൂപയുടെ വായ്പ നല്‍കി.?പെന്‍ഷന്‍ ഉള്‍പ്പെടെയുള്ളവ കുടിശ്ശിക തീര്‍പ്പാക്കാനായി 14,000 കോടി രൂപ മാറ്റിവെച്ചു.
 • കോവിഡ് പ്രതിരോധ വാക്സിന്‍ എല്ലാവര്‍ക്കും സൗജന്യമായി നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
 • മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ ഉള്‍പ്പെടെ മുന്നോട്ടുവന്നു.
 • ആശുപത്രികളില്‍ ഐ.സി.യു. ബെഡ്ഡുകളും വെന്റിലേറ്ററുകളും ഓക്സിജന്‍ വിതരണവും വര്‍ധിപ്പിച്ചു.
 • ഒന്നാം കോവിഡ് തരംഗത്തെ കൈകാര്യം ചെയ്യുന്നതില്‍ ജില്ലാ ഭരണകൂടങ്ങളും തദ്ദേശ ഭരണകൂടങ്ങളും നിര്‍ണായക പങ്കുവഹിച്ചു
 • 6.6%സാമ്പത്തിക വളര്‍ച്ചയാണ് ഈ വര്‍ഷത്തെ സര്‍ക്കാര്‍ ലക്ഷ്യം. എന്നാല്‍ കോവിഡ് രണ്ടാം തരംഗം പ്രതികൂലമായി ബാധിക്കുന്നു.
 • റവന്യു വരുമാനത്തില്‍ കുറവ് ഉണ്ടായേക്കാം. സാമ്പത്തിക വളര്‍ച്ച കൈവരിക്കാനുള്ള ശ്രമങ്ങള്‍ക്ക് കോവിഡ് ഭീഷണി ഉയര്‍ത്തുന്നു.
 • കെ ഫോണ്‍ പദ്ധതി സമയ ബന്ധിതമായി നടപ്പാക്കും.
 • താഴെത്തട്ടില്‍ ഉള്ളവരുടെ ഉന്നമനം ലക്ഷ്യം ഇട്ടുള്ള നയ പരിപാടികള്‍ തുടരും.
 • സംസ്ഥാനത്തെ എല്ലാ കൃഷി ഭവനുകളും സ്മാര്‍ട്ട് കൃഷി ഭവനുകളാക്കും.
 • കേരള കാര്‍ഷിക സര്‍വകലാശാലയില്‍നിന്നും മറ്റ് ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളില്‍നിന്നുമുള്ള ഗവേഷണഫലങ്ങള്‍ പൂര്‍ണമായും ഉത്പാദന വര്‍ധനയ്ക്കായി ഉപയോഗപ്പെടുത്തും.
 • അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ കര്‍ഷകരുടെ വരുമാനം 50% വര്‍ധിപ്പിക്കും.
 • കര്‍ഷകര്‍ക്കുള്ള വെറ്ററിനറി സേവനങ്ങള്‍ക്കായി 152 ബ്ലോക്ക് പഞ്ചായത്തുകളിലും ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തും
 • യുവസംരംഭകരെയും സേവനദാതാക്കളെയും ലക്ഷ്യമിട്ട് 25 കോര്‍പറേറ്റീവ് സൊസൈറ്റികള്‍ രൂപവത്കരിക്കും.
 • പാഡി കോഓപ്പറേറ്റീവ് സൊസൈറ്റി രൂപവത്കരിക്കും.പാലക്കാട് മാതൃകയില്‍ രണ്ട് ആധുനിക റൈസ് മില്ലുകള്‍ സ്ഥാപിക്കും.
 • കേരളത്തിലെ നവോത്ഥാന നായകരുടെ പേരില്‍ ജില്ലകളില്‍ ഒന്നുവീതം കള്‍ച്ചറല്‍ കോംപ്ലക്സുകള്‍ നിര്‍മിക്കും.
 • കേരള കള്‍ച്ചറല്‍ മ്യൂസിയം സ്ഥാപിക്കും.
 • സാംസ്‌കാരിക പരിപാടികള്‍ക്കായി പ്രാദേശിക സാസ്‌കാരിക കേന്ദ്രങ്ങള്‍ ഒരുക്കും.
 • ഇലക്ട്രോണിക് ഫയല്‍ പ്രൊസസിങ് സമ്പ്രദായം എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും നടപ്പാക്കും
 • ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് മാനേജ്മെന്റ് കേരളയെ കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ്, ഇന്നോവേഷന്‍ ആന്‍ ടെക്നോളജിയാക്കി മാറ്റും.
 • വിമുക്തി മിഷനും സര്‍ക്കാര്‍ ആശുപത്രികളും സംയുക്തമായി 14 വിമുക്തി ഡീഅഡിക്ഷന്‍ സെന്ററുകള്‍ സ്ഥാപിച്ചു.
 • ഇതുവരെ 44,673 പേര്‍ ഈ ഡീഅഡിക്ഷന്‍ സെന്ററുകളില്‍ ചികിത്സ തേടിയിട്ടുണ്ട്.
 • വാര്‍ഡ് മെമ്പറോ കൗണ്‍സിലറോ കണ്‍വീനര്‍ ആയിട്ടുള്ള വിമുക്തി ജാഗ്രതാ സമിതികള്‍ രൂപവത്കരിക്കും.
 • സ്‌കൂളുകളും കോളേജ് കാമ്പസുകളും ലഹരിമുക്തമാക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. നിലവില്‍ 5741 ആന്റി ഡ്രഗ് ക്ലബ്ബുകള്‍ കോളേജുകളിലും സ്‌കൂളുകളിലുമായി പ്രവര്‍ത്തിക്കുന്നുണ്ട്.
 • ആന്റി ഡ്രഗ് ക്ലബുകള്‍ എല്ലാ സ്വകാര്യ-പൊതുമേഖലാ സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കും.
 • മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് 2450 കോടിയുടെ പുനര്‍ഗേഹം പദ്ധതി.
 • ഉള്‍നാടന്‍ മത്സ്യോത്പാദനം ഇരട്ടിയാക്കും.
 • ഗോത്രവര്‍ഗ മേഖലകളില്‍ മൊബൈല്‍ റേഷന്‍ കടകള്‍ തുറക്കും

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close