NEWSSPORTSWORLD

“വികാരാധീനനായി എടുക്കുന്ന തീരുമാനമല്ല, കുടുംബത്തിനായി സമയം ചിലവഴിക്കണം”: രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ അറിയിച്ച് ഫുട്ബോൾ താരം ടോണി ക്രൂസ്

ബെർലിൻ: ജർമ്മൻ ഫുട്ബോൾ ചരിത്രത്തിലെ തന്നെ മികച്ച താരങ്ങളിൽ ഒരാളായ ക്രൂസ് ‘ദി സ്നൈപ്പർ’ രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിട പറയുന്നു. യൂറോ കപ്പ് പ്രീ ക്വാർട്ടറിൽ‌ ജർമനി ഇം​ഗ്ലണ്ടിനോട് തോറ്റ് പുറത്തായതിന് പിന്നാലെയാണ് 31കാരനായ ക്രൂസിന്റെ വിരമിക്കൽ പ്രഖ്യാപനം. ജർമനിക്കായി എല്ലാം നൽകിയെന്നും യൂറോ കപ്പ് ജയിക്കുക എന്ന ആ​ഗ്രഹം മാത്രം സഫലമാക്കാനായില്ലെന്നും ക്രൂസ് വിരമിക്കൽ കത്തിൽ പറയുന്നു.

കഴിഞ്ഞ ദിവസം താരം വിരമിക്കുമെന്ന് ചില റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് വിരമിക്കൽ വാർത്ത നവമാധ്യമങ്ങളിലൂടെ താരം തന്നെ ഷെയർ ചെയ്തത്.

“106 മത്സരങ്ങളിൽ ഞാൻ ജർമനിക്കായി കളിച്ചു. ഇനിയൊരു തവണ കൂടി എന്നെ ജർമൻ കുപ്പായത്തിൽ കാണാനാവില്ല. ജർമനിക്കായി 109 മത്സരങ്ങൾ തികച്ച് യൂറോ കപ്പും ജയിച്ച് കരിയർ അവസാനിപ്പിക്കണമെന്നായിരുന്നു ആ​ഗ്രഹം. എന്നാൽ ജർമനി പ്രീ ക്വാർട്ടറിൽ പുറത്തായതോടെ 106 മത്സരങ്ങളിൽ കരിയർ അവസാനിപ്പിക്കുകയാണ്. കരിയറിൽ യൂറോ കപ്പ് മാത്രം നേടാനായില്ലെന്നതാണ് ഏറ്റവും വലിയ ദുഖമായി അവശേഷിക്കുന്നത്.”

“2022ൽ ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ ഞാൻ ഉണ്ടാവില്ലെന്നത് നേരത്തെ തീരുമാനിച്ചിരുന്നു. വികാരങ്ങളുടെ സ്വാധീനം കൊണ്ട് മാത്രം ഞാൻ ഒരിക്കലും തീരുമാനങ്ങൾ എടുക്കുന്നില്ലെന്ന് എന്നെ അറിയുന്ന ആർക്കും അറിയാം. പ്രധാനമായി റയൽ മാഡ്രിഡിലുള്ള എൻ്റെ കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് വിരമിക്കുന്നത്. ഒരു ഭർത്താവും പിതാവും എന്ന നിലയിൽ എൻ്റെ ഭാര്യക്കും മൂന്ന് മക്കൾക്കുമായി എനിക്ക് സമയം മാറ്റിവെക്കേണ്ടതുണ്ട്.”

“11 വർഷത്തോളം ജർമനിയുടെ ദേശീയ ജേഴ്സി അണിയാനായതിൽ അഭിമാനമുണ്ട്. കരിയറിൽ എന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി. ഒപ്പം എന്നെ വിമർശിച്ചതിലൂടെ പ്രകടനം മെച്ചപ്പെടുത്താൻ സഹായിച്ച എല്ലാ വിമർശകർക്കും നന്ദി പറയുന്നു. അവസാനമായി ജർമൻ പരിശീലകൻ ജോക്വിം ലോക്കും നന്ദി പറയുന്നു. കാരണം അദ്ദേഹമാണ് എന്നെ ദേശീയ താരമാക്കിയതും ലോക ചാമ്പ്യനാക്കിയതും. പുതിയ പരിശീലകൻ ഹാൻസി ഫ്ലിക്കിന് എല്ലാവിധ ആശംസകളും നേരുന്നു” ക്രൂസ് കുറിച്ചു.

Tony Kroos: "Insurance" bought by Real Madrid for 25 million - iNEWS

2010 മുതൽ 2021 വരെ ജർമനിക്കായി 106 മത്സരങ്ങൾ കളിച്ച ക്രൂസ് 17 ​ഗോളുകൾ നേടി. കളിക്കളത്തിൽ വളരെ നിശബ്ദനായി ചലനങ്ങൾ ഉണ്ടാക്കുന്ന താരമാണ് അദ്ദേഹം. 2014 ലോകകപ്പ് സെമിയിൽ ബ്രസീലിനെ ജർമനി 7-1ന് തകർത്ത മത്സരത്തിലും ഫൈനലിൽ അർജന്റീനയെ തോൽപ്പിച്ച് കിരീടം നേടിയ മത്സരത്തിലും ക്രൂസിന്റെ പ്രകടനം നിർണായകമായിരുന്നു. ബ്രസീലിനെ ജർമനി 7-1ന് തോൽപ്പിച്ച മത്സരത്തിൽ രണ്ട് ​ഗോളുകൾ നേടിയ ക്രൂസ് നാലു ​ഗോളുകളിൽ പങ്കാളിയാവുകയും ചെയ്തിരുന്നു. ബയേൺ മ്യൂണിക്കിലൂടെ കരിയർ തുടങ്ങിയ താരം 2014ൽ റയൽ മാഡ്രിഡിലെത്തി. ഇപ്പോൾ റയലിന്റെ ഏറ്റവും മികച്ച താരങ്ങളിലൊന്നാണ് ക്രൂസ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close