Election 2021KERALANEWS

വിജയമുറപ്പിക്കാൻ നിലപാടുകളിൽ വെള്ളം ചേർത്തില്ല; ആദർശ രാഷ്ട്രീയത്തിന് അം​ഗീകാരം നൽകി കേരള ജനത; സിപിഐയുടെ വിജയം വ്യത്യസ്തമാകുന്നത് ഇങ്ങനെ

കോട്ടയം: സംസ്ഥാനത്ത് നിലപാടുകൾ കൊണ്ട് വിസ്മയം തീർക്കുന്ന പാർട്ടിയാണ് സിപിഐ. കേരളത്തിൽ ആദ്യം അധികാരത്തിലെത്തിയത് മുതൽ സിപിഐ ഉയർത്തിപ്പിടിക്കുന്ന ആദർശങ്ങളാണ് ആ പാർട്ടിയെ കേരള രാഷ്ട്രീയത്തിൽ വ്യത്യസ്തമാക്കുന്നത്. നിർണായകമായ ഈ തെരഞ്ഞെടുപ്പിലും നിലപാടുകളും ആദർശങ്ങളും സീറ്റുകളുടെ ഉറപ്പിനായി ബലികഴിക്കാൻ സിപിഐ തയ്യാറായിരുന്നില്ല. ശക്തമായ മത്സരം നടക്കുന്ന തൃശ്ശൂർ പോലുള്ള മണ്ഡലങ്ങളിൽ പോലും ഉറച്ച വിജയത്തിനായി സിപിഐ തങ്ങളുടെ നിലപാടുകളിൽ വെള്ളം ചേർത്തില്ല. അതുകൊണ്ട് സിപിഐ ഉയർത്തുന്ന ആദർശ രാഷ്ട്രീയത്തെ കണ്ടില്ലെന്ന് നടിക്കാൻ കേരള ജനത തയ്യാറായതുമില്ല. 25 സീറ്റില്‍ മത്സരിച്ച പാര്‍ട്ടിക്ക് 17 സീറ്റുകളിൽ വിജയം സമ്മാനിച്ചാണ് കേരളജനത ലാളിത്യത്തിന്റെയും ആദർശത്തിന്റെയും പ്രതീകമായ സിപിഐക്ക് അം​ഗീകാരം നൽകിയത്. 2016ല്‍ 27 സീറ്റില്‍ മത്സരിച്ച സിപിഐക്ക് 19 സീറ്റാണു ലഭിച്ചത്. 2016ല്‍ പാര്‍ട്ടിക്ക് സംസ്ഥാനത്ത് ആകെ ലഭിച്ചത് 16,43,878 വോട്ടുകളായിരുന്നു. (8.12 ശതമാനം).

മൂന്ന് തവണ തുടർച്ചയായി മത്സരിച്ചവർക്ക് സീറ്റ് നൽകരുത് എന്നതാണ് സിപിഐയുടെ തെരഞ്ഞെടുപ്പ് നിലപാട്. പുതുമുഖങ്ങൾക്കും യുവാക്കൾക്കും അവസരം ലഭിക്കുക എന്നതാണ് ഇതുവഴി പാർട്ടി ലക്ഷ്യം വെക്കുന്നത്. ഇക്കുറിയും അതിന് മാറ്റമൊന്നും ഉണ്ടായില്ല. നെടുമങ്ങാട് മണ്ഡലത്തിൽ സിപിഐയുെട സീനിയർ നേതാവും മുൻ മന്ത്രിയുമായ സി ദിവാകരനെ മാറ്റി പാർട്ടി ജില്ലാ സെക്രട്ടറി അഡ്വ. ജി ആർ അനിൽ സ്ഥാനാർത്ഥിയായി. ചടയമം​ഗലത്ത് മുൻമന്ത്രിയും സീനിയർ നേതാവുമായ മുല്ലക്കര രത്നാകരന് പകരം ചിഞ്ചുറാണി എത്തി. പുനലൂരിൽ മന്ത്രി രാജുവിനെ മാറ്റി പി എസ് സുപാൽ സ്ഥാനാർത്ഥിയായി. ചേർത്തലയിൽ മന്ത്രി പി തിലോത്തമന് സീറ്റ് നൽകാതെ പി പ്രസാദിന് അവസരം നൽകി.

ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ടത് തൃശ്ശൂരിലെ സിപിഐ സ്ഥാനാർത്ഥിയെ കുറിച്ചായിരുന്നു. സിറ്റിം​ഗ് എംഎൽഎയും കൃഷിമന്ത്രിയുമായ വി എസ് സുനിൽകുമാറിന് പകരം സീറ്റ് നൽകിയത് പി ബാലചന്ദ്രനായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ സിപിഐ സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തായിരുന്നു. വി എസ് സുനിൽകുമാറല്ലാതെ മറ്റൊരു സ്ഥാനാർത്ഥി സിപിഐക്ക് വേണ്ടി കളത്തിലിറങ്ങിയാൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന ആശങ്ക പാർട്ടിക്കുള്ളിൽ തന്നെ ഉയർന്നിരുന്നു. എന്നാൽ, സിപിഐ നേതൃത്വത്തിന് ഇതിൽ ആശങ്കയേ ഇല്ലായിരുന്നു. ഫലം വന്നപ്പോൾ, പാർട്ടി തീരുമാനങ്ങൾക്ക് ജനം അം​ഗീകാരം നൽകുകയായിരുന്നു.

നെടുമങ്ങാട്
ജില്ലാ സെക്രട്ടറി ജി.ആര്‍.അനിലിലൂടെ നെടുമങ്ങാട് മണ്ഡലം സിപിഐ നിലനിര്‍ത്തി. 23,171 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി.എസ്.പ്രശാന്തിനെ പരാജയപ്പെടുത്തിയത്. 2016ല്‍ സിപിഐ നേതാവ് സി.ദിവാകരന്‍ 3,621 വോട്ടിനാണ് ഇവിടെ ജയിച്ചത്.

ചിറയിന്‍കീഴ്
ഇടതു കോട്ടയായ ചിറയിന്‍കീഴില്‍ സിപിഐയുടെ വി.ശശിക്ക് ഹാട്രിക് വിജയം. 14,017 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബി.എസ്.അനൂപിനെ പരാജയപ്പെടുത്തിയത്. 2011ല്‍ വി.ശശി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിദ്യാധരനെ 14,322 വോട്ടിനാണു തോല്‍പിച്ചത്.

ചാത്തന്നൂര്‍
ശക്തമായ ത്രികോണ മത്സരം നടന്ന ചാത്തന്നൂര്‍ ഹാട്രിക് വിജയം നേടിയ ജി.എസ്.ജയലാലിലൂടെ സിപിഐ നിലനിര്‍ത്തി. ഇത്തവണ ഭൂരിപക്ഷം 17,206 വോട്ടായി കുറഞ്ഞു. മണ്ഡലം തിരിച്ചുപിടിക്കാനുള്ള ദൗത്യവുമായി കോണ്‍ഗ്രസ് നിയോഗിച്ചത് മുതിര്‍ന്ന നേതാവ് എന്‍.പീതാംബരക്കുറുപ്പിനെയായിരുന്നു. അദ്ദേഹം ബിജെപിയുടെ ബി.ബി.ഗോപകുമാറിനു പിന്നിൽ മൂന്നാമതായി. 2016ൽ ജയലാലിന്റെ ഭൂരിപക്ഷം 34,407 വോട്ട്.

ചടയമംഗലം
മണ്ഡലത്തില്‍ സിപിഐയുടെ പാരമ്പര്യം ഉറപ്പിച്ച് ജെ.ചിഞ്ചുറാണിക്കു വിജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം.എം.നസീറിനെ 13,678 വോട്ടുകള്‍ക്കാണു തോല്‍പ്പിച്ചത്. 2016ല്‍ മുല്ലക്കര രത്‌നാകരന്‍ 21,928 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇവിടെ ജയിച്ചത്. 1957ല്‍ മണ്ഡലം രൂപീകരിച്ച ശേഷം രണ്ടു തവണ മാത്രമെ സിപിഐ സ്ഥാനാര്‍ഥികളല്ലാത്തവര്‍ ചടയമംഗലത്തു ജയിച്ചിട്ടുള്ളൂ.

പുനലൂര്‍
പി.എസ്.സുപാലിന്റെ ജയത്തിലൂടെ മണ്ഡലം സിപിഐ നിലനിര്‍ത്തി. യുഡിഎഫിന്റെ ലീഗ് സ്ഥാനാര്‍ഥി അബ്ദുറഹ്മാന്‍ രണ്ടത്താണിയെ 37,057 വോട്ടുകള്‍ക്കാണ് സുപാല്‍ പരാജയപ്പെടുത്തിയത്. 1957 മുതല്‍ നടന്ന 16 തിരഞ്ഞെടുപ്പുകളില്‍ 13 എണ്ണത്തിലും സിപിഐ വിജയിച്ച മണ്ഡലത്തില്‍ കഴിഞ്ഞ മൂന്നുവട്ടവും സിപിഐയുടെ കെ.രാജുവായിരുന്നു എംഎല്‍എ. 2016ല്‍ 33,582 വോട്ടായിരുന്നു അദ്ദേഹത്തിന്റെ ഭൂരിപക്ഷം.

അടൂര്‍
ചിറ്റയം ഗോപകുമാറിന് ഹാട്രിക് വിജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം.ജി.കണ്ണനെ 2919 വോട്ടിനാണ് ഗോപകുമാര്‍ പരാജയപ്പെടുത്തിയത്. പാര്‍ട്ടി വോട്ടുകള്‍ക്കപ്പുറം വ്യക്തിബന്ധങ്ങളും ജനക്ഷേമ നടപടികളും തുണയായി. 1991 മുതല്‍ 2006 വരെ അടൂരില്‍ തുടര്‍ച്ചയായി ജയിച്ച കോണ്‍ഗ്രസിന്റെ തിരുവഞ്ചൂര്‍ രാധാകൃഷ്ണനു ശേഷം 2011ല്‍ മത്സരിക്കാനിറങ്ങിയ പന്തളം സുധാകരനെ പരാജയപ്പെടുത്തിയാണു ചിറ്റയം ഗോപകുമാർ അടൂര്‍ പിടിച്ചെടുത്തത്. 2016ല്‍ ചിറ്റയത്തിന്റെ ഭൂരിപക്ഷം 25,324 വോട്ടായിരുന്നു.

ചേര്‍ത്തല
ശക്തമായ പോരാട്ടം നടന്ന മണ്ഡലത്തിൽ സിപിഐയുടെ പി.പ്രസാദ്, കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എസ്.ശരത്തിനെ 6148 വോട്ടുകള്‍ക്കാണു തോല്‍പിച്ചത്. 2011 ല്‍ നിലവില്‍ വന്ന ചേര്‍ത്തല മണ്ഡലത്തില്‍ കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും സിപിഐയാണ് ജയിച്ചത്. 7196 വോട്ടായിരുന്നു 2016ല്‍ പി.തിലോത്തമന്റെ ഭൂരിപക്ഷം

വൈക്കം
മൂന്നു മുന്നണികൾക്കുമായി സ്ത്രീകൾ ഏറ്റുമുട്ടിയ മണ്ഡലമായിരുന്നു വൈക്കം. സിറ്റിങ് എംഎല്‍എയും സിപിഐ സ്ഥാനാര്‍ഥിയുമായ സി.കെ.ആശ ഭൂരിപക്ഷം മെച്ചപ്പെടുത്തി. 29,122 വോട്ടിനാണു കോണ്‍ഗ്രസിന്റെ പി.ആര്‍.സോനയെ പരാജയപ്പെടുത്തിയത്. സിപിഐ കോട്ടയം ജില്ലാ കൗണ്‍സില്‍ അംഗം കൂടിയായ ആശയ്ക്ക് 2016ല്‍ 24,584 വോട്ടായിരുന്നു ഭൂരിപക്ഷം.

പീരുമേട്
സിപിഐ സ്ഥാനാര്‍ഥി വാഴൂര്‍ സോമന് വിജയം. കോണ്‍ഗ്രസിന്റെ സിറിയക് തോമസിനെ 1835 വോട്ടിനാണു പരാജയപ്പെടുത്തിയത്. കഴിഞ്ഞ മൂന്നു ടേമിലായി ഇ.എസ്.ബിജിമോള്‍ ജയിച്ചുകയറിയ മണ്ഡലം നിലനിര്‍ത്താന്‍ ഇത്തവണ സിപിഐ നിയോഗിച്ചത് എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റിനെയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 314 വോട്ടുകള്‍ക്കാണ് സിറിയക് തോമസ് ബിജിമോളോടു പരാജയപ്പെട്ടത്.

തൃശൂര്‍
മന്ത്രി വി.എസ്.സുനില്‍കുമാറിനെ മാറ്റി പി.ബാലചന്ദ്രനെ ഇറക്കി കളിക്കാനുള്ള തീരുമാനം പാർട്ടിയിൽ ആശങ്കയുണ്ടാക്കി. ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയും കോൺഗ്രസിന്റെ പത്മജ വേണുഗോപാലും മാറിമാറി ലീഡ് പിടിച്ച മണ്ഡലത്തിൽ അവസാന റൗണ്ടുകളിലാണ് ബാലചന്ദ്രൻ കയറിവന്നത്. 946 വോട്ടിനാണു പത്മജയെ പരാജയപ്പെടുത്തിയത്. 2016ല്‍ വി.എസ്.സുനില്‍കുമാര്‍ 6,987 വോട്ടിന്റെ ഭൂരിപക്ഷത്തിനു പത്മജ വേണുഗോപാലിനെ തോൽപ്പിച്ച മണ്ഡലമാണിത്.

ഒല്ലൂര്‍
ചീഫ് വിപ് കെ.രാജനെ സിപിഐ വീണ്ടും മത്സര രംഗത്തിറക്കിയതു അനുകൂലമായി. 21,506 വോട്ടിനാണു യുഡിഎഫിലെ ജോസ് വള്ളൂരിനെ രാജൻ തോൽപ്പിച്ചത്. 2016ലെ തിരഞ്ഞെടുപ്പില്‍ രാജന്റെ ഭൂരിപക്ഷം 13,248 വോട്ടായിരുന്നു.

കൊടുങ്ങല്ലൂര്‍
മണ്ഡല രൂപീകരണത്തിനു ശേഷം ഇടതും വലതും ഓരോ തവണ ജയിച്ച കൊടുങ്ങല്ലൂരില്‍ ബിജെപി കൂടി ജയസാധ്യത കല്‍പ്പിച്ചതോടെ മത്സരം കടുത്തു. സിറ്റിങ് എംഎല്‍എ വി.ആര്‍.സുനില്‍കുമാര്‍ വീണ്ടും പോരാട്ടത്തിനിറങ്ങിയപ്പോൾ ഭൂരിപക്ഷം കൂടി– 23,893. യുഡിഎഫിലെ എം.പി.ജാക്സനെയാണു തോൽപ്പിച്ചത്. 2016ല്‍ 22,791 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫിലെ കെ.പി.ധനപാലനെ സുനിൽകുമാർ തോല്‍പ്പിച്ചത്.

നാട്ടിക
കഴിഞ്ഞ രണ്ടു തവണ വിജയിച്ച ഗീതാ ഗോപിക്ക് സീറ്റ് നല്‍കാതെയാണു സി.സി.മുകുന്ദനെ കളത്തിലിറക്കിയത്. ഭൂരിപക്ഷം കൂട്ടിയാണു മുകുന്ദൻ വിമർശനങ്ങളെ മറികടന്നത്. യുഡിഎഫിന്റെ സുനിൽ ലാലൂരിനെതിരെ 28,431 വോട്ടിനാണു മുകുന്ദന്റെ ജയം. 2016ല്‍ 26,777 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഗീതാ ഗോപി യുഡിഎഫിന്റെ കെ.വി.ദാസനെ വീഴ്ത്തിയത്.

കയ്പമംഗലം
ഇ.ടി.ടൈസന്റെ വ്യക്തിപ്രഭാവത്തില്‍ അനായാസ വിജയം ലക്ഷ്യമിട്ട എല്‍ഡിഎഫിനു യുഡിഎഫിന്റെ ശോഭാ സുബിൻ വെല്ലുവിളി ഉയര്‍ത്തിയിരുന്നു. ഭൂരിപക്ഷം 22,698 ആയി കുറഞ്ഞെങ്കിലും ടൈസൻ വിജയം നിലനിർത്തി. 2016ല്‍ 33,400 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ടൈസൻ ജയിച്ചത്.

പട്ടാമ്പി
2001 മുതല്‍ തുടര്‍ച്ചയായി കോണ്‍ഗ്രസിനൊപ്പം നിന്ന മണ്ഡലം 2016-ല്‍ ജെഎന്‍യു വിദ്യാര്‍ഥി നേതാവ് മുഹമ്മദ് മുഹ്സിനെ ഇറക്കി ഇടതുപക്ഷം തിരിച്ചുപിടിക്കുകയായിരുന്നു. ഇത്തവണയും രംഗത്തിറങ്ങിയ മുഹ്സിൻ മത്സരം മോശമാക്കിയില്ല. യുഡിഎഫിന്റെ റിയാസ് മുക്കോളിയെ 17,974 വോട്ടിനാണു തോൽപ്പിച്ചത്. 2016ൽ മുഹ്സിന്റെ ഭൂരിപക്ഷം 7,404.

നാദാപുരം
കോഴിക്കോട് ജില്ലയില്‍ സിപിഐ മത്സരിക്കുന്ന ഏക സീറ്റായ നാദാപുരത്ത് കടുത്ത പോരാട്ടമാണ് നടന്നത്. സിറ്റിങ് എംഎല്‍എ ഇ.കെ.വിജയനെതിരെ കഴിഞ്ഞ തവണത്തെ എതിരാളി കെ.പ്രവീണ്‍കുമാര്‍ തന്നെയാണു രംഗത്തിറങ്ങിയത്. 3,385 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയനു വിജയം. 2016ല്‍ ഇടതു തരംഗം അലയടിച്ചപ്പോൾ 4,759 വോട്ടിന്റെ ഭൂരിപക്ഷമാണ് വിജയന് ലഭിച്ചത്.

കാഞ്ഞങ്ങാട്
മന്ത്രി ഇ.ചന്ദ്രശേഖരനാണ് മൂന്നാമതും മത്സരിച്ചത്. യുഡിഎഫിന്റെ പി.വി.സുരേഷിനെതിരെ 19,719 വോട്ടിനാണു ജയം. ചന്ദ്രശേഖരന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ സിപിഐയില്‍ ഒരുവിഭാഗം കടുത്ത വിമര്‍ശനമുയര്‍ത്തിയിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 26,011 വോട്ടുകള്‍ക്കായിരുന്നു ചന്ദ്രശേഖരന്റെ വിജയം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close