KERALANEWS

വിജയ് യേശുദാസിന് പിന്തുണയുമായി എം ജയചന്ദ്രന്‍

തിരുവനന്തപുരം:മലയാള സിനിമയില്‍ ഇനി പാടില്ലെന്ന ഗായകന്‍ വിജയ് യേശുദാസിന്റെ തീരുമാനത്തിന് പ്രതികരണവുമായി സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍.മലയാള സിനിമയില്‍ ഏറ്റവും ചെറിയ വരുമാനത്തില്‍ ജോലി ചെയ്യുന്നവര്‍ സംഗീത സംവിധായകര്‍ ആണെന്നും മലയാള സംഗീതത്തെ കുറിച്ച് വ്യാവസായികമായി ചിന്തിക്കുമ്പോള്‍ പ്രൊഡ്യൂസര്‍മാര്‍ക്ക് അതിലപ്പുറം ചെലവാക്കാനാകാത്ത അവസ്ഥയും ഉള്ളതിനാല്‍ രണ്ട് വശത്തുനിന്നും അതിനെ കാണേണ്ടതുണ്ടെന്നും എം ജയചന്ദ്രന്‍ പറയുന്നു.

മലയാള സംഗീത ലോകത്തിന്റെ കുലപതിമാരായ ബാബുരാജ് ,രവീന്ദ്രന്‍ മാസ്റ്റര്‍,ജോണ്‍സണ്‍ മാസ്റ്റര്‍ എന്നിവരെല്ലാം സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചവരാണ്.കന്നഡയോ തെലുങ്കോ ഹിന്ദിയോ വച്ച് നോക്കുമ്പോള്‍ അവിടെ കിട്ടുന്നതിന്റെ പത്ത് ശതമാനം പോലും മലയാളത്തില്‍ ലഭിക്കുന്നില്ല.ഗായകര്‍ക്ക് ചോദിക്കുന്ന പണം നല്‍കാന്‍ തയാറാകുമ്പോഴും അതും ചിലവാക്കുന്നത് പലപ്പോഴും സംഗീത സംവിധായകര്‍ ആണെന്ന് ആരും അറിയാറില്ല.പണമുണ്ടാക്കാനുളള മാധ്യമം എന്നതിലുപരി സംഗീതത്തോടുളള പാഷനാണ് പലരേയും ഈ രംഗത്ത് തുടരാന്‍ പ്രേരിപ്പിക്കുന്നത്.ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ സിനിമയില്‍ നിന്നുളള വരുമാനം മാത്രം മതിയാകാതെ വരുന്നത് കൊണ്ടാണ് മറ്റ് പരിപാടികളും റിയാലിറ്റി ഷോകളും ഏല്‍ക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

മലയാളത്തിലെ സംഗീത സംവിധായകരുടെ ഗതികേടാണ് ഇപ്പോള്‍ അനുദിനം പുറത്തുവരുന്നത്. കൊമേഴ്സ്യല്‍ മീഡിയമായ സിനിമയില്‍ അഭിനേതാക്കള്‍ക്കും മറ്റെല്ലാ വിഭാഗങ്ങള്‍ക്കും നല്‍കുന്ന ന്യായമായ പ്രതിഫലം സംഗീത സംവിധായകര്‍ക്കും ലഭിക്കണമെന്ന വാദമാണ് ഉയരുന്നത്. ‘ഇത്ര പണം തന്നാലേ വര്‍ക്ക് ചെയ്യൂ എന്ന് ഞാനിതുവരെ പറഞ്ഞിട്ടില്ല. പാട്ടിന് അഡ്വാന്‍സ് വാങ്ങാറുമില്ല. സംവിധായകന് ആദ്യം ട്യൂണ്‍ ഇഷ്ടപ്പെടട്ടെ. എന്നിട്ട് പണം വാങ്ങാം എന്നാണ് പറയാറുളളത്. ഗായകനും ഗാനരചയിതാവിനും അവരുടെ വര്‍ക്ക് തീര്‍ന്നയുടന്‍ പണം നല്‍കും.അവഗണിക്കപ്പെടുന്ന വിഭാഗമായി നമ്മളിങ്ങനെ വര്‍ഷങ്ങളായി കഴിയുന്നു. എനിക്ക് പരാതിയൊന്നുമില്ല. പക്ഷേ ഇത് മാറണം. പുറത്തുനിന്ന് സംഗീത സംവിധായകരെ കൊണ്ടുവരുമ്പോള്‍ അവര്‍ ചോദിക്കുന്ന പണം നല്‍കാറുണ്ട്.പ്രതിഫലം നല്‍കുന്നതിന്റെ അടിസ്ഥാനപരമായ എന്താണ് മാനദണ്ഡം എനിക്കിതുവരെ അതു മനസ്സിലായിട്ടില്ല. ഇതൊക്കെ എങ്ങനെയാണ് ന്യായീകരിക്കേണ്ടത് എന്ന് അറിയില്ല’എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close