CULTURAL

വിടവാങ്ങുന്നു….. മലയാളത്തിന്റെ കാവ്യസുഗതം

മലയാള സാഹിത്യത്തിന്റെ കാവ്യസുഗതമായിരുന്നു മലയാളിയുടെ സ്വന്തം എഴുത്തമ്മ സുഗതകുമാരി. മണ്ണും മനുഷ്യനും പെണ്ണുമെല്ലാം ആ എഴുത്തമ്മയുടെ എഴുത്താണിയില്‍ സങ്കടവും സന്തോഷവും പങ്കുവെച്ചു. കാവ്യാകാശങ്ങളെ മാത്രം തേടി പോകുന്നതായിരുന്നില്ല അവരുടെ പാവം മാനവഹൃദയം. മറിച്ച് ചൂഷണം ചെയ്യപ്പെടുന്ന, കാലത്തിന്റെ കുത്തൊഴുക്കില്‍ അരികുവത്കരിക്കപ്പെടുന്നതെല്ലാം ആ മനസ്സില്‍ കലഹങ്ങള്‍ സൃഷ്ടിച്ചു. കേരളത്തിന്റെ പൊതുമണ്ഡലങ്ങളിലെല്ലാം ആ കലഹങ്ങള്‍ അവര്‍ സംഘര്‍ഷങ്ങളായി അവതരിപ്പിച്ചു. ഇടം കിട്ടാത്ത മനുഷ്യനും ഇടമില്ലാതെ പോകുന്ന പെണ്ണും ആ കവിതകളില്‍ വിഷയമായി. ഇതിനെല്ലാം പുറമേ മരിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിയേയും അത്രയേറെ അവര്‍ സ്‌നേഹിച്ചു.

1934 ജനുവരി 22ന് തിരുവനന്തപുരത്തായിരുന്നു സുഗതകുമാരിയുടെ ജനനം. സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്ന ബോധേശ്വരന്‍, വി.കെ. കാര്‍ത്യായനി അമ്മ എന്നിവരായിരുന്നു മതാപിതാക്കള്‍. തത്വശാസ്ത്രത്തില്‍ എം.എ. ബിരുദം നേടിയിട്ടുണ്ട്. സൈലന്റ് വാലി പ്രക്ഷോഭത്തില്‍ സുഗതകുമാരി വലിയ പങ്കുവഹിച്ചു. അഭയഗ്രാമം, അഗതികളായ സ്ത്രീകള്‍ക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികള്‍ക്കുവേണ്ടി പരിചരണാലയം എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക രംഗത്ത് സുഗതകുമാരിയുടെ സംഭാവനകള്‍ പലതാണ്. സംസ്ഥാന വനിതാ കമ്മീഷന്റെ അദ്ധ്യക്ഷ ആയിരുന്നു. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സുഗതകുമാരി അശ്രാന്തം പരിശ്രമിക്കുന്നു. സാഹിത്യത്തിലെ സമഗ്ര സംഭാവനകള്‍ക്ക് നല്‍കുന്ന എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് 2009-ല്‍ അര്‍ഹയായിട്ടുണ്ട്.

തിരുവനന്തപുരം ജവഹര്‍ ബാലഭവന്റെ പ്രിന്‍സിപ്പലായിരുന്നു. കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന തളിര് എന്ന മാസികയുടെ ചീഫ് എഡിറ്ററാണ്. പ്രകൃതിസംരക്ഷണ സമിതിയുടെയും അഭയയുടെയും സ്ഥാപക സെക്രട്ടറി. സാമൂഹിക സേവനത്തിനുള്ള ലക്ഷ്മി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഭര്‍ത്താവ്: പരേതനായ ഡോ. കെ. വേലായുധന്‍ നായര്‍. മകള്‍: ലക്ഷ്മി. അദ്ധ്യാപികയും വിദ്യാഭ്യാസവിദഗ്ദ്ധയുമായ ഹൃദയകുമാരി സഹോദരിയാണ്.

കൃതികള്‍: മുത്തുച്ചിപ്പി (1961)പാതിരാപ്പൂക്കള്‍ (1967) (കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച കൃതി)
പാവം മാനവഹൃദയം (1968) ഇരുള്‍ ചിറകുകള്‍ (1969) രാത്രിമഴ (1977) (കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, സാഹിത്യ പ്രവര്‍ത്തക അവാര്‍ഡ്) അമ്പലമണി (1981) (ആശാന്‍ പ്രൈസ്, വയലാര്‍ അവാര്‍ഡ്, ഓടക്കുഴല്‍ പുരസ്‌കാരം) കുറിഞ്ഞിപ്പൂക്കള്‍ (1987) (ആശാന്‍ സ്മാരക സമിതി (മദ്രാസ്) അവാര്‍ഡ്) തുലാവര്‍ഷപ്പച്ച (1990) (വിശ്വദീപം അവാര്‍ഡ്) രാധയെവിടെ (1995) (അബുദാബി മലയാളി സമാജം അവാര്‍ഡ്)
കൃഷ്ണകവിതകള്‍ (ജന്മാഷ്ടമി പുരസ്‌കാരം, എഴുകോണ്‍ ശിവശങ്കരന്‍ സാഹിത്യ അവാര്‍ഡ്) ദേവദാസി, വാഴത്തേന്‍, മലമുകളിലിരിക്കെ, സൈലന്റ് വാലി (നിശ്ശബ്ദ വനം), വായാടിക്കിളി

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close