KERALANEWSTop News

വിതുര പീഡനക്കേസ്; ഒന്നാം പ്രതിക്ക് 24 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു

കോട്ടയം: വിതുര പീഡനക്കേസിലെ ഒന്നാം പ്രതിക്ക് 24 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. വിവിധ കേസുകളിലായി 24 വര്‍ഷം കഠിന തടവ് വിധിച്ചിട്ടുണ്ടെങ്കിലും ഒന്നിച്ച് 10 വര്‍ഷം അനുഭവിച്ചാല്‍ മതി. ഒന്നാം പ്രതി കൊല്ലം ജുബൈറാ മന്‍സിലില്‍ സുരേഷി (ഷംസുദ്ദീന്‍ മുഹമ്മദ് ഷാജഹാന്‍-52) നെയാണ് കുറ്റക്കാരനെന്നു കണ്ട് കോട്ടയം പ്രത്യേക കോടതി ജഡ്ജി ജോണ്‍സണ്‍ ജോണ്‍ ശിക്ഷ വിധിച്ചത്. പ്രായപൂര്‍ത്തിയാകാത്ത വിതുര സ്വദേശിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും പലര്‍ക്കായി കൈമാറുകയും ചെയ്‌തെന്നാണു പ്രോസിക്യൂഷന്‍ കേസ്. പെണ്‍കുട്ടിയെ 10 ദിവസത്തിലധികം തടങ്കലില്‍ വച്ചു, മറ്റുള്ളവര്‍ക്ക് പീഡിപ്പിക്കാന്‍ അവസരമൊരുക്കി, ഇതിനു സൗകര്യമൊരുക്കുന്ന കേന്ദ്രം നടത്തി എന്നീ കുറ്റങ്ങളാണു പ്രതിക്കെതിരെ കോടതി കണ്ടെത്തിയിരിക്കുന്നത്. അജിത ബീഗം എന്ന യുവതി അകന്ന ബന്ധുവായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 1995 നവംബര്‍ 21നു വീട്ടില്‍ നിന്ന് ഇറക്കിക്കൊണ്ടുവന്ന് ഒന്നാംപ്രതി സുരേഷിനു കൈമാറുകയും 1996 ജൂലൈ വരെ 9 മാസം കേരളത്തിനകത്തും പുറത്തും പലര്‍ക്കായി കൈമാറി പീഡനത്തിന് വിധേയമാക്കുകയും ചെയ്തെന്നാണു കേസ്. അജിത ബീഗം അന്വേഷണഘട്ടത്തില്‍ വാഹനാപകടത്തില്‍ മരിച്ചു. ജൂലൈ 16നു പെണ്‍കുട്ടിയെ കേസില്‍ ഉള്‍പ്പെട്ട സണ്ണി എന്നയാള്‍ക്കൊപ്പം എറണാകുളം സെന്‍ട്രല്‍ പൊലീസ് പിടികൂടിയിരുന്നു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത ഇവര്‍ 23നു ജാമ്യത്തിലിറങ്ങിയ ശേഷം സെന്‍ട്രല്‍ പൊലീസിനു നല്‍കിയ മൊഴിയാണ് 9 മാസം നീണ്ട പീഡനങ്ങള്‍ പുറത്തു കൊണ്ടുവന്നത്. ആകെ 24 കേസുകളാണ് ഉണ്ടായിരുന്നത്. 2 ഘട്ടങ്ങളിലായി നടന്ന വിചാരണയില്‍ 36 പ്രതികളെ കുറ്റക്കാരല്ലെന്നു കണ്ടു വിട്ടയച്ചു. കേസിലെ ഒന്നാം പ്രതിയായ സുരേഷിനെ അന്വേഷണഘട്ടത്തിലും വിചാരണഘട്ടങ്ങളിലും അറസ്റ്റ് ചെയ്യാന്‍ പൊലീസിനു കഴിഞ്ഞില്ല. വിചാരണ നടത്തിയ കേസില്‍ എല്ലാ പ്രതികളെയും വിട്ടയച്ചതോടെയാണ് ഒന്നാം പ്രതിയായ സുരേഷ് 18 വര്‍ഷത്തിനു ശേഷം കോടതിയില്‍ കീഴടങ്ങിയത്.സുരേഷിനെ പെണ്‍കുട്ടി തിരിച്ചറിയുകയും പ്രതിക്കെതിരെ മൊഴി നല്‍കുകയും ചെയ്തു. ഇതോടെയാണു സുരേഷ് മൂന്നാം ഘട്ടത്തില്‍ വിചാരണ നേരിട്ടത്. തനിക്ക് ഭാര്യയും മൈനറായ മകളുമുണ്ടെന്നും ഇവര്‍ അനാഥരാകുമെന്നും ശിക്ഷ സംബന്ധിച്ച വാദത്തില്‍ സുരേഷ് പറഞ്ഞു. തമിഴ്‌നാട്ടില്‍ താമ്പരം എന്ന സ്ഥലത്ത് കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തെ സാമ്പത്തികമായി സഹായിക്കുന്നെന്നും ശിക്ഷ ഇളവു നല്‍കണമെന്നും പ്രതി അഭ്യര്‍ഥിച്ചിരുന്നങ്കിലും കോടതി കണക്കിലെടുത്തില്ല. 24 കേസുകളിലും സുരേഷാണ് ഒന്നാം പ്രതി. പ്രത്യേക കോടതി ജഡ്ജി ജോണ്‍സണ്‍ ജോണാണു വിധി പറഞ്ഞത്. പ്രോസിക്യൂഷനു വേണ്ടി രാജഗോപാല്‍ പടിപ്പുര ഹാജരായി. 2019 ഒക്ടോബര്‍ 17 മുതലാണു പീഡനക്കേസിലെ മൂന്നാം ഘട്ട വിചാരണ കോട്ടയത്തെ പ്രത്യേക കോടതിയില്‍ ആരംഭിച്ചത്. കേസിലെ മറ്റു പ്രതികളെ വെറുതേ വിട്ടപ്പോള്‍ ഇയാള്‍ ഒന്നാം പ്രതി താനാണെന്നു വ്യക്തമാക്കി കോടതിയില്‍ സ്വയം കീഴടങ്ങിയതാണെന്നു പ്രോസിക്യൂഷന്‍ വാദിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close