INDIANEWS

വിദഗ്ധ സമിതിയുമായി സഹകരിക്കില്ലെന്ന് കര്‍ഷകര്‍,സമിതിയില്‍ ഭൂരിഭാഗവും നിയമത്തെ അനുകൂലിക്കുന്നവര്‍

ന്യൂഡല്‍ഹി:കാര്‍ഷിക നിയമങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതിക്കെതിരെ കര്‍ഷകര്‍.സമിതിയില്‍ ഭൂരിഭാഗവും കാര്‍ഷിക നിയമത്തെ അനുകൂലിക്കുന്നവരാണ്. ഇതിനുപിന്നില്‍ കേന്ദ്രം സര്‍ക്കാരാണെന്നും കര്‍ഷക സംഘടനകള്‍ അഭിപ്രായപ്പെട്ടു. സമിതിയുമായി സഹകരിക്കില്ലെന്ന നിലപാടിലാണ് സംഘടനകള്‍. സമിതി രൂപീകരിക്കണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല എന്ന് കര്‍ഷക സംഘടനകള്‍.

തുടര്‍നീക്കങ്ങള്‍ക്കായി സിംഗുവില്‍ കര്‍ഷക സംഘടനകളുടെ നേതാക്കള്‍ 12 മണിക്ക് യോഗം ചേരും.ഒരു സമിതിക്ക് മുമ്പാകെയും ഹാജരാകില്ലെന്നും സമരം ശക്തമായി തുടരാനും തീരുമാനിച്ചതായി പഞ്ചാബിലെ കര്‍ഷക സംഘടനകള്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഇന്ന് നടക്കുന്ന കര്‍ഷക സംഘടനകളുടെ കേന്ദ്രകമ്മിറ്റി യോഗത്തിലുണ്ടാകും. സമരവേദി മാറ്റേണ്ടതുണ്ടോ എന്ന കാര്യവും യോഗത്തില്‍ ചര്‍ച്ചയാകും.

രാജ്യവ്യാപകമായി എല്ലാ വില്ലേജുകളിലും ഇന്ന് കാര്‍ഷിക നിയമങ്ങളുടെ പകര്‍പ്പ് കത്തിച്ച് പ്രതിഷേധിക്കും. സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതിയെ കര്‍ഷക സംഘടനകള്‍ തള്ളി. നിയമത്തെ പിന്തുണക്കുന്നവരെ സമിതിയില്‍ ഉള്‍പ്പെടുത്തിയതിലും പ്രതിഷേധം രേഖപ്പെടുത്തി. സമിതി രൂപീകരിക്കണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല. സമിതിക്ക് പിന്നില്‍ കേന്ദ്രമായതിനാല്‍ സമിതിക്ക് മുന്‍പാകെ ഹാജരാകില്ല എന്നാണ് പ്രതികരണം. ഒപ്പം സമരം ശക്തമാക്കും.

ജനുവരി 18ന് വനിതകളുടെ രാജ്യ വ്യാപക പ്രതിഷേധവും റിപബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ പരേഡും നടത്തും. ട്രാക്ടര്‍ പരേഡ് അനുവദിക്കരുതെന്ന ഡല്‍ഹി പൊലീസിന്റെ ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇന്ന് ചേരുന്ന കര്‍ഷക സംഘടനാ നേതാക്കളുടെ യോഗം ഇക്കാര്യവും ചര്‍ച്ച ചെയ്യും.

സമരത്തിന്റെ ഭാഗമാകാന്‍ കേരളത്തില്‍ നിന്നും കിസാന്‍ സഭയുടെ നേതൃത്വത്തില്‍ പുറപ്പെട്ട കര്‍ഷകര്‍ നാളെ ഷാജഹാന്‍പൂര്‍ അതിര്‍ത്തിയിലെത്തും. കാര്‍ഷിക നിയമങ്ങള്‍ക്ക് രേഖാമൂലം പിന്തുണ നല്‍കിയ വ്യക്തികളെ ഉള്‍പ്പെടുത്തിയ സമിതിയില്‍ നിന്ന് നീതി പ്രതീക്ഷിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

നിയമങ്ങള്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും കോടതി വിധി സര്‍ക്കാര്‍ താല്‍പര്യത്തിന് എതിരാണെന്നും കേന്ദ്ര കൃഷി സഹമന്ത്രി കൈലാഷ് ചൗധരി പ്രതികരിച്ചു. കോടതി വിധി മാനിക്കുന്നു എന്നും വിദഗ്ധ സമിതി നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുമെന്നും കൈലാഷ് ചൗധരി പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close