വിദേശത്ത് നിന്ന് വരുന്നവരുടെ ക്വാറന്റീന് മാര്‍ഗ മാനദണ്ഡങ്ങളില്‍ ഇളവുകളുമായി കേന്ദ്രം

ന്യൂഡല്‍ഹി: വിദേശത്ത് നിന്ന് വരുന്നവരുടെ ക്വാറന്റീന് മാര്‍ഗ മാനദണ്ഡങ്ങളില്‍ ഇളവുകളുമായി കേന്ദ്ര സര്‍ക്കാര്‍. ഓഗസ്റ്റ് 8 മുതല്‍ വിദേശ രാജ്യത്ത് നിന്നും വരുന്നവര്‍ക്ക് കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് ഉണ്ടെങ്കില്‍ ഇന്സ്റ്റിറ്റിയൂഷന് ക്വാറന്റീന്റെ ആവശ്യമില്ല. ഇന്നലെ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. യാത്രയ്ക്ക് 96 മണിക്കൂര്‍ മുമ്പ് തന്നെ ഈ ടെസ്റ്റ് നടത്തിയിരിക്കണം. വ്യാജ മെഡിക്കല്‍ സെര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും. ഗര്‍ഭം, അടുത്ത ബന്ധുവിന്റെ മരണം, രോഗം, പത്ത് വയസില്‍ താഴെയുള്ള മക്കള്‍ക്കായി നാട്ടിലേക്ക് വരിക പോലുള്ള
അടിയന്തര ആവശ്യങ്ങള്‍ക്കായി വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് ഏഴ് ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്- ഏഴ് ദിവസത്തെ ഹോം ക്വാറന്റീന് എന്നതിന് പകരം 14 ദിവസത്തെ ഹോം ക്വാറന്റീന് ആവശ്യപ്പെടാം.
ക്വാറന്റീന് മാനദണ്ഡങ്ങളില്‍ ഇളവ് വേണമെങ്കില്‍ www.newdelhiairport.in എന്ന പോര്‍ട്ടലില്‍ 72 മണിക്കൂര്‍ മുമ്പ് അപേക്ഷിക്കണം. സര്‍ക്കാരിന്റെ തീരുമാനം അന്തിമമായിരിക്കും. ഓഗസ്റ്റ് 8 രാത്രി 12.01 മണി മുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരും. കൊറോണ നെഗറ്റീവ് ടെസ്റ്റ് റിപ്പോര്‍ട്ട് മേല്പറഞ്ഞ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്തിരിക്കണം. വിമാനത്താവളത്തിലും ടെസ്റ്റ് റിപ്പോര്‍ട്ട് ഹാജരാക്കണം. എല്ലാ യാത്രക്കാരും ആരോഗ്യ സേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്തിരിക്കണം. രോഗലക്ഷണങ്ങളില്ലാത്ത യാത്രക്കാരെ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കുകയുള്ളു. രോഗ ലക്ഷണമുള്ളവരെ ഉടനടി ക്വാറന്റീനിലേക്ക് മാറ്റും. ഹോം ക്വാറന്റീനിനായി അപേക്ഷിച്ചവര്‍ക്ക് പുറമെയുള്ള എല്ലാ യാത്രക്കാരെയും ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിനായി കൊണ്ടുപോകും.