INDIANEWSTop News

വിദ്യാർത്ഥികളോട് അശ്ലീലവർത്തമാനം, വീട്ടിലേക്ക് ക്ഷണം, വഴങ്ങിയില്ലെങ്കിൽ മാർക്ക് കുറക്കുമെന്നും പരീക്ഷ എഴുതിക്കില്ലെന്നും ഭീഷണി; പോക്‌സോ കേസിൽ തമിഴ്‌നാട്ടിൽ ഒരു അധ്യാപകൻ കൂടി അറസ്റ്റിൽ

ചെന്നൈ: വിദ്യാർത്ഥികളോട് അധ്യാപകർ ചെയ്യുന്ന ലൈംഗിക അതിക്രമങ്ങളുടെ കൂടുതൽ വാർത്തകൾ ചെന്നൈയിൽ പുറത്ത് വരുന്ന സാഹചര്യത്തിൽ ഒരു അധ്യാപകൻ കൂടി പോക്‌സോ കേസിൽ അറസ്റ്റിൽ. രാമനാഥപുരം ജില്ലയിലെ മുടുക്കുളത്തൂരിലെ സർക്കാർ-എയ്‌ഡഡ് സ്കൂളിലെ സയൻസ് അധ്യാപകനെയാണ് പോക്സോ കേസിൽ പോലീസ് പിടികൂടിയത്.

വിദ്യാർഥിനികളുടെ മൊബൈൽ നമ്പർ വാങ്ങി അവരോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും വീട്ടിലേക്ക് ക്ഷണിച്ചെന്നുമാണ് ഇയാൾക്ക് നേരെ ലഭിച്ച പരാതി. പഠനത്തിന്റെ ഭാഗമായി കൂടുതൽ വിവരങ്ങൾ പങ്കുവെയ്ക്കാനെന്ന പേരിലാണ് അധ്യാപകൻ വിദ്യാർഥിനികളുടെ മൊബൈൽ നമ്പർ വാങ്ങിച്ചിരുന്നത്. തുടർന്ന് വിദ്യാർഥിനികളെ നിരന്തരം ഫോണിൽ വിളിക്കുകയും മോശമായരീതിയിൽ സംസാരിക്കുകയും ചെയ്തെന്ന് വ്യക്തമാക്കി വിദ്യാർത്ഥിനികൾ രംഗത്തെത്തി.

സ്പെഷ്യൽ ക്ലാസിനായി തന്റെ വീട്ടിലേക്ക് വരണമെന്നും അതിനു തയാറായില്ലെങ്കിൽ മാർക്ക് കുറയ്ക്കുമെന്നും പരീക്ഷയിൽ തോൽപ്പിക്കുമെന്നും മറ്റും ഇയാൾ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തിയിരുന്നു. ഇത്തരത്തിൽ അധ്യാപകൻ ഒരു വിദ്യാർഥിനിയെ വീട്ടിലേക്ക് വരാൻ നിർബന്ധിക്കുന്നതിന്റെ ഓഡിയോ ക്ലിപ്പും പുറത്തുവന്നിട്ടുണ്ട്. ഇത് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഇയാൾക്കെതിരെ വ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു.

തമിഴ്‌നാട്ടിൽ കഴിഞ്ഞ കുറച്ച് ആഴ്ചകളായി വിദ്യാർത്ഥിനികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങളുടെ ആരോപണങ്ങൾ ഏറെ ചർച്ചചെയ്യപ്പെടുകയാണ്. പ്രശസ്തമായ പത്മ ശേഷാദ്രി ബാലഭവൻ (പി.എസ്.ബി.ബി.) സ്കൂളിലെ അധ്യാപകനായ രാജഗോപാലനിൽനിന്നുണ്ടായ മോശം പെരുമാറ്റം പങ്കുവെച്ച് പൂർവവിദ്യാർഥിനിയായ മോഡലാണ് ആദ്യം രംഗത്തുവന്നത്.ഡി.എം.കെ. നേതാവ് കനിമൊഴി എം.പി. യടക്കമുള്ളവർ വിഷയത്തിലിടപെട്ടതോടെ പോക്സോ കേസ് ചുമത്തി അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. അതോടെയാണ് മറ്റു സ്കൂളുകളിലെ വിദ്യാർഥിനികളും പൂർവവിദ്യാർഥികളും അധ്യാപകരിൽനിന്നു നേരിട്ട ദുരനുഭവങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പങ്കുവച്ചു. പിന്നാലെ കൂടുതൽപേർ സമാനാനുഭവങ്ങൾ തുറന്നുപറഞ്ഞു. അധ്യാപകൻ ഓൺലൈൻ ക്ലാസിൽ അർധനഗ്നനായി വന്നതും പെൺകുട്ടികൾക്ക് വാട്സാപ്പിൽ അശ്ലീല സന്ദേശങ്ങളയച്ചതുമെല്ലാം തെളിവുസഹിതം പുറത്ത് വന്നതോടെ നിരവധി അധ്യാപകർ ഉൾപ്പടെയുള്ള സ്കൂൾ സ്റ്റാഫുകൾ അറസ്റ്റിലായിരുന്നു.

സംസ്ഥാന ബാലാവകാശ കമ്മിഷനും ആരോപണങ്ങളിൽപ്പെട്ട സ്കൂളുകളിൽ അന്വേഷണം നടത്തി നടപടിക്ക് ശുപാർശചെയ്തു. കുറ്റക്കാർക്കെതിരേ വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിച്ച സംസ്ഥാനസർക്കാർ ഓൺലൈൻ ക്ലാസുകൾക്ക് പെരുമാറ്റച്ചട്ടം പുറത്തിറക്കി. ഓൺലൈൻ ക്ലാസുകൾക്കുള്ള മാർഗരേഖയും സംസ്ഥാന സർക്കാർ പുറത്തിറക്കിയിരുന്നു. കുട്ടികളുടെ സുരക്ഷ മുൻനിർത്തിയുള്ള നിർദേശങ്ങൾ സ്കൂളുകൾ കർശനമായി പാലിക്കണമെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ നിർദേശം. ഓൺലൈൻ ക്ലാസുകളിൽ അധ്യാപകരും വിദ്യാർഥികളും മാന്യമായി വസ്ത്രം ധരിക്കണമെന്നും ഉൾപ്പടെയുള്ള തീരുമാനങ്ങൾ മാർഗ്ഗരേഖയിലുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close