
തിരുവനന്തപുരം: മുസ്ലീം ലീഗ് പ്രവര്ത്തകന് യാസിര്‍ എടപ്പാളുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ എഴുത്തുകാരി കെ ആര് മീരയും ഏഷ്യാനെറ്റ് ന്യൂസിലെ വിനു വി ജോണും തമ്മില്‍ വാക് പോര്. ഇന്നലെ എഷ്യാനെറ്റിലെ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ മീരയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്ന കാര്യങ്ങള്‍ വസ്തുതാപരമല്ലെന്ന് വിനു പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് കെ ആര് മീര. വിനു വി ജോണിനേയും ഏഷ്യാനെറ്റ് ന്യൂസിനേയും രൂക്ഷമായി വിമര്‍ശിക്കുന്ന കെ ആര് മീര എഡിറ്റര്‍ എം ജി രാധാകൃഷ്ണനേയും പേരെടുത്ത് വിമര്‍ശിച്ചിട്ടുണ്ട്.
കുറച്ചു കാലമായി ഞാന്‍ ഏഷ്യാനെറ്റ് ന്യൂസ് കാണാറില്ല. പ്രത്യേകിച്ചും വിനുവിന്റെ ന്യൂസ് അവര്‍. എഴുത്തുകാരിയെന്ന നിലയില്‍ വിനു എന്നെ ഇഷ്ടപ്പെടുന്നതായി പറഞ്ഞെങ്കിലും, വിനുവിന്റെ ന്യൂസ് അവര്‍ എനിക്ക് ഇഷ്ടമല്ല എന്നു വിഷമത്തോടെ പറയട്ടെ. അതു പറയുന്നതു കൊണ്ട് ഇനിമേല്‍ എഴുത്തുകാരിയെന്ന നിലയില്‍ എന്നെ ഇഷ്ടപ്പെട്ടില്ലെങ്കിലും സാരമില്ല. കാരണം, ഞാന്‍ പഠിച്ചിട്ടുള്ള ജേണലിസം അനുസരിച്ച്, നമ്മുടെ ഇഷ്ടാനിഷ്ടങ്ങളും വ്യക്തിപരമായ താല്പര്യങ്ങളും പക്ഷപാതവും പ്രകടിപ്പിക്കാനുള്ള വേദിയല്ല, പത്രവും ചാനലും. ആ പരമമായ നിയമം വിനു നിരന്തരം ലംഘിക്കുന്നു. അതു വഴി വിനു ഇല്ലാതാക്കിയത് ചാനലിന്റെയും വിനുവിന്റെയും വിശ്വാസ്യതയാണ്. വിശ്വാസ്യതയില്ലെങ്കില്‍ പിന്നെ വാര്‍ത്തയുണ്ടോ?
യാസിര്‍ എടപ്പാളിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിലെ ഒരു വരി വി.പി.പി. മുസ്തഫ വായിച്ചതിന് പിറ്റേന്നു വിനു വിശദമായി മാപ്പു പറഞ്ഞല്ലോ. എന്നെ അപകീര്‍ത്തിപ്പെടുത്തിയതിനു പരസ്യമായല്ലെങ്കിലും ഒരു ഫോണ്‍ കോളിലൂടെയെങ്കിലും എന്നോടു മാപ്പു പറയാനുള്ള അക്കൗണ്ടബിലിറ്റിയോ റെസ്പോണ്‍സിബിലിറ്റിയോ ഇന്റഗ്രിറ്റിയോ നിങ്ങളോ നിങ്ങളുടെ മേധാവി എം.ജി. രാധാകൃഷ്ണനോ കാണിച്ചോ? – കെ ആര് മീര ഫേസ്ബുക്കില്‍ കുറിച്ചു.