KERALANEWSTop News

വിപ്ലവം, പ്രണയം, ലാളിത്യം; ഒല്ലൂരുകാരുടെ രാജേട്ടൻ ഇനി കേരളത്തിന്റെ പ്രിയ മന്ത്രി; ബാലവേദിയിലൂടെ കേരള രാഷ്ട്രീയത്തിലെ കരുത്തനായ കെ രാജന്റെ ജീവിതം ഇങ്ങനെ..

തൃശ്ശൂർ: കെ രാജൻ മന്ത്രിയായി എത്തുന്നതോടെ സിപിഐയിൽ ബാലവേദിയിലൂടെ രാഷ്ട്രീയ രം​ഗത്തെത്തുന്ന രണ്ടാമത്തെ നേതാവിനാണ് അം​ഗീകാരം കിട്ടുന്നത്. മന്ത്രിയായി നിയോ​ഗിച്ച പി പ്രസാദും ബാലവേദിയിലൂടെയാണ് രാഷ്ട്രീയ രം​ഗത്ത് തുടക്കം കുറിച്ചത്. വിദ്യാർത്ഥി ആയിരിക്കുമ്പോൾ തന്നെ ബാലവേദിയിൽ പ്രവർത്തനം ആരംഭിച്ച കെ രാജൻ പിന്നീട് ശാസ്ത്രസാഹിത്യ പരിഷത്തിലും സജീവമായിരുന്നു. പ്രീഡി​ഗ്രി വിദ്യാർത്ഥിയായി തൃശ്ശൂർ കേരള വർമ്മയിൽ എത്തുന്നതോടെയാണ് എഐഎസ്എഫിന്റെ സജീവ പ്രവർത്തകനാകുന്നത്.

രാഷ്ട്രീയ പശ്ചാത്തലമുള്ള കുടുംബത്തിൽ നിന്നല്ല കെ രാജൻ കേരള രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് ചെങ്കൊടിയേന്തി എത്തിയത്. കേരള വർമ്മയിലെ എഐഎഎസ്എഫ് പ്രവർത്തനം കേരളമറിയുന്ന വിദ്യാർത്ഥി നേതാവായി രാജനെ പരുവപ്പെടുത്തുകയായിരുന്നു. അന്തിക്കാട് ചടയൻമുറി സ്മാരത്തിൽ പ്രവർത്തിച്ചിരുന്ന ​ഗ്രന്ഥശാലയുമായി ബന്ധപ്പെട്ടുള്ള പുരോ​ഗമന പ്രസ്ഥാനങ്ങളുടെ പ്രവർത്തനവും രാജൻ എന്ന വിദ്യാർത്ഥി നേതാവിന് ഊർജ്ജം പകർന്നു.

എഐഎസ്എഫ് മണ്ഡലം സെക്രട്ടറി, ജില്ലാ കമ്മിറ്റി അം​ഗം, ജില്ലാ സെക്രട്ടറി, സംസ്ഥാന ജനറൽ സെക്രട്ടറി, അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. വിദ്യാർത്ഥി സംഘടനയിൽ നിന്നും വിരമിച്ച ശേഷം എഐവൈഎഫിന്റെ ചുമതലയാണ് പാർട്ടി ഏൽപ്പിച്ചത്. സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന രാജൻ നിലവിൽ ദേശീയ സെക്രട്ടറിയായി പ്രവർത്തിക്കുന്നു.

കഴിഞ്ഞ 30 വർഷമായി കേരളത്തിലെ വിദ്യാർത്ഥി- യുവജന പ്രക്ഷോഭങ്ങളുടെ മുൻനിരയിൽ കെ രാജനുണ്ടായിരുന്നു. വിദ്യാഭ്യാസ കച്ചവടം, പെൻഷൻ പ്രായം വർധനവ്, ആതിരപ്പള്ളി, പരിസ്ഥിതി സമരങ്ങൾ, സോളാർ കേസ്, ബാർ കോഴ തുടങ്ങി ഒട്ടനവധി സമരങ്ങൾക്കാണ് കെ രാജൻ നേതൃത്വം നൽകിയത്. നിരവധി തവണ പൊലീസ് മർദ്ദനങ്ങൾക്കും ഇരയായി. മൂന്ന് തവണ ജയിൽവാസം അനുഭവിക്കുകയുണ്ടായി.

കാലിക്കറ്റ് സർവകലാശാല യൂണിയൻ വൈസ് ചെയർമാനായിരുന്നു. കോളജ് വിദ്യാർത്ഥിയായിരിക്കെ തന്നെ യുവജന ക്ഷേമബോർഡ് അം​ഗമായി. ആദ്യമായി മത്സരക്കുന്നത് രാജ്യസഭയിലേക്കാണ്. 2015ലായിരുന്നു അത്. എന്നാൽ, അന്ന് വിജയിക്കാൻ സാധിച്ചിരുന്നില്ല. അന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയായിരുന്നു കെ രാജൻ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒല്ലൂരിൽ സ്ഥാനാർത്ഥിയാകാൻ സിപിഐ നിയോ​ഗിക്കുകയായിരുന്നു. അന്ന് 13240 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അന്ന് ഒല്ലൂരുകാർ രാജനെ നിയമസഭയിലേക്ക് അയച്ചത്. ഒല്ലൂർ നിയമസഭാ മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമായിരുന്നു അത്. ഇക്കുറി ആ റെക്കോഡും ഭേദിച്ച്21,506 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചെത്തിയത്. കഴിഞ്ഞ 40 വർഷത്തിനിടെ സിറ്റിം​ഗ് എംഎൽഎയെ വീണ്ടും തെര‍ഞ്ഞെടുത്ത പാരമ്പര്യം ഒല്ലൂരുകാർക്കില്ല. എന്നാൽ, തങ്ങളുടെ പ്രിയപ്പെട്ട രാജേട്ടന് വേണ്ടി ഇക്കുറിയും ഒല്ലൂരിലെ ജനത വോട്ട് ചെയ്തു.

അന്തിക്കാട് സ്വദേശിയാണ് കെ രാജൻ. പിതാവ് കൃഷ്ണൻകുട്ടി മേനോൻ, അമ്മ രമണി. ഭാര്യ- അനുപമ കൊച്ചിൻ ദേവസ്വം ബോർഡിൽ ജോലി ചെയ്യുന്നു. എഐഎസ്എഫ് ദേശീയ കമ്മിറ്റി അം​ഗമായിരുന്നു അനുപമ. പ്രണയവിവാഹമായിരുന്നു. അന്തിക്കാടായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പ്രീഡി​ഗ്രിയും ഡി​ഗ്രിയും കേരള വർമ്മയിൽ. എൽഎൽബി നേടിയത് തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്നും.

കഴിഞ്ഞ നിയമസഭയുടെ അവസാന നാളുകളിലാണ് കെ രാജൻ ചീഫ് വിപ്പായി അധികാരമേൽക്കുന്നത്. 2019 ജൂൺ മാസത്തിലായിരുന്നു അത്. കേവലം 22 മാസം മാത്രമായിരുന്നു ചീഫ് വിപ്പ് പദവി. കാബിനറ്റ് റാങ്ക് ഉണ്ടായിരുന്നു എങ്കിലും അതിന്റെ പ്രിവിലേജുകളൊന്നും വേണ്ടെന്ന് വെക്കാനുള്ള ലാളിത്യവും അദ്ദേഹം ഉയർത്തിപ്പിടിച്ചു. ഔ​ദ്യോ​ഗിക ബം​ഗ്ലാവും പേഴ്സണൽ സ്റ്റാഫും ​ഗൺമാനും പ്രത്യേക ഓഫീസും ലഭിക്കുമായിരുന്നിട്ടും അവയെല്ലാം വേണ്ടെന്ന് തീരുമാനിച്ച് എംഎൽഎ ക്വാർട്ടേഴ്സിൽ തന്നെ താമസിച്ചാണ് ചീഫ് വിപ്പിന്റെ ചുമതലകളും കെ രാജൻ നിർവഹിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close