KERALANEWS

വിപ്ലവ നേതാവ് തൊണ്ണൂറ്റേഴിന്റെ നിറവില്‍

കേരളത്തിന്റെ സ്വന്തം വിപ്ലവ നേതാവ് വി എസ് അച്യുതാനന്ദന് ഇന്ന് 97 വയസ്സ് തികഞ്ഞു. മുന്‍ മുഖ്യമന്ത്രിയും സിപിഎമ്മിന്റെ സ്ഥാപക നേതാക്കളിലൊരാളായും നിലവില്‍ ഭരണപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷനുമായ വി എസ്, വാര്‍ധക്യസഹജമായ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി പൊതുവേദികളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം തിരുവനന്തപുരത്തെ വസതിയായ കവടിയാര്‍ ഹൗസില്‍ വിശ്രമത്തില്‍ തുടരുകയാണ് അദ്ദേഹം. വീടിന് പുറത്തുപോയിട്ട് ഒരു വര്‍ഷത്തോളമായി. കഴിഞ്ഞ ഒക്ടോബറില്‍ തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ വിഎസ്സിന് പൂര്‍ണവിശ്രമമാണ് നിര്‍ദ്ദേശിച്ചത്.

കോവിഡ് നിയന്ത്രണങ്ങള്‍ മൂലം വി എസ്സിന് ഇപ്പോള്‍ സന്ദര്‍ശകരില്ല. വി എസ്സിനെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന് കഴിഞ്ഞ ദിവസം വിഎസ്സിന്റെ മകന്‍ വി എ അരുണ്‍ കുമാറിന്റെ വാട്‌സ് ആപ്പ് വീഡിയോ കോള്‍ എത്തിയിരുന്നു. വീഡിയോ കോളില്‍ എത്തിയ വി എസ് പന്ന്യനോട് ചോദിച്ചു – സുഖമല്ലേ?. തിരിച്ച് പന്ന്യനും ചോദിച്ചു – സഖാവിനും സുഖമല്ലേ?. അതേ എന്ന് സൂചിപ്പിച്ച് വി എസ്സിന്റെ ചിരി.1923 ഒക്ടോബര്‍ 20ന് അന്ന് തിരുവിതാംകൂറിന്റെ ഭാഗമായ ആലപ്പുഴയിലെ പുന്നപ്രയില്‍ ജനിച്ച വി എസ് അച്യുതാനന്ദന്‍ 1939ല്‍ 16ാമത്തെ വയസ്സില്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിലൂടെ പൊതുപ്രവര്‍ത്തനം തുടങ്ങുകയും 1940ല്‍ 17ാം വയസ്സില്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാവുകയും ചെയ്തു. കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിച്ച വിഎസ്, പുന്നപ്ര-വയലാര്‍ സമരത്തിന്റെ ഭാഗമായിരുന്നു. 1957ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ വി എസ്, 1958ല്‍ ദേശീയ കൗണ്‍സില്‍ അംഗമായി. 1964 ഏപ്രിലില്‍ സിപിഐയുടെ ദേശീയ കൗണ്‍സിലില്‍ നിന്നിറങ്ങിപ്പോന്ന് സിപിഎം രൂപീകരിക്കുന്നതിന് തുടക്കം കുറിച്ച 32 പേരില്‍ ജീവിച്ചിരിക്കുന്ന രണ്ട് പേരില്‍ ഒരാളും, ജീവിച്ചിരിക്കുന്ന ഒരേയൊരു മലയാളിയുമാണ് വി എസ് അച്യുതാനന്ദന്‍. 1985 മുതല്‍ 2009 വരെ സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായിരുന്നു. 1980 മുതല്‍ 1992 വരെ സിപിഎം സംസ്ഥാന സെക്രട്ടറിയായും 1996 മുതല്‍ 2001 വരെ ഇടതുമുന്നണി കണ്‍വീനറായും 1992-96, 2001-2006, 2011-2016 കാലങ്ങളില്‍ പ്രതിപക്ഷ നേതാവായും 2006-2011 കാലത്ത് കേരള മുഖ്യമന്ത്രിയായും പ്രവര്‍ത്തിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close