
കേരളത്തിലെ ഉല്പന്നങ്ങള് ഉപയോഗിച്ച് നിര്‍മിക്കുന്ന പല മദ്യങ്ങളും വിദേശ മദ്യഷോപ്പ് എന്നെഴുതിയ മദ്യ വിതരണ കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ നിന്നും വാങ്ങുക മാത്രമാണ് മലയാളിയുടെ വിധി. ആ പട്ടികയില്‍ ഒന്നു കൂടി ചേരുകയാണ്. അയര്‍ലന്റിലെ കോര്‍ക്കില്‍ പിറന്ന മദ്യത്തിന്റെ പേരാണ് മഹാറാണി ജിന്‍. മലയാള അക്ഷരങ്ങളില്‍ വിപ്ലവ സ്പിരിറ്റ് എന്നും എഴുതിപിടിപ്പിച്ചിട്ടുണ്ട്. ഇതൊക്കെ കണ്ട് സംഭവം വ്യാജന് ആണെന്നു കരുതേണ്ട. തനി ഒര്‍ജിനലാണ്. ഇതിനു പിന്നില്‍ ഒരു മലയാളി ബന്ധവുമുണ്ട്. കൊല്ലം കിളികൊല്ലൂര്‍ സമത്വമഠത്തില്‍ രാജീവ് വാസവന്റെയും വിമലയുടെയും മകള്‍ ഭാഗ്യലക്ഷ്മിയാണ് ആ മലയാളി. ഭാഗ്യലക്ഷിമിയുടെ ഭര്‍ത്താവ് റോബര്‍ട്ട് ബാരറ്റിന്റെ റിബല്‍ സിറ്റി ഡിസ്റ്റിലറിയിലാണ് ഈ മദ്യം ഉല്‍പ്പാദിപ്പിക്കുന്നത്.
പേരില്‍ മാത്രമല്ല മദ്യത്തിന്റെ മലയാള ബന്ധം.

കേരളത്തിലെ സുഗന്ധ ദ്രവ്യങ്ങളാണ് ഇതിന്റെ പ്രധാന ചേരുവ. പേരുകേട്ട കേരളത്തിലെ കറുവപ്പട്ട, ഏലം, ജാതിപത്രി, തുടങ്ങിയ സുഗന്ധ ദ്രവ്യങ്ങളാണ് ഉപയോഗിക്കുന്നത്. ഇതു ശേഖരിക്കുന്നതാവട്ടെ വയനാട്ടിലെ വനമൂലിക എന്ന വനിതകൂട്ടായ്മയില് നിന്നും.
കേരളത്തിലെ സ്ത്രീകളുടെ മനോധൈര്യത്തിനുള്ള ആദരമെന്നും മദ്യനിര്‍മ്മാതാക്കള്‍ പറയുന്നുണ്ട്. സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകമാണ് റിബല്‍ സ്പിരിറ്റെന്നും ധൈര്യവതികളും കരുത്തരുമായ കേരളത്തിലെ സ്ത്രീകള്‍ക്കായി ഇത് സമര്‍പ്പിക്കുന്നുവെന്നുമാണ് മദ്യത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മദ്യത്തിന് മഹാറാണിയെന്ന പേര് തെരഞ്ഞെടുക്കാനും കാരണമുണ്ട്.ലോകമെമ്പാടുമുള്ള സ്ത്രീകളുടെ വിപ്ലവ വീര്യം സൂചിപ്പിക്കുകയാണ് ഈപേരിലൂടെ.

2017ല്‍ കൊല്ലത്തായിരുന്നു ഭാഗ്യയുടെയും റോബര്‍ട്ടിന്റെയും വിവാഹം. എംബിഎ പഠിക്കാനായി അയര്‍ലന്‍ഡിലെത്തിയ ഭാഗ്യ ഐറിഷുകാരനായ റോബര്‍ട്ടുമായി പരിചയപ്പെടുകയും ആ ബന്ധം വിവാഹത്തില്‍ എത്തുകയുമായിരുന്നു. കേരളച്ചുവയുള്ള മദ്യം എന്ന ആശയവും ഭാഗ്യലക്ഷ്മിയുടെ ആശയമായിരുന്നു. 49 യൂറോ അതായത് ഏകദേശം 43,000 രൂപയാണ് മദ്യത്തിന്റെ വില. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും ജിന്നിനു ലഭിക്കുന്നത് മികച്ച പ്രതികരണമാണെന്ന് റോബര്‍ട്ട് പറയുന്നുണ്ട്. വരും നാളുകളില്‍ ഡിസ്റ്റെലറിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കാനാണ് ഇരുവരുടെയും തീരുമാനം.
ഇന്ത്യയില്‍ തന്നെ ഗോവ പോലുള്ള പല സംസ്ഥാനങ്ങളും തനതായ മദ്യ വിഭവങ്ങളെ ടൂറിസത്തിലേക്ക് ആകര്‍ഷിക്കാനുള്ള മാര്‍ഗമായി കരുതുകയും നേട്ടം കൊയ്യുകയും ചെയ്യുന്നുണ്ട്. ഫെനി അതിനുദാഹരണമാണ്. അവിടെ ഒന്നും മദ്യദുരന്ത മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചെത്ത് കള്ളൊഴികെ മദ്യനിര്‍മ്മാണം നിയമ വിരുദ്ധമാക്കിയ കേരളത്തിലാണ് ആ വാര്‍ത്ത കൂടുതലും.
ഇന്നും സര്‍ക്കാര്‍ ഖജനാവിനെ സമ്പന്നമാക്കുന്നതും മദ്യ വിതരണമാണ്.

കൃത്യമായ ശാസ്ത്രീയ അടിത്തറയോടെ മദ്യ നിര്‍മ്മാണ വിതരണ ശ്യംഖലയെ സര്‍ക്കാര്‍ നേതൃത്യത്തില്‍ തന്നെ മാറ്റിയെടുത്താല്‍ ടൂറിസം ഉള്‍പ്പെടെയുള്ള മേഖകള്ക്കത് ഉണര്‍വാകും. ഏറെ ആഘോഷത്തോടെ സര്‍ക്കാര്‍ കൊണ്ടു വന്ന നീര പോലെ പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടാല്‍ അതിന് പ്രയോജനമുണ്ടാവില്ല. തകര്‍ന്നടിയുന്ന കശുവണ്ടി വ്യവസായത്തെ പുനരുജ്ജിവിപ്പിക്കാന്‍ ഗോവാ മാതൃകയില്‍ ഫെനി ഉല്പ്പാദനമാരംഭിക്കാമെന്ന് സര്‍ക്കാര്‍ ആലോചിച്ചിരുന്നുവെങ്കിലും അതിന്റെ നടത്തിപ്പുകള്‍ പിന്നെ ഉണ്ടായതെ ഇല്ല. പാലക്കാടന്‍ മട്ട വിദേശ നിര്‍മ്മിതമായ ബിയറിന്റെ പ്രധാന ചേരുവയാണ്. ഇതുപോലെ പല സുഗന്ധ ദ്രവ്യങ്ങളും ഉപയോഗിക്കുന്നുണ്ട്. കേരളമെന്ന ബ്രാന്‍ഡില്‍ അവയെല്ലാം വളരെ ലാഭം കൊയ്യുന്നുമുണ്ട്. സമ്പൂര്‍ണ മദ്യ നിരോധനത്തിനായി ബലം പിടിക്കുന്ന നമ്മുടെ രാഷ്ട്രീയ നേത്യത്വങ്ങള്ക്കൊന്നും നാടിന്റെ വികസനത്തിനുതകുന്ന രീതിയില്‍ മദ്യ വ്യവസായം എന്ന ആശയത്തെ ഉള്‍ക്കൊള്ളാനാവില്ല.