INDIANEWS

വിവാദങ്ങള്‍ പരസ്യം കൂടുതല്‍ പേരില്‍ എത്തിക്കാന്‍ സഹായിച്ചുവെന്ന് തനിഷ്‌കിന്റെ പരസ്യ നിര്‍മാതാക്കള്‍

ന്യൂഡല്‍ഹി: പിന്‍വലിക്കപ്പെട്ട പരസ്യം, അതുമായി ബന്ധപ്പെട്ട വിവാദത്തോടെ കൂടുതല്‍ പേര്‍ കണ്ടതായി തനിഷ്‌കിന്റെ പരസ്യനിര്‍മാതാക്കള്‍. കൂടുതല്‍ പേര്‍ തനിഷ്‌ക് ഉല്‍പന്നങ്ങള്‍ വാങ്ങുന്നതിന് വിവാദ പരസ്യം വഴിയൊരുക്കിയെന്നും അവര്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട വിവാദത്തില്‍ തനിഷ്‌കിനൊപ്പം മനസ്സുറപ്പിച്ചവരാണ് കൂടുതല്‍ പേരെന്നും ‘വാട്‌സ് യുവര്‍ പ്രോബ്ലം’ എന്ന പേരുള്ള ഏജന്‍സിയുടെ മാനേജിങ് പാര്‍ട്ണറും ക്രിയേറ്റിവ് ഹെഡുമായ അമിത് അകാലി പറഞ്ഞു.വിവാദത്തിനുശേഷം, ബഹളമുയര്‍ത്തിയ ന്യൂനപക്ഷത്തിനെതിരെ നിശ്ശബ്ദരായ ഭൂരിപക്ഷം സംസാരിക്കാന്‍ തുടങ്ങിയതായിരുന്നു യാഥാര്‍ഥ്യം. പരസ്യത്തിന്റെ മര്‍മം സാമുദായിക സൗഹാര്‍ദമായതിനാല്‍ ഇങ്ങനെയൊരു വിവാദം ഞങ്ങളാരും പ്രതീക്ഷിച്ചിരുന്നില്ല. തനിഷ്‌ക് ‘ധൈര്യമുള്ള’ കമ്പനിയാണെന്നും ഒടുവില്‍ പരസ്യം പിന്‍വലിക്കേണ്ടിവന്നത് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ തങ്ങളുടെ ജീവനക്കാരുടെ സുരക്ഷ പരിഗണിച്ചാണെന്നും അമിത് പറഞ്ഞു.

ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള തനിഷ്‌ക് ജ്വല്ലറിയുടെ 55 സെക്കന്‍ഡ് നീണ്ട പരസ്യമാണ് വിവാദമുയര്‍ത്തിയത്. ഹിന്ദുവായ മരുമകളുടെ മതാചാരങ്ങള്‍ക്ക് പരിഗണന നല്‍കുന്ന മുസ്‌ലിമായ വീട്ടമ്മയുടെ ദൃശ്യമടങ്ങിയ പരസ്യത്തിനെതിരെ തീവ്ര ഹിന്ദുത്വ നിലപാടുള്ള ചിലര്‍ രംഗത്തുവരികയായിരുന്നു. തുടര്‍ന്നാണ് തനിഷ്‌ക് പരസ്യം പിന്‍വലിച്ചത്. പരസ്യം പിന്‍വലിക്കേണ്ടി വന്നെങ്കിലും തനിഷ്‌കിനെ പിന്തുണച്ച് നിരവധിപേര്‍ രംഗത്തെത്തിയിരുന്നു.സാംസ്‌കാരിക യാഥാര്‍ഥ്യങ്ങള്‍ ദൃശ്യവത്കരിക്കുക മാത്രമായിരുന്നു ആ പരസ്യം കൊണ്ട് ഉന്നമിട്ടിരുന്നത്. ഒട്ടും രാഷ്ട്രീയം അതിനുണ്ടായിരുന്നില്ല. ‘ഏകത്വ’യും ഐക്യവും മുന്‍നിര്‍ത്തിയുള്ള കാമ്പയിന്‍ തനിഷ്‌ക് തുടരുമെന്നും അമിത് അറിയിച്ചു. പരസ്യം പിന്‍വലിക്കാതിരുന്നില്ലെങ്കില്‍ കാണുമായിരുന്ന ആളുകളേക്കാള്‍ കൂടുതല്‍ പേരിലേക്ക് തങ്ങളുദ്ദേശിച്ച സന്ദേശം എത്തിയതായും അദ്ദേഹം പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close