KERALANEWS

വിവാദമൊഴിയാതെ ലൈഫ് മിഷന്‍; പദ്ധതി പ്രഖ്യാപനത്തിന് പൊടിച്ചത് 33 ലക്ഷം രൂപ

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകവെ ലൈഫ് പദ്ധതിയുടെ പ്രഖ്യാപനത്തിനായി പൊടിച്ചത് 33ലക്ഷം രൂപ. നേരത്തേ പ്രഖ്യാപനത്തിനുളള ചെലവായി നിശ്ചയിച്ചിരുന്നത് 30 ലക്ഷം രൂപയായിരുന്നു. എന്നാല്‍ പിന്നീട് മൂന്നുലക്ഷം രൂപ കൂടി സര്‍ക്കാര്‍ അനുമതിയില്ലാതെ അധികം ചെലവാക്കുകയായിരുന്നു. രേഖകള്‍ പുറത്തുവന്നതോടെ ഇതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. പദ്ധതി പ്രഖ്യാപനത്തില്‍ അനാവശ്യ ധൂര്‍ത്ത് കാണിക്കുന്നു എന്ന് പരിപാടിയുടെ ഉദ്ഘാടനത്തിനുതന്നെ പ്രതിപക്ഷം വിമര്‍ശനമുന്നയിച്ചിരുന്നു.കഴിഞ്ഞ ഫെബ്രുവരി 29ന് തിരുവനന്തപുരം പുത്തരിക്കണ്ടത്തായിരുന്നു പ്രഖ്യാപനച്ചടങ്ങ് നടത്തിയത്. മുഖ്യമന്ത്രിയായിരുന്നു ഉദ്ഘാടനം ചെയ്തത്. ലൈഫ് പദ്ധതിയില്‍ രണ്ടുലക്ഷം വീടുകള്‍ പൂര്‍ത്തീകരിച്ചതിന്റെയും തിരുവനന്തപുരം ജില്ലയില്‍ വീട് കിട്ടിയവരുടെ കുടുംബസംഗമവുമായിരുന്നു അന്ന് നടന്നത്. മുപ്പതുലക്ഷം രൂപയായിരുന്നു ചടങ്ങിനായി നേരത്തേ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ചടങ്ങ് കഴിഞ്ഞപ്പോള്‍ ചെലവ് 33 ലക്ഷമാവുകയായിരുന്നു. സമയപരിമിതിമൂലം ചില കാര്യങ്ങള്‍ നേരിട്ട് ചെയ്യേണ്ടി വന്നതുകൊണ്ടാണ് മൂന്നുലക്ഷം അധികം ചെലവാകേണ്ടിവന്നതെന്നാണ് ലൈഫ് മിഷന്റെ വിശദീകരണം.സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് മൂന്നുലക്ഷം രൂപ അധികം ചെലവഴിച്ചതെങ്കിലും പണം സര്‍ക്കാര്‍ ലൈഫ് മിഷന് നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന്റെ അനുമതിയില്ലാതെ പണം ചെലവഴിക്കരുതെന്ന നിര്‍ദ്ദേശത്തോടെയാണ് പണം നല്‍കിയിരിക്കുന്നത്.ലൈഫ് മിഷന്‍ പദ്ധതിക്കെതിരെ തന്നെ വന്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നവേളയിലാണ് അധിക ചെലവിനെക്കുറിച്ചുളള വിവരങ്ങളും പുറത്തുവന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close