INDIANEWSTop News

വിവാദ കാര്‍ഷിക നിയമത്തില്‍ ഭേദഗതിചെയ്യാമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമത്തില്‍ ഇന്ന് നിര്‍ണായക ചര്‍ച്ചക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ പ്രധാനപ്പെട്ട രണ്ടുവ്യവസ്ഥകള്‍ ഭേദഗതിചെയ്യാമെന്ന് കേന്ദ്രസര്‍ക്കാര്‍. വ്യാഴാഴ്ചനടന്ന ചര്‍ച്ചയില്‍ ഈ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ അവതരിപ്പിച്ചെങ്കിലും കര്‍ഷകസംഘടനകള്‍ അംഗീകരിച്ചില്ല.താങ്ങുവിലസംവിധാനം തുടരുമെന്ന ഉറപ്പിനുപുറമേ രണ്ടുവ്യവസ്ഥകളില്‍ ഭേദഗതിവരുത്താമെന്നാണ് കര്‍ഷകസംഘടനകള്‍ക്ക് കേന്ദ്രം നല്‍കുന്ന വാഗ്ദാനം. മൂന്നുനിയമങ്ങളില്‍, കൂടുതല്‍ വിവാദമുയര്‍ത്തുന്ന വ്യവസ്ഥകളടങ്ങിയ കാര്‍ഷികോത്പന്നങ്ങളുടെ വ്യാപാരവും വാണിജ്യവും (പ്രോത്സാഹനവും സൗകര്യമൊരുക്കലും) സംബന്ധിച്ച നിയമത്തില്‍ കര്‍ഷകരുടെ ആശങ്കകള്‍ പരിഗണിച്ച് ഭേദഗതികള്‍ കൊണ്ടുവരാമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

നിയമത്തിലെ ആറാമത്തെ വ്യവസ്ഥയ്ക്കുനേരെയാണ് കടുത്ത എതിര്‍പ്പ് കര്‍ഷകസംഘടനകള്‍ ഉയര്‍ത്തിയിരിക്കുന്നത്. ഈ വ്യവസ്ഥയിലാണ് കമ്പോളത്തെക്കുറിച്ചും വ്യാപാരത്തെക്കുറിച്ചും പുതിയ നിര്‍വചനം ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ കാര്‍ഷികോത്പന്ന കമ്പോളസമിതി (എ.പി.എം.സി)യാണ് ‘മണ്ഡി’കളെ നിയന്ത്രിക്കുന്നത്.പുതിയ നിയമപ്രകാരം വാങ്ങലും വില്‍പ്പനയും നടക്കുന്ന ഏതുമേഖലയും കമ്പോളത്തിന്റെ നിര്‍വചന പരിധിയില്‍വരും. ഇതോടെ കാര്‍ഷികോത്പന്ന കമ്പോളസമിതിയുടെ പരിധിയിലുള്ള ചന്തകള്‍ക്ക് പുറത്തുനടക്കുന്ന വ്യാപാര ഇടപാടുകളെയും കമ്പോളത്തിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തും.കമ്പോളസമിതിയുടെ നിയന്ത്രണത്തിലുള്ള മണ്ഡികളിലെ വ്യാപാര ഇടപാടുകള്‍ക്ക് നിലവില്‍ മാര്‍ക്കറ്റ് ഫീസ് ഈടാക്കുന്നുണ്ട്. ഇതോടൊപ്പം ഗ്രാമീണവികസന സെസും പിരിക്കും. പഞ്ചാബില്‍ മൂന്നുശതമാനം വീതവും ഹരിയാണയില്‍ രണ്ടുശതമാനം വീതവുമാണ് ഈടാക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close