KERALANEWS

‘വിവിധ സമുദായങ്ങളെ തമ്മിലടിപ്പിക്കുന്ന സ്ഥിതിയുണ്ടാക്കിയത് സംസ്ഥാന സര്‍ക്കാര്‍’: പി കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം:മുന്നോക്ക സംവരണത്തിനെതിരായ പ്രക്ഷോഭത്തെ വര്‍ഗീയവത്കരിക്കരുതെന്ന് മുസ്ലീം ലീഗ്. വിവിധ സമുദായങ്ങളെ തമ്മിലടിപ്പിക്കുന്ന സ്ഥിതിയുണ്ടാക്കിയത് സംസ്ഥാന സര്‍ക്കാരാണെന്ന് മുസ്ലീം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കുഞ്ഞാലിക്കുട്ടി പറഞ്ഞു. സര്‍ക്കാര്‍ സ്വീകരിക്കുന്നത് കടുത്ത അനീതിയാര്‍ന്ന നിലപാടാണ്. പിന്നാക്ക വിഭാഗങ്ങളുടെ ആനുകൂല്യം ഇല്ലാതാക്കി. മുന്നോക്ക സംവരണം ഒരു സമുദായത്തിന്റെ മാത്രം പ്രശ്നമല്ല. എല്ലാ സംവരണ സമുദായങ്ങളുടെയും പ്രശ്നമാണ്. സംസ്ഥാന സര്‍ക്കാര്‍ അശാസ്ത്രീയമായാണ് മുന്നോക്ക സംവരണം നടപ്പാക്കിയത്. ഇതിനെതിരെ സംവരണ സമുദായ സംഘടനകളുമായി ചേര്‍ന്ന് പ്രക്ഷോഭം ആലോചിക്കും. ഈ മാസം ഒമ്പതിനു കളക്ട്രേറ്റുകള്‍ക്ക് മുന്നില്‍ സംവരണ മുന്നണി പ്രതിഷേധിക്കുമെന്നും കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു.

കേരളത്തിലെ സര്‍ക്കാര്‍ അഴിമതിയില്‍ ആടി ഉലയുകയാണ്. സര്‍ക്കാരിനെതിരെ യുഡിഎഫ് നടത്തുന്ന പ്രക്ഷോഭങ്ങളില്‍ ലീഗ് സജീവമായി പങ്കെടുക്കും. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കും. യുഡിഎഫ് ഒറ്റക്കെട്ടായി പഞ്ചായത് തെരഞ്ഞെടുപ്പിനെ നേരിടും. ജനങ്ങളുടെ പ്രതീക്ഷ യുഡിഎഫിലാണെന്നും മലപ്പുറം എംപി പ്രതികരിച്ചു.

സമരം വര്‍ഗീയമായി ചെയ്യുന്നു എന്നുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്ന് ലീഗ് എംപി ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. സംവരണ മുന്നണിയിലെ അംഗമാണ് മുസ്ലിം ലീഗും. ലീഗ് സമരത്തിന്റെ ഭാഗമാകും. സംവരണം മുസ്ലിം പ്രശ്നമല്ല. ആ നിലക്കുള്ള പ്രചാരണം ശരിയാകില്ലെന്നും മുതിര്‍ന്ന ലീഗ് നേതാവ് സംസ്ഥാന പ്രവര്‍ത്തക യോഗത്തിന് ശേഷം കൂട്ടിച്ചേര്‍ത്തു.ത്രിതല പഞ്ചായത് തെരഞ്ഞെടുപ്പ് സീറ്റ് വിഭജനം പൂര്‍ത്തിയായി വരികയാണെന്ന് എം കെ മുനീര്‍ പറഞ്ഞു. പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ കഴിയും. ജില്ലാതലത്തില്‍ തന്നെ പരിഹരിക്കാവുന്ന പ്രശ്നനങ്ങളെ ഉള്ളൂ. പുതുതലമുറയില്‍ പെട്ടവര്‍ക്ക് കൂടുതല്‍ അവസരം നല്‍കുമെന്നും മുനീര്‍ വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close