CULTURALINSIGHTTop NewsUncategorized

വിഷു സ്‌പെഷ്യല്‍|’സുദര്‍ശനം’ ശ്രീകൃഷ്ണലീലകളില്‍ നിന്നൊരേട്; ഡോ.അനില്‍ കുമാര്‍ വടവാതൂര്‍ എഴുതുന്നു

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്റെ കോട്ടയം ദക്ഷിണമേഖലാ ഡയറക്ടറും ദേശീയ സംസ്ഥാന ബഹുമതികള്‍ നേടിയ ശാസ്ത്രലേഖകനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ഡോ.അനില്‍കുമാര്‍ വടവാതൂര്‍ എഴുതിയ പുതിയ പുസ്തകമായ സുദര്‍ശനത്തില്‍ നിന്ന് ഒരു കഥ വിഷുദിനത്തില്‍ വായനക്കാര്‍ക്കായി അവതരിപ്പിക്കുന്നു. സാഹിത്യപ്രവര്‍ത്തക സഹകരണസംഘം പ്രസിദ്ധീകരിച്ച, ശ്രീകൃഷ്ണകഥകളുടെ സവിശേഷമായ സമാഹാരമാണ് ഈ പുസ്തകം. കാലികമായി ശ്രീകൃഷണ ലീലകളെ വ്യാഖ്യാനിക്കുകയും പ്രസ്തുത കഥകളിലെ സന്ദേശം വിശദീകരിക്കുകയും ചെയ്യുന്ന വേറിട്ടൊരു വായനാനുഭവമാണ് സുദര്‍ശനം.

ഭഗവാന്റെ ഗുരുദക്ഷിണ

കംസന്റെ ശല്യമൊഴിഞ്ഞു ഉഗ്രസേനന്‍ അധികാരമേറ്റു. മധുര ശാന്തമായി. കംസനെ ഭയന്ന് വിദൂര നാടുകളില്‍ ഒളിച്ചു കഴിഞ്ഞ വൃഷ്ണികള്‍, അന്ധന്മാര്‍, ഭോജന്‍മാര്‍ തുടങ്ങിയവരൊക്കെ ശ്രീകൃഷ്ണന്‍ തിരികെ കൊണ്ടുവന്നു. നന്ദഗോപരേയും യശോദയേയും ഗോപന്‍മാരെയും സമ്മാനങ്ങള്‍ നല്‍കി ആദരിച്ച് ഗോപുരത്തിലേക്ക് മടക്കിയയച്ചു.

ഇനി വിദ്യാഭ്യാസത്തിന്റെ കാലമാണ്.കൃഷ്ണനും ബലരാമനും പഠനകാലം. വാസുദേവന്‍ ഗര്‍ഗ്ഗ മഹര്‍ഷിയെ വരുത്തി. ദ്വിജസംസ്‌കാരം അനുശാസിക്കുന്ന പ്രകാരം രാമകൃഷ്ണന്‍ മാര്‍ക്ക് വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചു. പശുദാനം, ഉപനയനം, ഗായത്രി വ്രതം തുടങ്ങിയവയൊക്കെ അതിന്റെ ഭാഗമായി. ഇനി ഗുരുകുലവിദ്യാഭ്യാസം ആണ് വേണ്ടത്.വസുദേവന്‍ അതിനായി കണ്ടെത്തിയത് അവന്തിയില്‍ കഴിയുന്ന സാന്ദീപനി മഹര്‍ഷിയെ.ഉത്തമമായ മൂഹൂര്‍ത്തത്തില്‍ രാമനും കൃഷ്ണനും ഗുരുകുല വിദ്യാഭ്യാസം തുടങ്ങി.

തന്റെ ശിഷ്യന്മാരുടെ ബുദ്ധിയിലും ഭക്തിയിലും ഓര്‍മശക്തിയിലും ഏറെ സന്തുഷ്ടനായിരുന്നു സാന്ദീപനി മഹര്‍ഷി. ഗുരുകുലത്തിലെ എല്ലാ വിദ്യാര്‍ത്ഥികളോടും ഒരു പോലെ ആയിരുന്നു ഈ രാജകുമാരന്മാരുടെ പെരുമാറ്റം. നാല് വേദങ്ങളും ആറ് വേദാംഗങ്ങളും ഉപനിഷത്തുകളും ധര്‍മ്മ ശാസ്ത്രങ്ങളും ധനുര്‍വേദം, ന്യായശാസ്ത്രം എന്നിവയും 6 അംഗങ്ങളോട് കൂടിയ (സന്ധി, വിഗ്രഹം, യാനം, ആസനം, ദ്വൈതി ഭാവം, ആശ്രയം) രാജനീതിയും ഗുരു ശിഷ്യന്മാരെ പഠിപ്പിച്ചു. ഒറ്റത്തവണ കേട്ടാല്‍ എല്ലാം ഹൃദിസ്ഥമാക്കുന്ന ഓര്‍മശക്തി ആയിരുന്നു ഇരുവര്‍ക്കും. 64 കലാ വിദ്യകളും അഭ്യസിച്ച മിടുക്കരാകാന്‍ അവര്‍ക്ക് വേണ്ടി വന്നത് കേവലം 63 ദിവസം മാത്രം.

ഗുരു പത്‌നിക്കും ഏറെ പ്രിയപ്പെട്ടവരായിരുന്നു രാമകൃഷ്ണന്മാര്‍. ഗുരുകുലത്തിലെ ഏത് ജോലിയ്ക്കും രാമകൃഷ്ണന്മാര്‍ ആയിരുന്നു മുന്‍പില്‍. വെള്ളം കോരാനും വിറക് വെട്ടാനും കൃഷിപ്പണികള്‍ നടത്താനുമൊക്കെ അവര്‍ മുന്നിലുണ്ടായിരുന്നു. ഗുരുകുലത്തില്‍ കൃഷ്ണന്റെ പ്രിയ ചങ്ങാതിയായിരുന്നു സുദാമാവ് എന്നറിയപ്പെട്ട കുചേല ബ്രാഹ്‌മണന്‍. പട്ടിണി പാവം. പക്ഷേ കൃഷ്ണന്‍ കുചേലനെ കണക്കറ്റ് സ്‌നേഹിച്ചു. ഒരിക്കല്‍ ഗുരുപത്‌നി പറഞ്ഞതനുസരിച്ച് അവര്‍ കാട്ടില്‍ വിറക് ഒടിക്കാന്‍ പോയി. പക്ഷേ ഉച്ചസമയത്ത് തന്നെ കൊടുങ്കാറ്റും പേമാരിയും ആഞ്ഞടിച്ചു.നേരം പെട്ടെന്ന് ഇരുട്ടി. കാട്ടില്‍ നിറയെ വെള്ളം പൊങ്ങി. അന്തരീക്ഷത്തില്‍ നിറയെ ഇരുട്ട.് ചുറ്റും വല്ലാത്ത തണുപ്പ.് ഇരുവര്‍ക്കും വഴിതെറ്റി. ഒടുവില്‍ ഒരു വന്‍മരത്തില്‍ അവര്‍ അഭയം തേടി. അന്നു രാവിലെ ഗുരുപത്‌നി പൊതിഞ്ഞു നല്‍കിയ അവല്‍പ്പൊതി ആയിരുന്നു അവരുടെ ഏക ആശ്രയം.

നേരം വെളുത്തു പരിഭ്രാന്തനായ സാന്ദീപനി മഹര്‍ഷി ശിഷ്യന്‍മാരെ തേടി കാട്ടിലെത്തി.നനഞ്ഞു വിറച്ച് മരക്കൊമ്പില്‍ കെട്ടിപ്പിടിച്ചിരുന്ന ഇരുവരെയും താഴെയിറക്കി. ‘മക്കളെ നിങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ടി സ്വദേഹത്തെ പോലും ഗൗനിക്കാതെ വലുതായ ദുഃഖം അനുഭവിച്ചു. ശരീരത്തെയും മനസ്സിനെയും ഗുരുവിനെ സമര്‍പ്പിക്കുന്നത് തന്നെയാണ് ഏറ്റവും വലിയ ഗുരുദക്ഷിണ. നിങ്ങളില്‍ ഞാന്‍ സന്തുഷ്ടനായിരുന്നു. നിങ്ങളുടെ സര്‍വ്വ ആഗ്രഹങ്ങളും സാധ്യമായി തീരട്ടെ’. മഹര്‍ഷി അനുഗ്രഹിച്ചു.നാളുകള്‍ കഴിഞ്ഞു. അങ്ങനെ ഗുരുകുല വിദ്യാഭ്യാസം പൂര്‍ത്തിയായി. ശിഷ്യന്മാര്‍ ഒക്കെ തങ്ങളുടെ ഭവനങ്ങളിലേക്ക് തിരിച്ചു പോകേണ്ട കാലം വന്നു. അതിന് തൊട്ടുമുമ്പാണ് ഗുരുദക്ഷിണ നല്‍കുക എന്ന ചടങ്ങ്.

‘അങ്ങേക്ക് ഞങ്ങള്‍ എന്താണ് ഗുരുദക്ഷിണയായി നല്‍കേണ്ടത’് എന്ന് രാമകൃഷ്ണന്മാര്‍ ചോദിച്ചു.

‘പ്രഭാസതീര്‍ത്ഥത്തില്‍ വച്ച് മരിച്ചുപോയെന്ന് കരുതപ്പെടുന്ന ഞങ്ങളുടെ മകനെ മടക്കി നല്‍കുക’ ഗുരുവും പത്‌നിയും ഒരേ സ്വരത്തില്‍ പറഞ്ഞു. ഗുരുവിനെ വണങ്ങി രാമനും കൃഷ്ണനും പുറപ്പെട്ടുകഴിഞ്ഞു. അവര്‍ നേരെ പ്രഭാസ തീര്‍ത്ഥത്തില്‍ എത്തി.സമുദ്ര ദേവനായ വരുണന്‍ അവര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടു. കാഴ്ചദ്രവ്യങ്ങള്‍ അര്‍പ്പിച്ചു വണങ്ങി നിന്നു.

‘വരുണ ദേവാ അങ്ങ് തീരമാലകള്‍ക്കൊണ്ട് അപഹരിച്ചെടുത്ത ഞങ്ങളുടെ ഗുരു പുത്രനെ തന്നെ മടക്കി തന്നാലും. കൃഷ്ണന്‍ പറഞ്ഞു.

പക്ഷേ വരുണന്‍ നിസ്സഹായനായിരുന്നു.താനല്ല കുട്ടി അപഹരിച്ചത്. സമുദ്രത്തിന്റെ ആഴങ്ങളില്‍ വസിക്കുന്ന ശങ്കിനി രൂപത്തിലുള്ള പഞ്ചജനന്‍ എന്ന അസുരനാണ് ആ കുമാരനെ അപഹരിച്ചത്‌വരുണന്‍.

കൃഷ്ണന്‍ സമുദ്രത്തില്‍ ഉള്ളില്‍ പഞ്ചജനനെ തേടിപ്പിടിച്ചു. ചെറുത്തുനിന്ന രാക്ഷസനും ആയി പോര് അടിച്ചുകൊന്നു. പക്ഷേ അവന്റെ ഉദരത്തിലും ഒരു പുത്രനെ കണ്ടെത്താന്‍ കൃഷ്ണന് കഴിഞ്ഞില്ല. അന്വേഷണം യമപുരിയായ സംയമനിലേക്ക് നീണ്ടു.

യമപുരിയുടെ ഗോപുരവാതിലില്‍ ഭഗവാന്റെ ശംഖനാദം ഉയര്‍ന്നപ്പോള്‍ തന്നെ യമദേവന്‍ ഗോപുര വാതില്‍ തുറന്ന് പുറത്തെത്തി. രാമനെയും കൃഷ്ണനെയും നമസ്‌കരിച്ചു. വിധിപോലെ സല്‍ക്കരിച്ചു.പൂജിച്ചു. ഒടുവില്‍ ആഗമനോദ്ദേശം ചോദിച്ചു. ഭഗവാന്റെ മറുപടി ഒരൊറ്റ വാചകം മാത്രം.

ഹേ ധര്‍മ്മരാജന്‍, സ്വകര്‍മ്മാനനുസൃതമായി ഇവിടെയെത്തിയ ഞങ്ങളുടെ ഗുരുപുത്രനെ തന്നെ തിരികെ നല്‍കിയാലും.

യമദേവന്‍ ഗുരുപുത്രനെ വിനെ മടക്കിനല്‍കി. കുട്ടിയുമായി രാമകൃഷ്ണന്മാര്‍ ഗുരുവിന് മുന്നിലെത്തി. ഗുരുവും പത്‌നിയും സന്തോഷംകൊണ്ട് മതിമറന്നു. അവരുടെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ ധാര ധാരയായി ഒഴുകി. പ്രിയപുത്രനെയും പ്രിയ ശിഷ്യന്മാരും കെട്ടിപ്പിടിച്ച് അവര്‍ വീണ്ടും വീണ്ടും ചുംബിച്ചു.

കുമാരന്മാരെ ഞാന്‍ അതീവ തൃപ്തനായിരിക്കുന്നു. ഇതുപോലെ ഗുരുദക്ഷിണ നല്‍കാന്‍ മനുഷ്യകുലത്തില്‍ ആര്‍ക്കും സാധിക്കില്ല. നിങ്ങള്‍ രാജധാനിയിലേക്ക് മടങ്ങി പോവുക. നിങ്ങള്‍ക്ക് അനശ്വരമായി കീര്‍ത്തി ഉണ്ടാവട്ടെ. ഗുരു അനുഗ്രഹം വര്‍ഷിച്ചു.

സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ബാലപാഠങ്ങളാണ് ​ഗുരുകുല വിദ്യാഭ്യാസം നൽകിയിരുന്നത്. അവിടെ എല്ലാവരും സമന്മാരാണ്. പണക്കാരനും പാവപ്പെട്ടവനുമില്ല. രാജാവും പ്രജയുമില്ല. ഈശ്വരനും മനുഷ്യനുമില്ല. ​ഗുരുവിന്റെ ആ​ഗ്രഹം സാധിച്ച് കൊടുക്കുക എന്നതാണ് ശിഷ്യന്റെ ​ഗുരുദക്ഷിണ. അതിലും വലിയൊരു പണ്യകർമ്മമില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close