Breaking NewsKERALANEWSTop News

വിസ്മയയുടെ മരണത്തെ തുടർന്ന് ഒളിവിൽ പോയ ഭർത്താവ് കിരൺ കുമാർ അറസ്റ്റിലായി; കിരണ്‍ പൊലീസില്‍ സ്വയം കീഴടങ്ങുകയായിരുന്നു എന്ന് റിപ്പോർട്ടുകൾ; അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഭാര്യയെ ക്രൂരമായി പീഡിപ്പിച്ചത് സ്ത്രീധനത്തിന്റെ പേരിൽ

കൊല്ലം: ശൂരനാട് യുവതി ഭര്‍ത്തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ ഒളിവില്‍ പോയിരുന്ന ഭര്‍ത്താവ് കിരണ്‍കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കിരണ്‍ പൊലീസില്‍ സ്വയം കീഴടങ്ങുകയായിരുന്നു എന്നാണ് പുറത്തു വന്നിരിക്കുന്ന വാര്‍ത്ത. ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. കൊല്ലം ജില്ലയിലെ നിലമേല്‍ കൈതോട് സ്വദേശി വിസ്മയയെ ശാസ്താംനടയിലെ ഭര്‍ത്തൃവീട്ടില്‍ തിങ്കളാഴ്ച പുലര്‍ച്ചെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതിനു പിന്നാലെ ഭര്‍ത്താവിന്റൈ ക്രൂര പീഢനങ്ങളുടെ തെളിവുകളും പുറത്തുവന്നിരുന്നു.

ഒരു വർഷം മുൻപായിരുന്നു മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരൺ കുമാറും വിസ്മയയും തമ്മിലുള്ള വിവാഹം നടന്നത്. സ്ത്രീധനത്തിന്റെ പേരും പറഞ്ഞ് ഭർതൃവീട്ടുകാർ വിസ്മയയെ ഉപദ്രവിച്ചിരുന്നതായി ബന്ധുക്കൾ ആരോപിച്ചു. ചില പ്രശ്‌നങ്ങൾ ഉണ്ടായതിനെ തുടർന്ന് വിസ്മയ അടുത്തിടെ സ്വന്തം വീട്ടിലേക്ക് വരികയും ചെയ്തു. പിന്നീട് ഒത്തുതീർപ്പാക്കി തിരിച്ചുപോയി. വിവാഹസമയത്ത് സ്ത്രീധനമായി നൽകിയ കാർ കൊള്ളില്ലെന്ന് പറഞ്ഞ് കിരൺ ഇന്നലെ വിസ്മയയെ മർദ്ദിച്ചിരുന്നു.

നൂറുപവൻ സ്വർണവും ഒരേക്കറിലധികം ഭൂമിയും കാറും ഭർത്താവിന് നൽകിയിട്ടും വിസ്മയ ഭർതൃവീട്ടിൽ നേരിട്ടത് കൊടിയ പീഡനങ്ങളാണ്. വിസ്മയയുടെ ഭർത്താവ് മോട്ടോർ വാഹന വകുപ്പ് അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും ശാസ്താംകോട്ട ശാംസ്താനട സ്വദേശിയുമായ എസ്. കിരൺകുമാർ, തനിക്ക് സ്ത്രീധനമായി കിട്ടിയ കാറിന് പ്രൗഢി പോരെന്ന് ആരോപിച്ചായിരുന്നു യുവതിയെ ക്രൂരപീഡനത്തിന് ഇരയാക്കിയത്. ടൊയാട്ടോ യാരിസ് കാറായിരുന്നു വിവാഹ സമയത്ത് വിസ്മയയുടെ അച്ഛൻ വിക്രമൻ നായർ കിരണിന് സ്ത്രീധനമായി നൽകിയത്. എന്നാൽ, തന്റ് സ്റ്റാറ്റസിന് ചേർന്ന വാഹനമല്ല എതെന്നായിരുന്നു കിരണിന്റെ നിലപാട്.

വിസ്മയക്ക് ഭര്‍തൃവീട്ടില്‍ നിന്നും ക്രൂര മര്‍ദ്ദനമേറ്റതിന്റെ വാട്‌സാപ്പ് ദൃശ്യങ്ങളും ഇപ്പോള്‍ പ്രചരിക്കുകയാണ്. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് സഹോദരനയച്ച വാട്‌സാപ്പ് സന്ദേശത്തിലാണ് മുഖത്തു കൈകളിലും ക്രൂര മര്‍ദ്ദനമേറ്റതിന്റെ ദൃശ്യങ്ങളുള്ളത്. ഭര്‍തൃവീട്ടില്‍ താന്‍ അനുഭവിച്ച കണ്ണില്ലാത്ത ക്രൂരതയും വാട്‌സാപ്പ് സന്ദേശത്തില്‍ വിസ്മയ പങ്കുവച്ചിട്ടുണ്ട്. ‘ദേഷ്യം വന്നാല്‍ അയാള്‍ എന്നെ അടിക്കും. അയാള്‍ക്കു കൊടുത്ത വണ്ടി കൊള്ളില്ലെന്നു പറഞ്ഞ് കഴിഞ്ഞ ദിവസം തെറി വിളിച്ചു. അച്ഛനെയും കുറേ ചീത്ത വിളിച്ചു. കുറേ നേരം സഹിച്ചിരുന്നു. പക്ഷേ നിര്‍ത്തിയില്ല. സഹികെട്ട് മുറിയില്‍നിന്ന് ഇറങ്ങിപ്പോകാന്‍ നോക്കിയപ്പോ മുടിയില്‍ പിടിച്ചു വലിച്ച് പലതവണ അടിച്ചു. അടികൊണ്ടു വീണ എന്റെ മുഖത്ത് ചവിട്ടി, കാലു കൊണ്ട് മുഖത്ത് അമര്‍ത്തി’- വിസ്മയയുടെ വാട്‌സാപ്പ് സന്ദേശത്തിലെ വാക്കുകള്‍.

മുഖത്തും കൈകളിലും മുറിവേറ്റതിന്റെ പാടുകളും അടികൊണ്ടു നീലിച്ചതിന്റെ പാടുകളടക്കമുള്ള ചിത്രങ്ങളും വിസ്മയ ബന്ധുക്കള്‍ക്ക് അയച്ചിട്ടുണ്ട്. എല്ലാം അച്ഛനോടു പറയുമെന്നും വിസ്മയ സന്ദേശത്തില്‍ പറയുന്നു. സ്ത്രീധനത്തെച്ചൊല്ലിയുളള തര്‍ക്കമാണ് കൊലപാതകത്തില്‍ കൊണ്ടെത്തിച്ചതെന്നാണ് യുവതിയുടെ ബന്ധുക്കളുടെ ആരോപണം. യുവതിക്ക് ക്രൂരമായി മര്‍ദ്ദനമേറ്റതിന്റെ ചിത്രങ്ങളും സന്ദേശങ്ങളും ബന്ധുക്കള്‍ തന്നെയാണ് പരാതിക്കൊപ്പം പൊലീസിന് കൈമാറിയത്.

മന്നം ആയൂർവ്വേദ കോർപ്പറേറ്റീവ് മെഡിക്കൽ കോളേജിലെ അവസാന വർഷ ബി.എ.എം.എസ് വിദ്യാർത്ഥിയായിരുന്ന വിസ്മയയുടെയും കിരൺ കുമാറിന്റെയും വിവാഹം 2020 മാർച്ചിലായിരുന്നു. 28 കാരനായ കിരൺ നിലവിൽ കൊല്ലം എൻഫോഴ്സ്മെന്റ് ആർ.ടി.ഒയിൽ അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറാണ്. വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ തന്നെ സ്ത്രീധനവുമായി ബന്ധപ്പെട്ട് വിസ്മയയുമായി ഇയാൾ വഴക്ക് തുടങ്ങി. പ്രധാനമായും കാറിനെ ചൊല്ലിയായിരുന്നു പ്രശ്നങ്ങൾ. തനിക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധമാണ് ഈ വിവാഹം എന്നായിരുന്നു ഇയാൾ പറഞ്ഞിരുന്നത്.

ഇതു സംബന്ധിച്ച് വിസ്മയുടെ പിതാവ് വിക്രമൻ നായരുമായി വലിയ ഒച്ചപ്പാടും ബഹളവും ഉണ്ടാക്കിയിരുന്നു. 2021 ജനുവരിയിൽ ഇയാളുടെ സഹോദരിയുടെ കുഞ്ഞിന്റെ ഒന്നാം ജന്മദിനാഘോഷത്തിനായി പോകുകയും അവിടെ വച്ച് അമിതമായി മദ്യപിച്ച് വിസ്മയയുമായി പ്രശ്നം ഉണ്ടാവുകയും ചെയ്തു. പിന്നീട് അവിടെ നിന്നും കാറിൽ നിലമേലിലെ വീട്ടിലെത്തുകയും അവിടെ വച്ച് വിസ്മയയെ അടിക്കുകയും ചെയ്തു. ഇത് കണ്ട് നേവിയിൽ ഉദ്യോഗസ്ഥനായ സഹോദരൻ ഓടിയെത്തി പിടിച്ചുമാറ്റാൻ ശ്രമിച്ചു. എന്നാൽ സഹോദരനെയും ഇയാൾ മർദ്ദിച്ചു. മർദ്ദനത്തിൽ സഹോദരന്റെ തോളെല്ലിന് പൊട്ടലുണ്ടായി. ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടുകയും വിവരം പൊലീസിൽ അറിയിക്കുകയും ചെയ്തു. നാട്ടുകാർ ഓടിക്കൂടിയതു കണ്ട് ഇയാൾ അവിടെ നിന്നും ഓടി പ്പോകുകയും പട്രോളിങ്ങിലായിരുന്ന പൊലീസിന്റെ മുന്നിൽ എത്തിപ്പെടുകയും ചെയ്തു. പിന്നീട് ഇയാളെ പൊലീസ് സ്റ്റേഷനിൽ കൊണ്ടു പോകുകയും വിസ്മയയുടെ സഹോദരൻ പരാതി നൽകുകയും ചെയ്തു. എന്നാൽ സംഭവം അറിഞ്ഞ് സഹപ്രവർത്തകരായ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ സ്റ്റേഷനിലെത്തുകയും കേസെടുക്കരുതെന്നും ഇനിയും ഒരുപാട് സർവ്വീസുള്ള ഇയാളുടെ ജോലി നഷ്ടപ്പെടുമെന്നും അറിയിച്ചു. തുടർന്ന് എല്ലാവരുടെയും സാന്നിധ്യത്തിൽ കേസ് ഒത്തുതീർപ്പാക്കുകയായിരുന്നു.

ജനുവരിയിലെ പ്രശ്നങ്ങൾക്ക് ശേഷം വിസ്മയ നിലമേലിലെ സ്വന്തം വീട്ടിൽ തന്നെ കഴിയുകയായിരുന്നു. അവസാന വർഷ ബി.എ.എം.എസ് പരീക്ഷയുടെ അവസാന ദിനം കോളേജിലെത്തിയ കിരൺ വിസ്മയയെ കാറിൽ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. പിന്നീട് കിരണിന്റെ വീട്ടിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം സ്വന്തം സഹോദരന് ഭർതൃവീട്ടിൽ നിന്നുള്ള പീഡനങ്ങളെക്കുറിച്ച് സന്ദേശം അയച്ചപ്പോഴാണ് ക്രൂര പീഡനത്തിന്റെ വിവരം വീട്ടുകാർ അറിയുന്നത്. പിന്നീട് വിസ്മയ മരിച്ചു എന്നാണ് വീട്ടുകാർ അറിയുന്നത്.

സംഭവത്തെപറ്റി പൊലീസ് പറയുന്നതിങ്ങനെ; കഴിഞ്ഞ രാത്രിയിൽ ഇരുവരും തമ്മിൽ വലിയ വഴക്ക് നടന്നു. വഴക്കിന് ശേഷം വിസ്മയ ബാത്ത്റൂമിൽ കയറി കതകടച്ചു. ഏറെ നേരം കഴിഞ്ഞിട്ടും തുറക്കാത്തതിനാൽ വാതിൽ ചവിട്ടിപ്പൊളിച്ചു നോക്കിയപ്പോൾ തൂങ്ങി നിൽക്കുന്നതാണ് കാണുന്നത്. ഉടൻ തന്നെ ശാസ്താകോട്ട പത്മാവതി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തിന് ശേഷം കിരൺകുമാർ ഒളിവിൽ പോയിരിക്കുകയാണ്. മരണത്തിന് പിന്നാലെ വിസ്മയയുടെ വീട്ടുകാർ കൊലപാതകമാണെന്നാരോപിച്ച് രംഗത്തെത്തി. തെളിവായി മർദ്ദന ദൃശ്യങ്ങളും ഫോൺ സന്ദേശങ്ങളും പുറത്തു വിട്ടു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close