KERALANEWSTop News

വി.കെ.സി മമ്മദ് കോയയുടെ കച്ചോടം പൂട്ടിക്കാൻ സംഘപരിവാർ; കോവിഡ് വാക്സിന്റെ പേരിലും കേരളത്തിൽ പുകയുന്നത് വർ​ഗീയ വിദ്വേഷം

തിരുവനന്തപുരം: വി കെ സി മമ്മദ് കോയക്കെതിരെ കേരളത്തിലെ സം​ഘപരിവാർ വിദ്വേഷ പ്രചാരണം നടത്തുകയാണ്. കോവിഡ് വാക്സിൻ സൗജന്യമായി നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ ഇടത് മുന്നണി നടത്തിയ വീട്ടുമുറ്റ സമരത്തിൽ പങ്കെടുത്തതാണ് വി കെ സി മമ്മദ് കോയക്കെതിരെ തിരിയാൻ ആർഎസ്എസ്- ബിജെപി അണികളെ പ്രേരിപ്പിച്ചത്. വാക്‌സിൻ സൗജന്യമായി നൽകുന്നില്ലെന്ന് ആരോപിച്ച് കേന്ദ്ര സർക്കാരിനെതിരെയായിരുന്നു സമരം. എന്നാൽ, സമരത്തിന് മുന്നേ വി കെ സി മമ്മദ് കോയ സൗജന്യ വാക്സിൻ സ്വീകരിച്ചു എന്നതാണ് സംഘപരിവാർ അനുയായികളെ പ്രകോപിപ്പിച്ചത്. ഇതോടെ, മമ്മദ് കോയയുടെ ഉടമസ്ഥതയിലുള്ള വികെസി ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കാനാണ് സമൂഹ മാധ്യമങ്ങളിലെ സംഘപരിവാർ ആഹ്വാനം. അതേസമയം, മമ്മദ് കോയയെ പോലെ തന്നെ സിപിഎമ്മിന്റെ പല പ്രമുഖ നേതാക്കളും സമരത്തിൽ പങ്കെടുക്കുന്നതിന് മുമ്പ് സൗജന്യ കോവിഡ് വാക്സിനേഷന് വിധേയരായിരുന്നു. എന്നാൽ, അവർക്കെതിരെ പ്രതിഷേധമോ ബഹിഷ്കരണ ആഹ്വാനമോ ഇല്ലാത്തതാണ് ഇപ്പോൾ സൈബർ ഇടങ്ങളിൽ ചർച്ചയാകുന്നത്.

രാഷ്ട്രീയ നിലപാടുകളുടെ പേരിൽ കടുത്ത ഇസ്ലാം വിരുദ്ധതയാണ് സംഘപരിവാർ നിയന്ത്രിക്കുന്ന സൈബർ കേന്ദ്രങ്ങൽ നടത്തുന്നതെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ സാമ്പത്തിക രം​ഗത്ത് വലിയ സംഭാവനകൾ നൽകുന്ന മുസ്ലീം വ്യവസായികളുടെ കച്ചവടം പൂട്ടിക്കുക എന്നതാണ് ഹിന്ദു വർ​ഗീയ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് മമ്മദ് കോയ.

നേരത്തേ, ഹലാൽ ഉൽപ്പന്നങ്ങൾ വിൽക്കുന്ന ഭക്ഷണശാലകൾ ബഹിഷ്കരിക്കണം എന്ന കാമ്പയിൽ ഹിന്ദു തീവ്രവാദ ​​ഗ്രൂപ്പുകൾ ഉയർത്തിയിരുന്നു. അതിനെ തുടർന്ന് പല സ്ഥലങ്ങളിലും വലതുപക്ഷ സംഘടനകളുടെ നിയന്ത്രണത്തിൽ സൂപ്പർമാർക്കറ്റുകൾ ആരംഭിക്കുന്ന സാഹചര്യവും ഉണ്ടായി. കേരളത്തിലെ ജനങ്ങളെ മതാടിസ്ഥാനത്തിൽ വിഭജിക്കാനും അതുവഴി രാഷ്ട്രീയ നേട്ടമുണ്ടാക്കാനുമാണ് സംഘപരിവാർ സംഘടനകൾ ഇത്തരം കാമ്പയിനുകൾ നടത്തുന്നത്.

കേരളത്തിലെ കച്ചവട സ്ഥാപനങ്ങളിൽ ഏറിയ പങ്കും നടത്തുന്നത് മുസ്ലീം മതവിഭാ​ഗത്തിൽ പെട്ടവരാണ്. അടയ്ക്കാ കച്ചവടം മുതൽ സ്വർണ കച്ചവടത്തിൽ വരെ മുസ്ലീം വിഭാ​ഗത്തിന് നല്ല പങ്കുണ്ട്. കേരളത്തിലെ ഹിന്ദു ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട കച്ചവട സ്ഥാപനങ്ങൾ പോലും ഭൂരിപക്ഷം ഇടങ്ങളിലും നടത്തുന്നത് മുസ്ലീം വിഭാ​ഗത്തിലെ ആൾക്കാരാണ്. കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന ആളുകളും മതം നോക്കാതെ സഹകരിച്ച് കഴിയുന്നവരുമാണ്. ഇതൊക്കെയാണ് മുസ്ലീം വിഭാ​ഗത്തോട് സംഘപരിവാറിന് വിദ്വേഷം വളരാൻ കാരണം. ഹിന്ദുവിന്റെ ശത്രു മുസ്ലീങ്ങളാണെന്ന പ്രതീതി വളർത്തി ഹിന്ദു ഏകീകരണമാണ് സംഘപരിവാർ ലക്ഷ്യം വെക്കുന്നതെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. അതിനായാണ് നിരന്തരം മുസ്ലീങ്ങൾക്കെതിരെ ഇത്തരം പ്രചാരവേലകൾ സംഘടിപ്പിക്കുന്നതെന്നും ഇവർ കൂട്ടിച്ചേർത്തു.

വികെസി ചെരുപ്പിന്റെ ഉടമയുമായ വി.കെ.സി. മമ്മദ് കോയ സൗജന്യ വാക്സിൻ എടുത്ത ശേഷമാണ്, സൗജന്യ വാക്സിൻ നൽകാത്ത മോദി സർക്കറിനെതിരെ ഇന്നലെ ചെങ്കൊടി പിടിച്ച് വീട്ടുമുറ്റത്ത് സമരം ചെയ്തത് എന്ന ആരോപമാണ് സംഘപരിവാർ ഉയർത്തുന്നത്. എന്നാൽ, ഈ സമരം പ്രഖ്യാപിച്ചത് മമ്മദ് കോയ അല്ല. ഇതിന് ആഹ്വാനം ചെയ്തത് ഇടത് നേതൃത്വമാണ്. അവർക്കെതിരെ പ്രതിഷേധമില്ല, ബഹിഷ്കരണ ആഹ്വാനവുമില്ല. അതുകൊണ്ട് തന്നെ, ഇപ്പോൾ നടക്കുന്ന ബഹിഷ്കരണ ആഹ്വാനത്തിന് പിന്നിൽ സംഘപരിവാറിന്റെ മതവെറിയാണെന്ന വിമർശനം ശക്തമാകുകയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close