KERALANEWSTrending

വി. മുരളീധരന്‍ പാര്‍ട്ടിക്ക് അപ്രാപ്യനോ?

കണ്ണൂര്‍:കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെതിരെ പാര്‍ട്ടിയില്‍ രഹസ്യ ചര്‍ച്ചകളും ആരോപണങ്ങളും പിടിമുറുക്കുന്നു. കേന്ദ്ര പദവി ലഭിച്ചതിനു ശേഷം മുരളീധരന്‍ പാര്‍ട്ടി അണികള്‍ക്കു അപ്രാപ്യനാണെന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം .ഗ്രൂപ്പ് ഇതര നേതാക്കള്‍ വിളിച്ചാല്‍ മുരളീധരന്‍ ഫോണെടുക്കുന്നില്ല, പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്നും മനഃപുര്‍വ്വം ഒഴിഞ്ഞു മാറുന്നു,ബലിദാനി ദിനാചരണങ്ങള്‍ നാട്ടിലുണ്ടാവുമ്പോള്‍ പോലും അവഗണിക്കുന്നു എന്നിങ്ങനെ പോകുന്നു ആരോപണങ്ങള്‍.

സ്വര്‍ഗീയ കെടി ജയകൃഷ്ണന്‍ മാസ്റ്ററെപ്പോലുള്ളവരുടെ രക്തത്തില്‍ ചവുട്ടിയാണ് മുരളീധരന്‍ വളര്‍ന്നു വന്നതെന്ന് ഓര്‍ക്കണമെന്നാണ് ഇതേ കുറിച്ച് ബിജെപിയിലെ ഒരു മുതിര്‍ന്ന നേതാവ് പ്രതികരിച്ചത്. കേരളത്തിലെ സീനിയര്‍ നേതാക്കളെ ഒഴിവാക്കാന്‍ ദേശീയ നേത്യത്വത്തെ പ്രേരിപ്പിക്കുന്നത് മുരളീധരന്റെ ഇടപെടലാണെന്നാണ് വിവിധ കോണുകളില്‍ നിന്നും ഉയരുന്ന കുറ്റപ്പെടുത്തലിന്റെ സാരാംശം. അതുകൊണ്ടു തന്നെ കേരളത്തില്‍ മുരളീധരനെ ഒറ്റപ്പെടുത്തി അക്രമിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. നിലവില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും വിരലില്‍ എണ്ണാവുന്നവരും മാത്രമേ മുരളീധരനൊപ്പമുള്ളൂ. ആര്‍എസ്എസും കുമ്മനം രാജശേഖരന്‍ പികെ കൃഷ്ണദാസ് തുടങ്ങി ഒട്ടേറെ നേതാക്കള്‍ എതിര്‍ പക്ഷത്താണ്.

പാര്‍ട്ടിയില്‍ അവഗണിക്കപ്പെട്ട സംസ്ഥാന നേതാക്കള്‍ മുരളീധരന്‍ നേതൃത്വം നല്‍കുന്ന വിഭാഗത്തിനെതിരെ ഓരോ ജില്ലയിലും രഹസ്യ യോഗങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കണ്ണൂരും കാസര്‍കോടു മൊഴികെ 12 ജില്ലാ കമ്മിറ്റികള്‍ മുരളീധര വിരുദ്ധ വിഭാഗത്തിനൊപ്പമാണ്. വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പില്‍ നിന്നും വിട്ടു നില്‍ക്കാനാണ് ഇവരുടെ തീരുമാനം.ഈക്കാര്യം ബിജെപി നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. ആര്‍എസ്എസും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. കണ്ണൂരില്‍ തല മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ സികെ പത്മനാഭന്‍, പിപി മുകുന്ദന്‍ എന്നിവര്‍ അബ്ദുള്ളക്കുട്ടിക്ക് ഉന്നത സ്ഥാനം നല്‍കിയതില്‍ അതൃപ്തരാണ്.

പാര്‍ട്ടി എതിരാളികളായിരുന്നവരെ ഉന്നത സ്ഥാനങ്ങളിലിരുത്തുന്നത് ശരിയെല്ലന്നു പിപി മുകുന്ദന്‍ തുറന്നടിച്ചു. ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം അബ്ദുള്ളക്കുട്ടിയുടെ പുതിയ സ്ഥാനലബ്ധിയെ അണികള്‍ക്ക് നിരാശയുണ്ടാക്കുന്നതെന്ന് വിശേഷിപ്പിച്ചത്. കൂടിയാലോചനകള്‍ ഇല്ലാതെയുള്ള തീരുമാനങ്ങള്‍ പാര്‍ട്ടിയെ നശിപ്പിക്കുമെന്ന് മുകുന്ദന്‍ പറഞ്ഞു.പ്രത്യയശാസ്ത്ര ദൃഢത ഇല്ലാത്തവരെ താക്കോല്‍ സ്ഥാനങ്ങളില്‍ നിയമിക്കരുത്. നേതൃസ്ഥാനത്തേക്ക് നാമനിര്‍ദേശം അല്ല തിരഞ്ഞെടുപ്പാണ് വേണ്ടത്. പ്രവര്‍ത്തകരുടെയും പാര്‍ട്ടിയുടെയും താല്പര്യങ്ങള്‍ കൂടി പരിഗണിച്ചായിരിക്കണം നേതൃത്വം തീരുമാനങ്ങള്‍ എടുക്കേണ്ടത്.

ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തെക്കുള്ള അബ്ദുള്ളക്കുട്ടിയുടെ നിയമനം ഉചിതമായ സമയത്തല്ലെന്നും കേന്ദ്ര മന്ത്രി വി മുരളീധരന്റെ പ്രകടനത്തെ കുറിച്ച് വിലയിരുത്താനുള്ള സമയം ആയിട്ടില്ലെന്നും എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി തുടങ്ങിയ അനുഭവ സമ്പത്തുള്ള നേതാക്കള്‍ക്ക് അര്‍ഹമായ പരിഗണന ദേശീയ നേതൃത്വം നല്‍കണമെന്നും ശോഭ സുരേന്ദ്രന്റ പ്രശ്നങ്ങള്‍ നേതൃത്വം ഇടപെട്ട് പരിഹരിക്കണമെന്നും പി പി മുകുന്ദന്‍ ആവശ്യപ്പെട്ടു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close