INSIGHTTop News

റീബൂട്ടിംഗ് ബെംഗലൂരു- കോവിഡ് കാല കാഴ്ച

സുജിത് ആർ. നായർ
മാധ്യമ പ്രവർത്തകൻ, ഡിജിറ്റൽ മീഡിയ സംരംഭകൻ,
ഫൗണ്ടർ/ഡയറക്ടർ/സിഇഒ- Eazywalkers Digital Pvt Ltd , Bangalore

ഒരു ചെറിയ ഇടവേള പോലെയാണ് ആദ്യം ബെംഗലൂരു കൊറോണയെയും ലോക്ക് ഡൗണിനെയും കണ്ടത്. രാത്രി മാറി പകൽ വരും പോലെ കൊറോണയ്ക്ക് മുമ്പുള്ള അവസ്ഥയിലേക്ക് മടങ്ങാം എന്ന് എല്ലാവരും കരുതി. അതുകൊണ്ട് തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറങ്ങി കൈ കൊട്ടാൻ പറഞ്ഞപ്പോഴും കോവിഡ് പ്രതിരോധ പ്രവർത്തകരെ അനുമോദിക്കാൻ പറഞ്ഞപ്പോഴുമെല്ലാം നഗരവാസികൾ പ്രതീക്ഷയിൽ ആയിരുന്നു. അപ്രതീക്ഷിതമായെത്തിയ അരൂപിയായ അതിഥിയെ രാജ്യം കീഴടക്കുമെന്ന ആത്മവിശ്വാസത്തിൽ ആയിരുന്നു ഉദ്യാന നഗര നിവാസികളും.

ലഹരി നുരയുന്ന രാവുകളിലേക്ക് മടങ്ങാൻ യുവതീയുവാക്കളും, ആഴ്ച്ചക്കൊടുവിൽ ഔട്ടിങ്ങിനും ഷോപ്പിങ്ങിനുമായി വീട്ടമ്മമാരും, ബിസിനസ് ട്രിപ്പുകളും നിക്ഷേപ സമാഹരണവുമെല്ലാം വീണ്ടും തുടങ്ങാമെന്ന പ്രതീക്ഷയിൽ സംരംഭകരും, അപ്പാജി എന്ന യെദ്യുരപ്പക്ക് പണിക്ക്‌ മറുപണി കൊടുക്കാനായി ബെംഗളൂരുവിലെ രാഷ്ട്രീയ പ്രതിയോഗി ലോകവും കാത്തിരുന്നു. പതുക്കെ ആ കാത്തിരിപ്പുകളുടെ നീളം കൂടി വന്നു. ആക്രമണം എന്ന തന്ത്രം പ്രതിരോധത്തിലേക്ക് വലിഞ്ഞു. ചുറ്റുപാടുകൾ പെട്ടന്നുതന്നെ അപകടം മണത്തു. വായിച്ചും കണ്ടുമറിഞ്ഞ വർത്തമാന കാലത്തെ ഏറ്റവും ചെറിയ വലിയ വൈറസ് ഇന്ത്യയുടെ സിലിക്കൺ വാലിയേയും ബാധിച്ചു.

അനന്തം അതിജീവനം

സങ്കീർണമായ സോഫ്ട്‍വെയറുകൾ ഒരുക്കുന്നതിൽ മിടുക്കന്മാരായ പ്രൊഫഷണലുകൾക്ക് പക്ഷെ കൊറോണയ്ക്കുള്ള ആന്റീ വൈറസ് ചിന്തയ്ക്കും അപ്പുറം ആയിരുന്നു. ഒടുവിൽ ഇവിടുള്ളവരും യാഥാർഥ്യത്തെ ഉൾക്കൊണ്ടു. ഇനി എല്ലാം പഴയപടി ആവില്ലെന്നുള്ള പുതിയ തിരിച്ചറിവ്. ഇന്നിപ്പോൾ അസാധാരണമായ സൗഭാവികതയിലേക്ക് നഗരവാസികൾ കടന്നുകഴിഞ്ഞു. തിരക്കിട്ട് ഓടി നടന്നവർ, സമയം ഇല്ലാതെ അലഞ്ഞവർ വീടും ഫ്ലാറ്റും എന്ന കള്ളികൾക്ക് ഉള്ളിലേക്കൊതുങ്ങി. പഴയ കാര്യങ്ങളും പഴംകഥകളുമെല്ലാം മെല്ലെ അവർക്കിടയിലേക്ക് എത്തി. വീട്ടിനുള്ളിൽ ചിലർ മുഖത്തോടുമുഖം നോക്കി, അതുവരെ കണ്ടിട്ടില്ലായിരുന്ന അയല്പക്കക്കാരെ കണ്ടു, ആഡംബരത്തിന്റെ കാഴ്ച്ചകൾ ആകുലതകളുടെയും കരുതലിന്റേതുമായി മാറി. അതെ, കഴിഞ്ഞ ആറുമാസക്കാലം ബംഗലൂരുവിനെ അടിമുടി മാറ്റിക്കളഞ്ഞു. ചിലർ അടപടലം വീണു, മറ്റുചിലർ അതിവേഗം മാറ്റത്തിന് അനുസരിച്ച് മാറി. എന്നാൽ, ഭൂരിഭാഗവും ഇതിനിടയിൽ ഇപ്പോഴും അതിജീവനത്തിനായുള്ള നെട്ടോട്ടം തുടരുന്നു.

റീബൂട്ടിംഗ്

ബെംഗലൂരു റീബൂട്ടിംഗ് പ്രക്രിയയിൽ ഒട്ടേറെ മുന്നേറിയിട്ടുണ്ട്. എങ്കിലും നഗരത്തിന്റെ സ്വഭാവം ഐ.ടി മേഖലയുമായി ബന്ധപ്പെട്ട് കിടക്കുന്നു. അവിടുത്തെ പുതിയ തൊഴിൽ സംസ്കാരം ആളുകളുടെ ജീവിതത്തെയും മനോഭാവത്തെയും തന്നെ ഗണ്യമായി ബാധിച്ചിരിക്കുന്നു. തുടക്കത്തിൽ ഇളം കാറ്റ് പോലെ തോന്നിയെങ്കിലും ഇവിടെ വന്നത് സുനാമി ആണെന്ന് ഇപ്പോൾ പലരും തിരിച്ചറിഞ്ഞിരിക്കുന്നു. അതിന്റെ അലയൊലികൾ ഇന്നും സാധാരണക്കാരായ നഗരവാസികളെ ശ്വാസം മുട്ടിക്കുന്നുണ്ട്. എന്തൊക്കെയാണ് അവരുടെ പ്രശ്നങ്ങൾ, എങ്ങെനെയൊക്കെയാണ് കോവിഡ് കാലം ഇവിടെ അതിജീവനത്തിന്റെ കൂടി കാലം ആകുന്നതെന്ന് നോക്കാം.

സാധ്യതകളുടെ പുതുലോകം, വെല്ലുവിളികളുടെയും

സാഹചര്യങ്ങൾക്ക് അനുസരിച്ച് മാറുന്നവർക്ക് ഏത് പ്രതിസന്ധികളും അവസരങ്ങൾ ആകും. ഇവിടുള്ളവർ ഏറെക്കുറെ ആ വഴിക്ക് വന്നുതുടങ്ങിയിട്ടുണ്ട്. പരസ്പരം താങ്ങായും തണലായും പ്രാദേശിക കൂട്ടയ്മകൾ ഇക്കാലത്ത് ഇവിടെയും ഉണർന്ന് പ്രവർത്തിക്കുന്നുണ്ട്. ഫ്ലാറ്റ് ഓണേഴ്‌സ്, വാർഡ് അസോസിയേഷനുകൾ കരുതലോടെ തങ്ങളുടെ കമ്മ്യൂണിറ്റിയിൽ ഉള്ളവരുടെ സുരക്ഷയ്‌യുറപ്പിച്ച് മാനസികവും ശാരീരീരികവും ആയുള്ള പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നു. ജോലിക്കായി മറ്റിടങ്ങളിൽ നിന്നും ഇവിടെത്തി താമസമാക്കിയവർക്ക് ഇത്തരം കൂട്ടായ്മയകൾ ആശ്വാസമാണ്. അതേസമയം, നഗരത്തിൽ നിന്ന് ഇതിനോടകം തന്നെ ആയിരക്കണക്കിന് ആളുകൾ സ്വന്തം ഇടങ്ങളിലേക്ക് പലായനം ചെയ്തിട്ടുണ്ട്. എന്നാൽ, പുത്തൻ ആശയങ്ങളും പുതിയ വിപണിയുടെ പ്രതീക്ഷകളുമായി വെല്ലുവിളികളെ ഏറ്റെടുക്കാൻ ഹൈടെക് ബെംഗളൂരു റെഡി ആയിക്കഴിഞ്ഞു.

തൊഴിൽ മേഖല

കോവിഡിനൊപ്പം ജീവിക്കുക എന്ന പ്രയത്നത്തിലാണ് മറ്റെല്ലായിടവും പോലെ ബംഗലൂരുവും. നമ്മൾ മുഖത്ത് വച്ച മാസ്ക് പോലെയാണ് സാമൂഹിക സാമ്പത്തിക രംഗത്തെ ഭാവിചിത്രം. അത് ഒരുപക്ഷെ പ്രതിരോധവും പ്രതിലോമവും ആവാം, ഒന്നും പൂർണമായി കാണാൻ ആവാത്ത അവസ്ഥ. സുരക്ഷ മുൻനിർത്തി മിക്ക ഐ.ടി കമ്പനികളും വർക്ക് ഫ്രം ഹോം ഏർപ്പെടുത്തിയിട്ട് അരവർഷം പിന്നിട്ടു. ഭൂരിഭാഗം സ്ഥാപനങ്ങളും ഈ മാറ്റം നല്ലതെന്ന് വിലയിരുത്തുന്നു.

റിയൽ എസ്റ്റേറ്റ്

പക്ഷെ, ഐ.ടി പാർക്കുകൾക്കും റിയൽ എസ്റ്റേറ്റ് രംഗത്തുള്ളവർക്കും വെള്ളിടി വെട്ടിയ കാലമാണ് ഇത്. കമ്പനികൾ ലീസ് പുതുക്കാത്തതും കെട്ടിടങ്ങള്‍ ഒഴിഞ്ഞുതുടങ്ങിയതും അവരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചിട്ടുണ്ട്. പലർക്കും ബാങ്ക് വായ്‌പകൾ പോലും തിരിച്ചടക്കാൻ ആകുന്നില്ല. വാടകയ്ക്ക് നഗരത്തിൽ താമസിച്ചിരുന്ന ടെക്കികൾ കിട്ടിയ വിലക്ക് സാധന സാമഗ്രികൾ കൊടുത്ത് നാട്ടിലേക്ക് പോകുന്ന പ്രവണതയും കൂടുന്നുണ്ട്.

വർക്ക് ഫ്രം ഹോം

വലിയ വാടകകൾ ഒഴിവാക്കി ചിലവ് കുറച്ച് പരിമിതമായ ഇടങ്ങളിലേക്ക് ചുരുങ്ങാൻ കമ്പനികൾ കണ്ടെത്തിയ മാർഗ്ഗമായി വർക്ക് ഫ്രം ഹോം മാറിയിരിക്കുന്നു. പല മാനേജ്‌മെന്റുകളും അവരുടെ ജോലിക്കാർക്ക് വീടുകളില്‍ പകരം സംവിധാനങ്ങള്‍ ഒരുക്കി നൽകി. ചിലരൊക്കെ അത് സ്ഥിരപ്പെടുത്താനും തീരുമാനിച്ചു. ഐ.ടി കമ്പനികളിൽ ജോലി ചെയ്യുന്ന വലിയൊരു വിഭാഗത്തിന് ഏറെ ആശ്വാസമാണ് പുതിയ തീരുമാനം. അവർക്ക് നഗരത്തിന്റെ ഗതാഗതക്കുരുക്കിൽ മണിക്കൂറുകൾ കളയാതെ സുഖമായി വീട്ടിലിരുന്ന് ജോലി ചെയ്യാം. തങ്ങളുടെ യാത്രാക്ലേശവും കോവിഡ് പിടിപെടുമെന്ന ഭീതിയും ഇല്ലാതെ അവർ വീട്ടുകാർക്കൊപ്പം ആയാസകരമായി കടമകൾ നിറവേറ്റുന്നു.

ഉലയുന്ന ലോകം

എന്നാൽ ഐ.ടി/സോഫ്റ്റ്‌വെയർ വ്യവസായത്തിനൊപ്പം സമാന്തരമായി വളർന്നുവന്ന നിരവധി തൊഴിലുകളും സ്ഥാപനങ്ങളും ഇപ്പോൾ ഇല്ലാതാകലിന്റെയോ അടച്ചുപൂട്ടലിന്റെ വക്കിലാണ്. കോടികളുടെ നിക്ഷേപത്തിൽ വിപ്ലവകരമായ മുന്നേറ്റം നടത്തിയവ ആയിരുന്നു അവയിൽ പലതും എന്നതാണ് ദുരവസ്ഥ. ക്യാബ്/സ്‌കൂട്ടർ സർവീസ്, ഫുഡ് ഡെലിവറി, ഹോട്ടൽ ബുക്കിംഗ്, ഫെസിലിറ്റി/സെക്യൂരിറ്റി/ഹൌസ് കീപ്പിങ് സർവീസ് മേഖലയൊക്കെ വൻപ്രതിസന്ധി നേരിടുന്നു. ഈ മേഖലകളുടെ ഭാവിയെക്കുറിച്ച് ‘ഇനി എന്താവും എന്ന് ഒരുപിടിയും ഇല്ലെന്നാണ് ‘അടുത്തിടെ ഒരു വെബ്ബിനാറിൽ ടാറ്റ സൺസ് ചെയർമാൻ രത്തൻ ടാറ്റ പറഞ്ഞത്. ബൗൺസ്, ഡ്രൈവ്‌സി, വോഗ് തുടങ്ങിയ മുൻനിര സ്കൂട്ടർ റെന്റൽ സർവീസ് കമ്പനികൾ അവർ വാങ്ങിയ സ്കൂട്ടറുകൾ ലേലം ചെയ്ത വിൽക്കുകയാണ് ഇപ്പോൾ. ഫുഡ് ഡെലിവറി സർവീസ് നടത്തുന്ന സ്വിഗ്ഗിയും സൊമാറ്റോയും എല്ലാം നൂറുകണക്കിന് ജോലിക്കാരെ പിരിച്ചുവിട്ടു. ക്യാബ് സർവീസ് കമ്പനികൾ ആയ ഓല, ഊബർ കമ്പനികളിലും നിരവധി പേർക്ക് ജോലി നഷ്ടപ്പെട്ടു. സ്റ്റാർട്ടപ്പ് കമ്പനികളിൽ ഏതാണ്ട് അമ്പതിനായിരത്തോളം ആളുകൾ തൊഴിൽ രഹിതരായെന്നാണ് ഏറ്റവും ഒടുവിൽ പുറത്ത് വരുന്ന റിപോർട്ടുകൾ പറയുന്നത്. സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാൻ മിക്ക കമ്പനികളും ശമ്പളം ഗണ്യമായി വെട്ടിക്കുറച്ചിട്ടുണ്ട്. ബെംഗളൂരുവിൽ അടുത്ത മൂന്ന് മാസത്തിനുള്ളിൽ രണ്ടായിരം സ്റ്റാർട്ടപ്പ് കമ്പനികൾ പൂട്ടുമെന്നാണ് ഇൻഫോസിസ് മുൻ ഡയറക്ടറും നിക്ഷേപ-സാമ്പത്തിക വിദഗ്ധനുമായ മോഹൻദാസ് പൈ പറയുന്നത്. ഇതിന് പുറമെ ഐ.ടി കമ്പനികളുമായി ചേർന്ന് ഉപജീവനം നടത്തുന്ന അസംഘടിത മേഖലയിലെ ലക്ഷക്കണക്കിന് ആളുകൾ ദുരിതക്കയത്തിൽ ആണ്. ട്രാവൽ ആൻഡ് ടൂറിസം, ഹോസ്പിറ്റാലിറ്റി, മീഡിയ ആൻഡ് എന്റർടൈൻമെന്റ് വ്യവസായങ്ങൾ കടുത്തപ്രതിസന്ധി നേരിടുന്നു.

വരുതിയിലാക്കലും പുനഃക്രമീകരണവും

ഈ അടിയന്തര സാഹചര്യങ്ങൾക്ക് ശേഷം ഇതുവരെയുള്ള ലോകം ആവില്ല ഇവിടെയെന്ന് ഏറെക്കുറെ ഉറപ്പായി. പരമ്പരാഗത തൊഴിലിടങ്ങളും രീതികളും ഇനി മാറ്റേണ്ടിവരുമെന്ന് എല്ലാവരും പൊതുവെ അംഗീകരിച്ച് കഴിഞ്ഞു. അക്കാരണത്താൽ തങ്ങളുടെ സുരക്ഷിത മേഖലക്ക് പുറത്തുകടന്ന് തൊഴിൽനിപുണത കൂട്ടാനുള്ള ശ്രമങ്ങളിലാണ് പലരും. ഇ- കോമേഴ്‌സ്/ഓൺലൈൻ ഷോപ്പിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇന്റർനെറ്റ് അധിഷ്ഠിത ഉപകരണങ്ങൾ, 3D പ്രിന്റിങ് സങ്കേതങ്ങൾ ഇവയെല്ലാം കോവിഡ് കാലത്തെ പ്രശ്നങ്ങൾക്ക് ഒരുപരിധി വരെ സഹായം ആയി. തന്മൂലം നിരവധിപ്പേർ ആ മേഖലയിലേക്ക് ശ്രദ്ധയൂന്നി തുടങ്ങി. ഡിജിറ്റൽ സാക്ഷരത കോവിഡാനാന്തര ലോകത്ത് അത്യന്താപേക്ഷിതം ആകുമെന്ന ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്‌സ്(FICCI) റിപ്പോർട്ട് ഇതുമായി കൂട്ടിച്ചേർത്ത് വായിക്കണം. കോഡിങ്, ഡിജിറ്റൽ കണ്ടന്റ്(വീഡിയോ, ഇമേജ്, ടെക്സ്റ്റ്), ഡേറ്റ അനാലിസിസ് (വിവര വിശകലനം), സൈബർ സുരക്ഷ ഇവയൊക്കെ സ്‌കൂൾ തലം മുതൽ പഠന വിഷയം ആക്കണമെന്ന് അവർ നിർദ്ദേശിക്കുന്നു.

റിമോട്ട് തൊഴിൽ സംസ്കാരം ബംഗലൂരുവിൽ വൈദ്യുതി പോലെ ഇന്റർനെറ്റിനെയും അവശ്യസേവനങ്ങളുടെ പട്ടികയിലേക്ക് മാറ്റിയിട്ടുണ്ട്. രാജ്യം 5G ടെക്നോളജിയിലേക്ക് ഉറ്റുനോക്കുമ്പോൾ അതിനായുള്ള നിക്ഷേപങ്ങൾ നടത്താൻ മൈക്രോസോഫ്‌റ്റും ഗൂഗിളും സൂമും ഫേസ്ബുക്കുമെല്ലാം ബംഗളൂരുവിൽ വലവിരിച്ചു കഴിഞ്ഞു. ഡിജിറ്റൽ ലോകത്തെ ഗതിവിഗതികൾ മുന്നിൽനിന്ന് നിയന്ത്രിക്കാനുള്ള ഒരുക്കത്തിൽ ആണ് നമ്മുടെ സ്വന്തം ഐ.ടി തലസ്ഥാനം.

അവലംബം
1 . http://newstimenow.com/the-new-normal-special-story/
2 . https://bangaloremirror.indiatimes.com/bangalore/cover-story/how-covid-19-will-change-the-workplace/articleshow/75383072.cms
3 . https://www.deccanherald.com/business/bengaluru-may-lose-50000-startup-jobs-in-covid-19-turbulence-843011.html
4 . https://www.thehindu.com/business/is-work-from-home-sustainable-for-the-long-run-during-the-coronavirus-pandemic-for-the-rest-of-india/article31614488.ece.എസ്
5 . https://indianexpress.com/article/cities/bangalore/bengaluru-is-now-a-world-leader-in-scooter-sharing-says-a-global-study-6116458/

Tags
Show More

Related Articles

Back to top button
Close