KERALANEWSTrending

വീടില്ലാത്തവർക്ക് വീടും വിശക്കുന്നവർക്ക് ഭക്ഷണവും; സൗജന്യമായി നീന്തൽ പരിശീലനം നൽകിയത് 2700 കുട്ടികൾക്കും; ഇത് കാക്കിക്കുള്ളിലെ കാരുണ്യം; സീനിയർ സിവിൽ പൊലീസ് ഓഫീസർ രാജേഷ് നാടിന് മാതൃകയാകുന്നത് ഇങ്ങനെ

കണ്ണൂർ: നിർധനരായ പതിനൊന്ന് കുടുംബങ്ങൾക്ക് വീടുവെച്ച് നൽകി ഒരു പൊലീസുകാരൻ. കണ്ണൂർ ട്രാഫിക് എൻഫോഴ്സ്മെന്റിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറായ രാജേഷാണ് പൊലീസ് സേനക്കും നാടിനാകെയും മാതൃകയും അഭിമാനവും ആകുന്നത്. ഇതുവരെ പതിനൊന്ന് വീടുകളാണ് രാജേഷിന്റെ നേതൃത്വത്തിൽ നിർമ്മിച്ച് നൽകിയത്. ഒപ്പം 2700 കുട്ടികൾക്ക് സൗജന്യ നീന്തൽ പരിശീലനത്തിനും ഇദ്ദേഹം അവസരമൊരുക്കി.

ജോലിയുമായി ബന്ധപ്പെട്ട് എത്തുന്ന സ്ഥലങ്ങളിലെല്ലാം സാമൂഹിക പ്രശ്നങ്ങളിലും ഇടപെടുക എന്നതാണ് പറശ്ശിനിക്കടവ് സവദേശിയായ രാജേഷിന്റെ പണ്ടുമുതലേയുള്ള രീതി. ഇത്തരത്തിൽ പരിചയപ്പെടന്നവരിൽ സഹായം ആവശ്യമുള്ളവരെ കണ്ടെത്തുന്നതിനോടൊപ്പം സഹായിക്കാൻ മനസ്സുള്ളവരെയും രാജേഷ് തിരിച്ചറിയുന്നു. വീട് നിർമ്മാണത്തിനായി ആരിൽ നിന്നും പണം സ്വീകരിക്കാറില്ലെന്നും രാജേഷ് പറയുന്നു. ആവശ്യമുള്ള സാധനങ്ങളും സേവനങ്ങളുമാണ് ആളുകളിൽ നിന്നും സ്വീകരിക്കുന്നത്.

പാലിയേറ്റീവ് കെയർ പ്രവർത്തനവുമായി ബന്ധപ്പെട്ടാണ് രാജേഷിന്റെ കാരുണ്യ പ്രവർത്തനം ആരംഭിക്കുന്നത്. പാലിയേറ്റീവ് കെയർ പ്രവർത്തന്തിന്റെ ഭാ​ഗമായി എത്തിയ ഒരു വീട്ടിൽ കിടപ്പു രോ​ഗിയായ മകളെ പണിക്ക് പോലും പോകാൻ കഴിയാതെ പരിചരിക്കുന്ന അമ്മയെയാണ് രാജേഷ് കാണുന്നത്. നിത്യവൃത്തിക്കായി പണിക്ക് പോകുന്ന ദിവസങ്ങളിൽ മൂത്ത കുട്ടി സ്കൂളിൽ പോകാതെ കുഞ്ഞിന് കാവലിരിക്കും. മൂത്ത കുട്ടിയുടെ വിദ്യാഭ്യാസവും അവതാളത്തിലായി. വീടും അതിശോചനീയമായ അവസ്ഥയിലായിരുന്നു. ഇതോടെ ഈ വീട്ടുകാർക്ക് വേണ്ടി എന്ത് ചെയ്യാനാകും എന്ന ചിന്തയിലായി രാജേഷ്. അതോടെ പ്രാഥമികമായി ചോർന്നൊലിക്കുന്ന വീടിുന്റെ മേൽക്കൂര നന്നാക്കാൻ ശ്രമങ്ങളാരംഭിച്ചു. അതിന് പിന്നാലെ വീടിന്റെ അറ്റകുറ്റ പണികളും തീർത്തു. അന്ന് എഡിജിപി സന്ധ്യയാണ് വീടിന്റെ താക്കോൽ ദാന ചടങ്ങ് നിർവഹിച്ചത്.

ആ സംഭവത്തിന് ശേഷം ആവശ്യക്കാർ രാജേഷിനെ സമീപിക്കുകയായിരുന്നു. തന്നെ സമീപിക്കുന്നവരുടെ സഹചര്യം മനസ്സിലാക്കി സഹായം ഏർപ്പാട് ചെയ്യുക എന്നതാണ് രാജേഷിന്റെ രീതി. പതിനൊന്നാമത്തെ വീട് പണിയാനാണ് കൂടുതൽ കാലതാമസം എടുത്തതെന്ന് രാജേഷ് പറയുന്നു. വെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശത്തെ ഒരു പത്താംക്ലാസുകാരിയുടെ വീട്. അച്ഛൻ നന്നേ പ്രായമായ ആളാണ്. രണ്ട് കുട്ടികൾ അടങ്ങിയ കുടുംബത്തിന് വീടുപണി പൂർത്തിയാകാൻ ഒരുവർഷത്തിലേറെ സമയമെടുത്തു എന്നും രാജേഷ് പറയുന്നു.

സർക്കാർ സഹായങ്ങളും ഇത്തരം നിർമ്മാണ പ്രവർത്തനങ്ങൾക്കായി രാജേഷ് പ്രയോജനപ്പെടുത്താറുണ്ട്. എന്നാൽ, സർക്കാർ സഹായങ്ങൾ സ്വീകരിക്കുമ്പോൾ ചില നിയന്ത്രണങ്ങൾ‌ ഉള്ളതിനാൽ മെച്ചപ്പെട്ട സൗകര്യങ്ങളുള്ള വീട് വെക്കുന്നതിന് പരിമിതികൾ ഉണ്ടാകാറുണ്ട്. അത്തരം പരിമിതികളെ അതിജീവിക്കാനും ചില മാർ​ഗങ്ങൾ ഇവർ സ്വീകരിക്കാറുണ്ട്.

വീട് നിർമ്മിച്ച് നൽകുന്നതിൽ ഒതുങ്ങുന്നതല്ല രാജേഷിന്റെ സാമൂഹിക ധർമ്മം. കോവിഡ് കാലത്ത് നിരവധി ആളുകൾക്ക് ഭക്ഷണവും മരുന്നും എത്തിച്ച് നൽകാനും അദ്ദേഹം മുന്നിലുണ്ടായിരുന്നു. ഇപ്പോൾ രാജഷും ഒപ്പമുള്ളവരും ചേർന്ന് ഒരു ചാരിറ്റബിൾ സൊസൈറ്റിയായാണ് പ്രവർത്തിക്കുന്നത്. കനിവിന്റെ തണൽ ഗ്രൂപ്പ് ഓഫ്‌ ചാരിറ്റി എന്നാണ് ഇതിന്റെ പേര്. അതിന്റെ കോർഡിനേറ്ററും രാജേഷാണ്. പാലിയേറ്റിയേറ്റീവ് കെയർ, വസ്ത്രങ്ങൾ, സാനിറ്റൈസർ, ഡെത്ത് ആഫ്റ്റർ സേവനങ്ങളാണ് സംഘം ചെയ്യുന്നത്. ഇതിനും ഒരു സാധനങ്ങളും ഇവർ വിലകൊടുത്ത് വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്നില്ല. സാധനങ്ങൾ സമാഹരിച്ച് ആവശ്യക്കാർക്ക് സൗജന്യമായി നൽകുകയാണ് ചെയ്യുന്നത്.

കുട്ടികൾക്ക് നീന്തൽ പരിശീലനമാണ് രാജേഷിന്റെ നേതൃത്വത്തിൽ നടക്കുന്ന മറ്റൊരു സാമൂഹിക പ്രവർത്തനം. ഇതും സൗജന്യമാണ്. പ്രാദേശിക കൂട്ടായ്മകളുടെ ആഭിമുഖ്യത്തിലാണ് നീന്തൽ പരിശീലനവും സംഘടിപ്പിച്ചിട്ടുള്ളത്. കുട്ടികൾ രക്ഷകർത്താക്കളെയും കൂട്ടിവന്നാൽ മാത്രമേ പരിശിലനം നൽകു. സമയനിഷ്ഠയും പ്രധാനമാണ് എന്നും രാജേഷ് പറയുന്നു.

എല്ലാ കാര്യത്തിനും തന്റെ ഡിപ്പാർട്ട്മെന്റിന്റെയും മേലുദ്യോ​ഗസ്ഥരുടെയും അകമഴിഞ്ഞ പിന്തുണയുണ്ടെന്ന് രാജേഷ് മീഡിയ മം​ഗളത്തോട് പറഞ്ഞു. മേലുദ്യോ​ഗസ്ഥരും സഹപ്രവർത്തകരും നൽകുന്ന പിന്തുണ വളരെ വലുതാണ്. 2020 വർഷത്തെ പ്രശസ്ത സേവനത്തിനുള്ള കേരള മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാമെഡലിനും രാജേഷ് അർഹനായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close